ബൈക്കുകളും സൈക്കിളും ലക്ഷ്യമിട്ടു കുട്ടി മോഷ്ടാക്കള്‍ പെരുകുന്നു
പരാതിയില്ലാത്തതിനാല്‍ സൈക്കിള്‍ മോഷണങ്ങളില്‍ പലതും പുറത്തറിയുന്നില്ല
ഇരിങ്ങാലക്കുട: ബൈക്കുകളും സൈക്കിളും ലക്ഷ്യമിട്ടു കുട്ടി മോഷ്ടാക്കള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം പൂമംഗലം പഞ്ചായത്ത് പരിധിയിലെ ഹാളില്‍ നടന്ന വിവാഹ സത്കാരത്തിനെത്തിയ ആളുടെ ബൈക്കാണ് മോഷണം പോയത്. ബൈക്കില്‍ പെട്രോള്‍ തീരെ കുറവായതിനാല്‍ കുട്ടിമോഷ്ടാവ് ബൈക്ക് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ സത്കാരം കഴിഞ്ഞ് പാര്‍ക്കിംഗ് ഏരിയയില്‍ എത്തിയപ്പോഴാണ് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഉടന്‍ തന്നെ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോഴാണ് കൗമാരപ്രായക്കാരന് ബൈക്ക് എടുത്തു കൊണ്ടു പോയതെന്ന് മനസിലായത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തുമ്പോഴേക്കും നാട്ടുക്കാര് ബൈക്ക് കണ്ടെത്തുകയായിരുന്നു. ബൈക്ക് എടുത്തു ആറു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്തപ്പോഴെക്കും പെട്രോള്‍ കഴിഞ്ഞിരുന്നു. ഇതോടെ ബൈക്ക് റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന ജ്വല്ലറിയുടെ കവറില്‍ പണമോ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ലാതിരുന്നതോടെ വഴിയരികില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഈ കവര്‍ ഉപേക്ഷിച്ചിരുന്നു. മോഷണ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സമാനമായ രീതിയില്‍ സമീപ പ്രദേശങ്ങളില്‍ മോഷണം നടന്നവിവരം പുറത്ത് വന്നത്. രണ്ട് മാസം മുമ്പ് രണ്ട് സൈക്കിളുകള്‍ മോഷണം പോയിരുന്നു. അടുത്ത ദിവസം തന്നെ ഈ സൈക്കിളുകള്‍ കണ്ടെത്തിയിരുന്നു.
ബൈക്ക് കവര്‍ന്ന അതേ സാദൃശ്യമുള്ളയാളാണ് വെള്ളാങ്ങല്ലൂരിലും മറ്റും മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പോലീസ് ഇക്കാര്യം അന്വേഷിച്ചു വരികയാണ്. പരാതി ഇല്ലാത്തതിന് കേസെടുത്തിട്ടില്ല. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി കൗണ്‍സിലിംഗ് നല്‍കണമെന്ന് സ്കൂള്‍ അധികൃതരും പോലീസും അറിയിച്ചു.