ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട: ഒളിവിലായിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍. യുവതിയെ ശാരീരിക പീഡനത്തിനിരയാക്കിയ കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരന്‍ വീട്ടില്‍ സോണിയെയാണ് (40) തൃശൂര്‍ റൂറല്‍ എസ്പി നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കുടുംബപ്രശ്നങ്ങിളില് യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാള്‍ നിര്‍ബന്ധിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് കേസ് എടുത്തതോടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു നാട്ടില്‍ നിന്നും മുങ്ങി. പിന്നീട് കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ചു. കുറച്ചു ദിവസം മുന്‍പ് എറണാകുളത്ത് എത്തിയ ശേഷം ഓണ്‍ലൈന്‍ പരസ്യം വഴി ഒരു നിര്‍മ്മാണ കമ്പനിയില്‍ ഡ്രൈവറായി ജോലിക്ക് കയറുകയും ചെയ്തു.
എന്നാല്‍ പോലീസ് ഇയാളുടെ ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചു രഹസ്യമായി അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഇന്നലെ രാവിലെ തൃക്കാക്കരയില്‍ വച്ചു ഇയാള്‍ ഓടിച്ചിരുന്ന വാഹനം തടഞ്ഞാണ് പിടികൂടിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട ഇന്‍സ്പക്ടര്‍ അനീഷ്കരീം, എഎസ്ഐ കെ.വി. ഉമേഷ്, സീനിയര്‍ സിപിഒ മാരായ ഇ.എസ്. ജീവന്, രാഹുല്‍ അമ്പാടന്‍, സിപിഒ കെഎസ്. ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.