വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മയെ ഏറ്റെടുക്കാന്‍ മക്കള്‍ക്ക് ഉത്തരവ് നല്കി
മൂന്ന് ആണ്മക്കളുണ്ടായിട്ടും 82 വയസുള്ള മാതാവ് കഴിഞ്ഞ മൂന്ന് മാസത്തോളം വൃദ്ധസദനത്തില്‍ കഴിയേണ്ടി വന്നു
ഇരിങ്ങാലക്കുട: വൃദ്ധസദനത്തില്‍ കഴിയുന്ന അമ്മയെ ഏറ്റെടുക്കാന്‍ മക്കള്‍ക്ക് ഉത്തരവ് നല്കി ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ഓഫീസര്‍ എം.കെ. ഷാജി ഉത്തരവ് പുറപ്പെടുവിച്ചു. മൂന്ന് ആണ്മക്കളുണ്ടായിട്ടും വ്യദ്ധസദനത്തില് കഴിയേണ്ടി വന്ന 82 വയസുള്ള മാതാവിന്റെ പരാതി പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിധവയും വയോധികയുമായ ചാലക്കുടി സ്വദേശിയായ മാതാവ് കഴിഞ്ഞ മൂന്ന് മാസത്തോളമായി വൃദ്ധസദനത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ഭര്‍ത്താവിന്റെ മരണ പത്രപ്രകാരം ലഭിച്ച 32 1/2 സെന്റ് സ്ഥലത്തെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ഈ അമ്മയെ വൃദ്ധസദനത്തില്‍ എത്തിച്ചത്. മൂന്നു ആണ്മക്കള് ഉണ്ടായിട്ടും സ്വത്ത് തങ്ങളുടെ പേരില്‍ എഴുതിനല്കിയാല് മാത്രമേ മാതാവിനെ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു മൂത്ത രണ്ടു മക്കളുടെയും വാദം. എന്നാല്‍ ഭര്‍ത്താവിന്റെ പേരിലുണ്ടായിരുന്ന മറ്റു സ്വത്തുക്കള്‍ മൂന്നു മക്കള്‍ക്കും വീതം വെച്ച് നല്കിയിട്ടുള്ളതുമാണ്. ഹര്‍ജിക്കാരിയായ വൃദ്ധമാതാവിന്റെ പേരിലുള്ള വീട് വാടകയ്ക്ക് നല്കിയിട്ടുള്ളതും ആയതിന് ലഭിക്കുന്ന വാടകത്തുകയായ 14000 രൂപയും ഇളയമകന് അഞ്ച് വര്‍ഷത്തോളമായി കൈപ്പറ്റിവരികയുമാണ്. പത്ത് വര്‍ഷത്തോളമായി മക്കള്‍ സംരക്ഷിക്കുന്നില്ല, താമസിക്കുവാന്‍ വീടില്ല, മാസം മക്കളില്‍ നിന്നും ചെലവിന് തുക ലഭിക്കണം എന്ന ആവശ്യങ്ങളുമായാണ് മാതാവ് ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണലിനെ സമീപിച്ചത്. പരാതിയില്‍ വിചാരണ നടത്തിയ വേളയില്‍ തനിക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടില്‍ താമസിക്കാന്‍ ആഗ്രഹമുണ്ടെന്നും, മക്കള്‍ തന്നെ സംരക്ഷിക്കണമെന്നും, ജീവിത ചെലവുകള്‍ക്കും മരുന്നിനുമായി മക്കളില്‍ നിന്നും ജീവനാംശം ലഭിക്കണം സമാധാനപരമായി ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും മാതാവ് സങ്കടത്തോടെ മെയിന്റനന്‍സ് ട്രൈബ്യുണലിനെ അറിയിച്ചു. നിരാലംബയും മുതിര്‍ന്ന പൗരയുമായ അമ്മയുടെ പരാതിയില്‍ മറ്റു മക്കള്‍ നാട്ടില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഇളയമകന് മാതാവിനെ വൃദ്ധസദനത്തില്‍ നിന്നും രണ്ട് ദിവസത്തിനകം കൂട്ടിക്കൊണ്ടുവന്നു സംരക്ഷിക്കണമെന്നും, ഹര്‍ജിക്കാരിയ്ക്ക് അവകാശപ്പെട്ട തറവാട്ടുവീട്ടില്‍ നിന്നും രണ്ടു മാസത്തിനകം വാടകക്കാരെ ഒഴിപ്പിച്ച് മാതാവിന് താമസസൗകര്യം ഒരുക്കണമന്നും ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യുണല്‍ ആന്‍ഡ് റവന്യു ഡിവിഷണല്‍ ഓഫീസര്‍ എം.കെ. ഷാജി ഉത്തരവിടുകയായിരുന്നു. കൂടാതെ മൂന്നു മക്കളില്‍ ഓരോരുത്തരും 1500 രൂപ വീതം സ്വന്തം അമ്മയുടെ സംരക്ഷണ ചെലവിനായി നല്‍കണമെന്നും മെയിന്റനന്‍സ് ട്രൈബ്യുണല്‍ വിധിച്ചു.