കരുതിയിരിക്കുക, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുതേ……ആദ്യം ഫോണ്‍ വിളി, താങ്ങളുടെ പേരില്‍ ക്രൈം കേസുകളുണ്ടെന്നു മുന്നറിയിപ്പ്
കരുതിയിരിക്കുക, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ വീഴരുതേ……
ആദ്യം ഫോണ്‍ വിളി, താങ്ങളുടെ പേരില്‍ ക്രൈം കേസുകളുണ്ടെന്നു മുന്നറിയിപ്പ്
പണം നല്‍കിയില്ലെങ്കില്‍ വീഡിയോ കോളില്‍ അറസ്റ്റ് ഭീഷണി
ഇരിങ്ങാലക്കുട: നിങ്ങളുടെ പേരില്‍ കേസുണ്ട്, പണം നല്കിയാല് അറസ്റ്റ് ഒഴിവാക്കാം. സോഷ്യല്‍ മീഡിയ വഴി പണം തട്ടുന്ന സംഘത്തിന്റെ വിളിയാണിത്. തട്ടിപ്പ് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇല്ലാത്ത അറസ്റ്റില്‍ നിന്ന് മോചിതരാകാന്‍ വന്‍തുക നല്‍കണം. ക്രിമിനല്‍ കേസുണ്ടെന്നും നിങ്ങള്‍ അറസ്റ്റിലാകുമെന്നും വാട്സ് ആപ് കോളില്‍ അറിയിച്ച് പണം തട്ടുന്ന ഓണ്‍ലൈന്‍ മാഫിയയുടെ വെര്‍ച്വല്‍ അറസ്റ്റ് വ്യാപകമാകുന്നു.
മുംബൈ പോലിസെന്നോ ഡല്‍ഹി കസ്റ്റംസെന്നോ മറ്റോ പറഞ്ഞാകും കോള്‍. തിരികെ വീഡിയോ കോള്‍ ചെയ്യുവാന്‍ ആവശ്യപ്പെടും. വിശ്വാസിപ്പിക്കാന്‍ തട്ടിപ്പുകാര്‍ യൂണിഫോമിട്ട് വീഡിയോ കോളില്‍ പ്രത്യേക്ഷപ്പെടാം. കൃത്രിമരേഖകളും വാട്സ്ആപില് അയയ്ക്കും. ഭയപ്പെടുത്തിയും സമ്മര്‍ദ്ദത്തിലാക്കിയും നിര്‍ദ്ദേശിക്കുന്ന അക്കൗണ്ടില്‍ പണമിടുവിക്കുകയോ ബാങ്ക് വിവരം കൈക്കലാക്കി പണം തട്ടുകയോ ചെയ്യുകയാണ് ഇത്തരം സംഘത്തിന്റെ രീതി. ഇരിങ്ങാലക്കുടയില്‍ കഴിഞ്ഞ ദിവസം ഇതുപോലെ പലര്‍ക്കും ഫോണ്‍ വിളികള്‍ വന്നിരുന്നു.
ടെലികോം അഥോറിറ്റിയില്‍ നിന്നാണ് വിളിക്കുന്നതെന്നായിരുന്നു പുല്ലൂര്‍ സ്വദേശിക്ക് വന്ന കോള്‍. നിങ്ങളുടെ ഫോണ്‍ നമ്പറുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്നറിയിച്ചു. മുംബൈ വരെ വരണമെന്നും സാധിക്കില്ലെങ്കില്‍ മറ്റു നടപടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വീഡിയോ കോള്‍ ചെയ്യണമെന്നുമായിരുന്നു നിര്‍ദേശം. തട്ടിപ്പ് മനസിലായ ഇയാള്‍ ഇരിങ്ങാലക്കുട സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.
ലോണ്‍ തരാം, ആധാറും പാന്‍ കാര്‍ഡും വേണം
ലോണ്‍ നല്‍കാമെന്ന് പറഞ്ഞ് മൊബൈല്‍ ഫോണിലേക്ക് ആദ്യം ഒരു എസ്എംഎസ് സന്ദേശം വരും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്കി ലോണിന് അപേക്ഷിക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നത്. ലോണ്‍ ആപ്പ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ വാട്സ് ആപ് സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ എന്നിങ്ങനെ തട്ടിപ്പു സംഘങ്ങളില്‍നിന്നും വരും.
3000 മുതല്‍ ഒരു ലക്ഷം വരെയാണ് ഓണ്‍ലൈന്‍ ആപ്പുകളുടെ വായ്പാ സേവനം. ലോണ്‍ എടുക്കുന്നതോടെ ഫോണിലെ കോണ്ടാക്ട് നമ്പറുകളും ചിത്രങ്ങളും വീഡിയോകളും മറ്റും ഇക്കൂട്ടര്‍ കൈക്കലാക്കും. വായ്പ എടുത്ത പണം തിരിച്ചടക്കാ്! തുടങ്ങുമ്പോഴാണ് സേവനം ആപ്പ് ആയി മാറുന്നത്. 15 ദിവസത്തിനു ശേഷം പലിശ അടച്ച് തുടങ്ങാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പണം കിട്ടി മൂന്നാം ദിവസം മുതല്‍ പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഫോണില്‍ സന്ദേശങ്ങള്‍ വരും.
ആവശ്യപ്പെടുന്ന സമയത്ത് പണം നല്‍കിയില്ലെങ്കില്‍ ഭീഷണി ഉപയോഗിച്ച് തുക ഈടാക്കാന്‍ ശ്രമിക്കും. അല്ലെങ്കില്‍ ബ്ലാക്ക് മെയില്‍ ചെയ്ത് ബന്ധുക്കളെയും ഭീഷണിപ്പെടുത്തും. പറഞ്ഞ തീയതിക്കുള്ളില്‍ തുക മുഴുവനായും തിരിച്ചടച്ചാലും അധിക തുക ആവശ്യപ്പെട്ടുകൊണ്ടിരിക്കും. കൂടുതല്‍ തുക നല്‍കില്ലെന്നു പറഞ്ഞാല്‍ വ്യക്തിഹത്യയും അപകീര്‍ത്തിപ്പെടുത്തലും നടത്തും. പണം അടയ്ക്കാതിരിക്കുന്നതോടെ ഫോണിലെ കോണ്ടാക്ട് നമ്പറുകളിലേക്ക് ലോണെടുത്ത വ്യക്തിയെ അപമാനിക്കുന്ന തരത്തില്‍ സന്ദേശമെത്തും.
ലോണെടുത്തിട്ട് തിരികെ നല്‍കിയില്ലെന്നും പടവും ആധാര്‍കാര്‍ഡും ഇക്കൂട്ടര്‍ അയച്ചുകൊടുക്കുകയും ചെയ്യും. ഫോട്ടോകള്‍ക്കൊപ്പം അനാവശ്യ സന്ദേശങ്ങളും പ്രചരിക്കുന്നതോടെ ബന്ധുക്കളും സുഹൃത്തുക്കളും അകലും. മാത്രവുമല്ല, അപമാനിതനായ വ്യക്തി മാനസികമായി തളരുകയും ചെയ്യും. ഇതാണ് ഓണ്‍ലൈന്‍ വായ്പ്പാ തട്ടിപ്പു സംഘങ്ങളുടെ രീതി. മുന്‍കരുതല്‍ വേണമെന്നാണ് പലീസ് നല്കുന്ന നിര്‍ദേശം.