ഷണ്മുഖം കനാല്‍ സംരക്ഷണഭിത്തി ഇടിഞ്ഞത് മണ്ണിന്റെ ഉറപ്പില്ലായ്മ മൂലം-ജലസേചന വകുപ്പ്
എടക്കുളം: പൂമംഗലം-പടിയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്ത് ഷണ്മുഖം കനാലിന്റെ പാര്‍ശ്വഭിത്തി മൂന്നിടത്തായി ഇടിഞ്ഞുതാഴ്ന്നത് മണ്ണിന്റെ ഉറപ്പില്ലായ്മ മൂലമാണെന്നു ജലസേചനവകുപ്പ്. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോട് നല്കിയ പരാതിയിലാണു അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മറുപടി നല്‍കിയത്. കനാലിന്റെ പൂമംഗലം ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഭാഗത്ത് വടക്കേ ബണ്ടിന്റെ സംരക്ഷണ ഭിത്തിയാണു 2020 ഫെബ്രുവരിയില്‍ മൂന്നിടത്ത് ഇടിഞ്ഞു താഴ്ന്നത്. നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴായിരുന്നു ഇത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പടിയൂര്‍-പൂമംഗലം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥലത്ത് കൊടികുത്തുകയും ചെയ്തിരുന്നു. കനാലിന്റെ താഴത്തെ ചെളിമണ്ണ് നീക്കം ചെയ്യാതെ സംരക്ഷണഭിത്തി നിര്‍മിച്ചതുകൊണ്ടാണു അരികുകള്‍ ഇടിയുന്നതെന്നായിരുന്നു ബിജെപി ആരോപിച്ചിരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തി 2017 ലാണു ഏഴുകോടി രൂപ ചെലവഴിച്ച് കനാല്‍ നവീകരണം ആരംഭിച്ചത്. എന്നാല്‍, ഫൗണ്ടേഷന് വര്‍ക്ക് നടക്കുന്നതിനിടെ അരികിടിഞ്ഞു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് മണ്ണ് പരിശോധനയ്ക്കുശേഷം നവീകരണം പുനരാരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനുവരിയില്‍ മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിച്ച് കെഇആര്‍ഐ പീച്ചിയില്‍ പരിശോധനയ്ക്കെത്തിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സംരക്ഷണഭിത്തിയുടെ പുനര്‍നിര്‍മാണത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മറുപടിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍, സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനു മുമ്പേ മണ്ണ് പരിശോധന നടത്താതിരുന്നതാണു ചെളി നീക്കിയപ്പോള്‍ തകരാന്‍ കാരണമായതെന്നു ഷിയാസ് പറഞ്ഞു. ഇതിനെതിരേ വിജിലന്‍സ് കോടതിയെ സമീപിക്കുമെന്നും ഷിയാസ് പാളയംകോട് പറഞ്ഞു.