ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ കൂടി ലക്ഷ്യം ആവുമ്പോഴാണ് പൂര്ണ ഫലപ്രാപ്തിയില് എത്തുക: മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഭിന്നശേഷി ശാക്തീകരണം സമൂഹത്തിന്റെ കൂടി ലക്ഷ്യം ആവുമ്പോഴാണ് പൂര്ണ ഫലപ്രാപ്തിയില് എത്തുക എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തില് നടത്തുന്ന സവിഷ്കാര 24 ഭിന്നശേഷി കലാസംഗമത്തില് സംസാരിക്കുകയായിരുന്നു മന്ത്രി.
മുപ്പത്തഞ്ചോളം സ്കൂളുകളില് നിന്നും ആറ് ജില്ലകളില് നിന്നും ആയിരത്തോളം ഭിന്നശേഷി വിദ്യാര്ഥികള്ക്കായി കലാ സംഗമത്തിലൂടെ വേദിയൊരുക്കുകയാണ് തവനിഷ്. തവനിഷ് സ്റ്റാഫ് കോ ഓര്ഡിനേറ്റര് മുവിഷ് മുരളി സ്വാഗതം ആശംസിച്ച ചടങ്ങില് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ് മന്ത്രി ഡോ. ആര്. ബിന്ദു സവിഷ്കാര എട്ടാം പതിപ്പിന്റെ ഉദ്ഘാടനം നിര്വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ് അധ്യക്ഷത വഹിച്ചു.
കൊടുങ്ങല്ലൂര് പി. ഭാസ്കരന് മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്കൂള് അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലിപ്സി മുഖ്യ അതിഥിയായിരുന്നു. തവനിഷ് സ്റ്റാഫ് കോ ഓര്ഡിനേറ്റര് അസിസ്റ്റന്റ് പ്രഫ. മുവിഷ് മുരളി, റീജ യൂജീന്, ഡോ. സുബിന് ജോസ്, അസിസ്റ്റന്റ് പ്രഫ. തൗഫീഖ്, അസിസ്റ്റന്റ് പ്രഫ. പ്രിയ, അസിസ്റ്റന്റ് പ്രഫ. അഖില്, തവനിഷ്, സ്റ്റുഡന്റ് പ്രസിഡന്റ് ആരോണ്, സ്റ്റുഡന്റ് സെക്രട്ടറി സജില്, ട്രഷറി അക്ഷര എന്നിവര് നേതൃത്വം നല്കി.