സംഗമേശ നഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി
ഇരിങ്ങാലക്കുട: സംഗമേശ നഗരിയെ ഉത്സവാവേശത്തിലാഴ്ത്തി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിനു കൊടിയേറി. വൈഷ്ണവ മന്ത്രധ്വനികളാല് ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ താന്ത്രികചടങ്ങുകള്‍ നടന്നു. പാണിയും തിമിലയും ചേങ്ങിലയുംചേര്ന്ന് സൃഷ്ടിച്ച നാദലയത്തില് ക്ഷേത്രം തന്ത്രി നകരമണ്ണ് ഋഷികേഷ് നമ്പൂതിരിയാണു കൊടിയേറ്റം നിര്‍വഹിച്ചത്.നൂറുകണക്കിനു ഭക്തജനങ്ങളും ദേവസ്വം ഭാരവാഹികളും സാക്ഷിയായി. ശ്രീകോവിലില്‍നിന്ന് പൂജിച്ചുകൊണ്ടുവന്ന കൊടിക്കൂറയും മണിയും മാലയും കൊടിമരച്ചുവട്ടില്‍വച്ച് കൊടിമരത്തിനു പൂജ ചെയ്താണ് കൊടിയേറ്റം നിര്‍വഹിച്ചത്. പഞ്ചാരിമേളത്തിന്റെയും ആനകളുടെയും കലകളുടെയും പത്തുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിനാണ് ഇതോടെ തുടക്കമായത്. കൊടിയേറിയതോടെ ക്ഷേത്രകലകള്‍ക്ക് തുടക്കമിട്ട് കൂത്തമ്പലത്തില്‍ മിഴാവിന്റെ നാദം ഉയര്‍ന്നു. അമ്മന്നൂര്‍ കുടുംബത്തില്‍നിന്നുള്ള അംഗം സൂത്രധാര കൂത്ത് നടത്തി. വില്വട്ടത്ത് നങ്ങ്യാര്‍മഠം കുടുംബാഗം നങ്ങാര്കൂത്ത് നടത്തി. തുടര്‍ന്ന് കൊരമ്പ് മൃദംഗകളരിയിലെ കുട്ടികളുടെ മൃദംഗമേള അരങ്ങേറി.
ശ്രീകോവിലില്‍നിന്ന് ഭഗവാന് ആദ്യമായി പുറത്തേയ്ക്കെഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ഇന്ന് ആഘോഷിക്കും. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍നിന്ന് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് മാതൃക്കല്‍ ദര്‍ശനത്തിനായി ശ്രീകോവിലിന്റെ തെക്കുഭാഗത്ത് സപ്തമാതൃക്കള്‍ക്കരികെ ഇരുത്തും. ഈ സമയത്ത് ഭക്തര്‍ക്ക് ഭഗവാനെ വണങ്ങാന്‍ അവസരംലഭിക്കും. തുടര്‍ന്ന് ഭഗവദ് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് ആനയുടെ പുറത്തേറ്റി എഴുന്നള്ളിക്കും. രണ്ടാനകളുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കും. അഞ്ചാംപ്രദക്ഷിണത്തില് വിളക്കാചാരം എന്ന ചടങ്ങ് നടക്കും. കൊടിപ്പുറത്ത് വിളക്കും വലിയ വിളക്കുമടക്കം എട്ടു വിളക്കുകളും എട്ടു ശീവേലിയും നാലുമണിക്കൂര്‍വീതം നീണ്ടുനില്‍ക്കുന്ന 16 പഞ്ചാരിമേളങ്ങളും വിളക്കിനും ശീവേലിക്കും ഒരുപോലെ എഴുന്നള്ളിക്കുന്ന 17 ഗജവീരന്മാരും കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.
