എയ്റോബിക്സ് നൃത്ത ചുവടുകളുമായി മന്ത്രി; ഒപ്പം പ്രിന്സിപ്പലും മൂവായിരത്തോളം വിദ്യാര്ഥികളും
ഏഷ്യന് റെക്കോര്ഡ് സ്വന്തമാക്കി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്
ഇരിങ്ങാലക്കുട: ഒരു പെണ് കലാലയം മുഴുവന് നൃത്ത മയം….ഇളം നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മൂവായിരത്തോളം പെണ്കുട്ടികള് പാട്ടിനൊപ്പം ഒരേപോലെ ചുവടു വയ്ക്കുന്നു. പഠിച്ച കലാലയത്തില് വിദ്യാഭ്യാസ മന്ത്രിയും കുട്ടികള്ക്കൊപ്പം ചുവടുവെച്ചു. അധ്യാപകരും അനധ്യാപകരും പ്രിന്സിപ്പലും മാനേജരും അവര്ക്കൊപ്പം അതേ ചുവടുകളുമായി കൂടെ… ഉദ്ഘാടന വേളയില് പറത്തിവിട്ട വര്ണ നിറമുള്ള ഹൈഡ്രജന് ബലൂണുകള്ക്കു പോലും കാറ്റിലൊരു ലാസ്യനൃത്ത ഭാവം…. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ആരോഗ്യ സംരക്ഷണ സംരംഭമായ ഫിറ്റ് ഫോര് ലൈഫിന്റെ ഉദ്ഘാടന ചടങ്ങിലാണ് നൃത്ത ചാരുത നിറച്ച് എയ്റോബിക്സ് മെഗാ പെര്ഫോമന്സ് അരങ്ങേറിയത്.
ഈ കലാലയത്തിലെ ഫൈന് ആര്ട്സ് സെക്രട്ടറിയും യൂണിവേഴ്സിറ്റി യൂണിയന് കൗണ്സിലറുമായിരുന്നു മന്ത്രി ഡോ. ആര്. ബിന്ദു. ഈ വേറിട്ട ദൃശ്യവിരുന്നിന്റെ പേരില് യുആര്എഫ് ഏഷ്യന് റെക്കോര്ഡ് സ്വന്തമാക്കി ചരിത്ര നിമിഷത്തിലേക്കാണ് കലാലയം ചുവടുവെച്ചത്. വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും പ്രാദേശിക സമൂഹത്തിനും സമഗ്രമായ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഫിറ്റ് ഫോര് ലൈഫിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹിക വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു. കോളജ് മാനേജര് സിസ്റ്റര് ട്രീസ ജോസ് അധ്യക്ഷത വഹിച്ചു.
പ്രിന്ഡസിപ്പല് സിസ്റ്റര് ഡോ. ബ്ലെസി, കോ ഓര്ഡിനേറ്റര് ഡോ. സ്റ്റാലിന് റാഫേല്, എസ്ബിഐ തൃശൂര് റീജിയേണല് ഓഫീസര് ആര്. രഞ്ജിനി, പിടിഎ വൈസ് പ്രസിഡന്റ് പി.എന്. ഗോപകുമാര്, നഗരസഭ കൗണ്സിലര് ഫെനി എബിന് വെള്ളാനിക്കാരന്, കോളജ് ചെയര്പേഴ്സണ് ഗായത്രി മനോജ് എന്നിവര് സംസാരിച്ചു. കോളജ് ഒരുക്കിയ എയ്റോബിക്സ് മത്സരത്തില് ഗണിതശാസ്ത്ര ഡിപ്പാര്ട്ട്മെന്റ് ഒന്നാം സ്ഥാനവും സെല്ഫ് ഫിനാന്സിംഗ് ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് രണ്ടാം സ്ഥാനവും ബിബിഎ ഡിപ്പാര്ട്ട്മെന്റ് മൂന്നാം സ്ഥാനവും നേടി. വിവിധ തരം ചാലഞ്ച് ഗെയിമുകള്, ഫൂഡ് ഫെസ്റ്റ്, ഇലയില് ഊണ്, മത്സരങ്ങള് തുടങ്ങി അനുബന്ധ പരിപാടികളും കോളജില് ഒരുക്കിയിരുന്നു.
സ്വയംഭരണ സ്ഥാപനങ്ങളോട് ചേര്ന്ന് ഫിറ്റ്നസ് പാര്ക്കുകള് മന്ത്രി ഡോ. ആര്.ബിന്ദു
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്വയംഭരണ സ്ഥാപനങ്ങളോട് ചേര്ന്ന് ഫിറ്റ്നസ് പാര്ക്കുകള് എന്ന ആശയത്തിലൂന്നി പ്രൊജക്ട് സമര്പ്പിച്ച ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിന് റാഫേലിന്റ ആവശ്യം അംഗീകരിച്ച് ഫിറ്റ്നസ് പാര്ക്കുകള് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഫിറ്റ് ഫോര് ലൈഫ് എന്ന സെന്റ് ജോസഫ്സ് കോളജിന്റെ ആരോഗ്യ സംരംഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോളജിന് എംഎല്എ ഫണ്ടില് നിന്ന് എല്ഇഡിവോള് വാങ്ങാനുള്ള ഫണ്ടും മന്ത്രി അനുവദിച്ചു.
ആരോഗ്യ സംസ്കാരം സൃഷ്ടിക്കാനാണ് ലക്ഷ്യം സിസ്റ്റര് ഡോ. ബ്ലെസി (പ്രിന്സിപ്പല്)
വ്യക്തിപരവും കൂട്ടായതുമായ വളര്ച്ചയെ പരിപോഷിപ്പിക്കുന്ന ഒരു ആരോഗ്യ സംസ്കാരം സൃഷ്ടിക്കാനാണ് ലക്ഷ്യം. ജനുവരി 2025 വരെ നീണ്ടുനില്ക്കുന്ന വിവിധ പരിപാടികളാണ് ഫിറ്റ് ഫോര് ലൈഫ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ സംബന്ധമായ വര്ക്ക് ഷോപ്പുകള്, സെമിനാറുകള്, ഫിറ്റ്നസ് പ്രോഗ്രാമുകള്, ഫിറ്റ്നസ് ചലഞ്ച് ഗെയിമുകള്, മെഡിക്കല് ചെക്കപ്പുകള്, ഫിറ്റ്നസ് ഡാന്സ് പ്രോഗ്രാമുകള്, മത്സരങ്ങള്, ബോധവല്ക്കരണ പരിപാടികള് തുടങങി നിരവധി ആരോഗ്യ കേന്ദ്രീകൃത പ്രവര്ത്തനങ്ങളിലൂടെ ശാരീരിക ക്ഷമത, മാനസിക ക്ഷേമം, സന്തുലിത ജീവിതശൈലി എന്നിവയുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.