കൂടല്‍മാണിക്യം; ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി
രാപ്പാളില്‍ ആറാട്ടിനായി ഭഗവാന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന് ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില് കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി. കൊടിമരത്തിന്റെയവിടെ എട്ട് ഭാഗത്തും തൂവി ധ്വജത്തെ സാക്ഷിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക് കടന്നു. വാദ്യഘോഷങ്ങളോടെ കൂടപ്പുഴ ആറ്ട്ട് കടവിലേക്ക് രാവിലെ ഒമ്പതരയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി.

വടകുറുമ്പകാവ് ദുര്‍ഗാദാസന്‍ തിടമ്പേറ്റി. ഉച്ചക്ക് ഒരു മണിക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തുന്നു. തുടര്‍ന്ന് ആറാട്ട് കഞ്ഞി വിതരണം നടക്കും. തന്ത്രിയും മേല്‍ശാന്തിയും കൂടി ചേര്‍ന്നാണ് ഭഗവാന്റെ ആറാട്ട് നടത്തുക. വൈകീട്ട് അഞ്ചിന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പ്രഗത്ഭ വാദ്യകലാകാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം ആരംഭിക്കും. തൃപ്രയാര്‍ രമേശന് മാരാര്‍ ആണ് മേള പ്രമാണി. തിരിച്ചെഴുന്നള്ളുന്നതിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിക്കും. അഞ്ചാനകളോടെയുള്ള പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയാല്‍ ചെമ്പട വക കൊട്ടി പാണ്ടിമേളം ആരംഭിക്കും.
പെരുവനം ശങ്കരനാരായണ മാരാര്‍ പാണ്ടിമേളത്തിന് നേതൃത്വം നല്‍കും. ക്ഷേത്രം കിഴക്കേ നടയില്‍ പാണ്ടി അവസാനിപ്പിച്ച് രൂപകം കൊട്ടി ക്ഷേത്രത്തില്‍ കടന്ന് പഞ്ചാരിമേളത്തോടെ പ്രദക്ഷിണം നടത്തുന്നു. അകത്ത് കടന്നാല്‍ ബാക്കി 12 പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കല്‍ പറ നടത്തുന്നു. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിക്കുന്നു. ഇതോടെ പത്തു ദിവസം നീണ്ടുനിന്ന ക്ഷേത്രോത്സവം സമാപിക്കും. ശ്രീകൃഷ്ണഭഗവാന് ദ്വാരകയില്‍ വച്ച് പൂജിച്ചിരുന്ന ശ്രീരാമഭരത ലക്ഷ്മണ ശത്രുഘ്ന വിഗ്രഹങ്ങള്‍ കടല്‍തീരത്ത് കാണപ്പെട്ടത് നമ്മുടെ നാല് നദീകരകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്.
ഇതില്‍ തൃപ്രയാറും മൂഴിക്കുളത്തുമുള്ള നദികള്‍ മാത്രമേ യഥാസ്ഥാനത്തുള്ളൂ. ഇരിങ്ങാല്കുടയിലെയും പായമ്മല്‍ ശത്രുഘ്ന ക്ഷേത്രപരിസരത്തുമുണ്ടായിരുന്ന നദികള്‍ ഒരു കാലത്തുണ്ടായ ഭൂചലനത്തില്‍ ഗതിമാറിയൊഴുകി. ഇവിടെയുണ്ടായിരുന്ന നദികള്‍ ഗതിമാറിയൊഴുകിയുണ്ടായതാണ് ചാലക്കുടിയിലെ കൂടപ്പുഴയും കുറുമാലിപ്പുഴയുമെന്നാണ് വിശ്വാസം. ഈ വിശ്വാസത്തിലാണ് ഇരിങ്ങാലക്കുട കൂടല്‍മാണിക്യ സംഗമേശ്വരന് ഈ രണ്ടു നദികളിലായി ഓരോ വര്‍ഷവും മാറി മാറി ആറാട്ട് നടത്തുന്നതെന്ന് ഐതിഹ്യം.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ത്തു
പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം, അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
ജനവാസമേഖലയില്‍ കള്ളുഷാപ്പ്; ജനകീയ സമിതി പ്രതിഷേധ സമരം
കൂടല്‍മാണിക്യം ഉത്സവം, ശ്രീരാമ പട്ടാഭിഷേകം ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മായികലോകം സൃഷ്ടിച്ചു
കൂടല്‍മാണിക്യ ക്ഷേത്രോല്‍സവത്തില്‍ പള്ളിവേട്ടയുടെ ഭാഗമായി ആല്‍ത്തറയ്ക്കല്‍ ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് മുളയത്ത് സത്യന് അമ്പെയ്യുന്നു
ദീപാലങ്കാരമത്സരം, രാജീവ്ഗാന്ധി മന്ദിരം ഒന്നാം സ്ഥാനം