കൊടിപ്പുറത്ത് വിളക്ക് ദിവസം (ഏപ്രില്‍ 22)
കൂടല്‍മാണിക്യം ഉത്സവം; ഇനി കലകള്‍ പൂക്കും കാലം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൃത്തയിനങ്ങള്‍ പത്തുദിവസത്തെ ഉത്സവ കലാപരിപാടികളിലുണ്ട്. പ്രശസ്ത കലാകാരന്മാരുടെ പരിപാടികള്‍ക്കു പുറെ പ്രാദേശിക കലാകാരന്മാരും കലാകാരികളും പരിപാടികള്‍ അവതരിപ്പിക്കും.
കൂടല്‍മാണിക്യത്തില്‍ ഇന്ന് (22.04.2023)
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 4.30 വരെ തിരുവാതിരക്കളി, 4.30 മുതല്‍ 5.15 വരെ അജയ് കെ.കൈപ്പമംഗലത്തിന്റെ അഷ്ടപദി, 5.15 മുതല്‍ 5.45 വരെ വിയ്യൂര്‍ മണലാറുകാവ് ശ്രീരുദ്ര കലാക്ഷേത്രത്തിന്റെ ശാസ്ത്രീയനൃത്തം, 5.45 മുതല്‍ 6.15 വരെ ഗോപിക വേണുഗോപാലും അശ്വനി കൃഷ്ണയും അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.
(കിഴക്കേ നടപ്പുരയില്‍)
രാവിലെ ഒമ്പതിന് സമ്പ്രദായഭജന, 6.15 മുതല്‍ 6.35 വരെ ശ്രേയ ശെല്‍വകുമാറിന്റെ ശാസ്ത്രീയനൃത്തം, ഏഴുമുതല്‍ എട്ടുവരെ സാംസ്കാരികസമ്മേളനം, എട്ടുമുതല്‍ വെള്ളാങ്കല്ലൂര്‍ ചിലമ്പൊലി നൃത്താലയത്തിന്റെ നൃത്തനൃത്യങ്ങള്‍, ഒമ്പതുമുതല്‍ മുംബൈ പ്രേംകുമാര്‍ ടി.മേനോന്റെ ഭക്തിഗാനനിശ, 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് കലാമണ്ഡലം ശിവദാസ് പ്രമാണംവഹിക്കും.
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.45 വരെ തിരുവാതിരക്കളി, 3.45 മുതല്‍ 4.30 വരെ ഇരിങ്ങാലക്കുട ശ്രുതിലയ മ്യൂസിക് അക്കാദമിയുടെ ഭക്തിഗാനമഞ്ജരി, 4.30 മുതല്‍ അഞ്ചു വരെ പി.എസ്. നക്ഷത്രയുടെ സംഗീതാര്‍ച്ചന, അഞ്ചുമുതല്‍ 5.45വരെ ഇരിങ്ങാലക്കുട മാണിക്യശ്രീ ഭജന്‍സിന്റെ ഭക്തിഗാനമേള, 5.45 മുതല്‍ 6.45 വരെ അടാട്ട് ബാലാമണി മോഹന്‍ദാസും ടീമും അവതരിപ്പിക്കുന്ന കര്‍ണാടക സംഗീതം, 6.45 മുതല്‍ 7.45 വരെ തൃശൂര്‍ നന്ദനം ഋഷികേശിന്റെ വയലിന് കച്ചേരി, 7.45 മുതല്‍ രാത്രി 8.15 വരെ ഡോ. ശ്രീലക്ഷ്മി ലക്ഷ്മണന്റെ മോഹിനിയാട്ടം, 8.15 മുതല്‍ 9.15 വരെ സിങ്കപ്പൂര്‍ അഷ്മിത ജയപ്രകാശിന്റെ ഭരതനാട്യം, രാത്രി 9.15 മുതല്‍ 10.15 വരെ ചെന്നൈ ശ്രീദേവി എസ്.കുമാറിന്റെ ഭരതനാട്യം, 12ന് കഥകളി- ലവണാസുരവധം, ദക്ഷയാഗം.