വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണം: മന്ത്രി ഡോ.ആര്. ബിന്ദു
കുടുംബശ്രീ തൊഴില്‍മേളയില്‍ അവസരങ്ങള്‍ ലഭിച്ചത് 500 പേര്‍ക്ക്
ഇരിങ്ങാലക്കുട: വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ ആര് ബിന്ദു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന കേരള നോളെജ് ഇക്കോണമി മിഷന് എന്നീ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുട രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച കണക്ട് 2024 തൊഴില്‍മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതു സംരംഭങ്ങള്‍ക്ക് വലിയ പോല്സാഹനമാണ് സര്‍ക്കാര്‍ നല്കി വരുന്നത്. നൂതനമായ ആശയങ്ങള്‍ക്ക് അഞ്ച് ലക്ഷം മുതല്‍ ഇരുപത്തിയഞ്ച് ലക്ഷം വരെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും സഹായം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 18 വയസ്സ് മുതല്‍ 40 വയസ്സു വരെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതക്കനുസരിച്ചുള്ള ജോലി നേടുന്നതിനും, 18 മുതല്‍ 35 വയസ്സ് വരെയുള്ള യുവതി യുവാക്കള്‍ക്ക് സൗജന്യ നൈപുണ്യ പരിശീലനത്തിനുള്ള അവസരവും മേളയില്‍ ഉണ്ടായിരുന്നു.
തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് അദ്ധ്യക്ഷയായ മേളയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് വിശിഷ്ടാഥിതിയായി. കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ഡോ. സലില്‍ യു, കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പറും ആളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ ആര് ജോജോ, ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഷിബിന്‍ സി സി, ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് 1 ചെയര്‍പേഴ്സണ്‍ പി.കെ പുഷ്പവതി, ഇരിഞ്ഞാലക്കുട കുടുംബശ്രീ സിഡിഎസ് 2 ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന്, അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കെ.കെ. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
ഐടി, ബാങ്കിംഗ് & ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ നിരവധി മേഖലകളിലേക്കാണ് തൊഴില്‍മേള സംഘടിപ്പിച്ചത്. 42 തൊഴില്‍ദാതാക്കളും, 1200 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളും പരിപാടിയുടെ ഭാഗമാവുകയും 500 ല്‍ അധികം പേര് ആദ്യഘട്ടം തിരഞ്ഞെടുപ്പില്‍ ഇടം നേടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.