58 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍, ആറ് കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ മുട്ടകളും
കൗതുകമുണര്‍ത്തി ക്രൈസ്റ്റ് കോളജിലെ ജിയോ എക്സ്പോ 2024
പ്രദര്‍ശനത്തിലെ ശ്രദ്ധേയം
- 58 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍
- ആറ് കോടി വര്‍ഷം പഴക്കുമുള്ള ദിനോസറിന്റെ മുട്ടകള്‍
- ദിനോസറിന്റെ മുട്ടകള്‍ക്ക് നാലര കിലോ വരെ ഭാരം
- വിഗ്രഹങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃഷ്ണശില
- വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പ്യുമിസ് കല്ലുകള്‍
- ഭൂമിയുടെ ഉള്ളറകളില്‍ വിവിധ ആഴങ്ങളില്‍ നിന്നുള്ള ശിലകള്‍
- വജ്രം ഉള്‍പ്പടെയുള്ള അപൂര്‍വ രത്നങ്ങളുടെ ശേഖരം
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ അത്ഭുതവും, വിജ്ഞാനവും ഉളവാക്കുന്ന ധാതുക്കളുടെയും ശിലകളുടെയും, രത്നങ്ങളുടെയും ഫോസിലുകളുടേയും വലിയ ശേഖരമാണ് ക്രൈസ്റ്റ് കലാലയത്തിലെ ജിയോളജി ഡിപ്പാര്‍ട്ട്മെന്റ് സംഘടിപ്പിച്ചിട്ടുള്ള ജിയോ എക്സ്പോ 2024 ന്റെ പ്രദര്‍ശനത്തിനുള്ളത്. ഒരു കാലത്ത് ഭൂമി അടക്കി വാണിരുന്ന ദിനോസോറിന്റെ ഫോസിലും അടങ്ങുന്ന വൈവിധ്യങ്ങളുടെ ഒരു കലവറയാണ് ജിയോളജി വകുപ്പിന്റെ എക്സിബിഷന്.
ഗുജറാത്തിലെ ബാലാസിനോര് എന്ന സ്ഥലത്തുനിന്നും ശേഖരിച്ച ഫോസിലുകളാണ് പ്രദര്‍ശനത്തിലുള്ളത്. പണ്ടുകാലത്ത് തീ ഉണ്ടാക്കിയത് എങ്ങനെ ആയിരുന്നു, നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന ഓരോ വസ്തുവും ഏത് ധാതുവില്‍ നിന്നാണ് ഉണ്ടാകുന്നത് അങ്ങനെ നാം അറിയാനും, കാണാനും ആഗ്രഹിക്കുന്ന ഒത്തിരി അല്ഭുതങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
കിണറുകള്‍ക്കും, കുഴല്കിണറുകള്ക്കും ശാസ്ത്രീയമായി സ്ഥാനം നിര്‍ണയിക്കാനുള്ള സാങ്കേതിക വിദ്യ, കുഴല്‍ക്കിണര്‍ നിര്‍മാണത്തിന്റെ ശാസ്ത്രീയമായ പ്രദര്‍ശനം, ഭാരതീയ ഭൂവിജ്ഞാന സര്‍വേ എന്നിവരുടെ സ്റ്റാളുകളും ഈ എക്സിബിഷന്റെ ഭാഗമാണ്. ജിഎസ്ഐയുടെ പ്രവര്‍ത്തനമേഖലയെ കുറിച്ച് വരും തലമുറയില്‍ അവബോധം സൃഷ്ടിക്കാന്‍ ഉതകുന്ന വിധമാണ് പ്രദര്‍ശനം സജ്ജമാക്കിയത്.
ഇന്ത്യയിലും പൊതുവായി കേരളത്തിലും സാധാരണയായി കണ്ടുവരുന്ന ധാതുക്കള്‍, ശിലകള്‍, ഫോസിലുകള്‍, വ്യവസായിക പ്രാധാന്യമുള്ള ധാതുക്കള്‍ എന്നിവ സ്റ്റാളില്‍ ഒരുക്കിയിരുന്നു. കേരളത്തിലെ തീരപ്രദേശ മണല്‍ നിക്ഷേപങ്ങളെ തരംതിരിച്ച് പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. ശിലകളില്‍ നിന്ന് വിവിധ ധാതുക്കളെ തരംതിരിക്കുന്നതിനുള്ള രീതികളെ കുറിച്ച് ജിഎസ്ഐയുടെ കെമിക്കല്‍ ഡിവിഷന് കുട്ടികള്‍ക്കായി പരീക്ഷണങ്ങള്‍ നടത്തി കാണിച്ചു നല്‍കുന്നുണ്ട്.
ഇന്ത്യയില്‍ ലാന്ഡ്സ്ലൈഡിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ജിഎസ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ ഇതു സംബന്ധിച്ച് മാപ്പുകള്‍ പ്രദര്‍ശനിയില്‍ ഉള്‍പെടുത്തിയിരുന്നു. ഇന്ത്യയിലെ ഡെക്കാന്‍ പീഠഭൂമിയില്‍ കാണപ്പെടുന്ന സിയോലൈറ്റ് വിഭാഗത്തിലുള്ള മിനറല്‍സ് വിദ്യാര്‍ഥികളില്‍ ആകര്‍ഷണം ഉളവാക്കി. പൊതു ജനങ്ങള്‍ക്കു വിദ്യാര്‍ഥികള്‍ക്കുമുള്ള പ്രദര്‍ശനത്തിന് ഇന്ന് തിരശീല വീഴും.