ഊരകം വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്ര ദേവാലയത്തില്‍ തിരുനാളിന് കൊടികയറി
ഊരകം: വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ഥകേന്ദ്ര ദേവാലയത്തില്‍ തിരുനാളിന് കൊടികയറി. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ തിരുനാളിന്റെ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അമ്പുതിരുനാള്‍ 20, 21 തിയതികളിലും നേര്‍ച്ച ഊട്ടുതിരുനാള് 28 നും ആഘോഷിക്കും. 20 ന് രാവിലെ 6.30 ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത് കാര്‍മികനായിരിക്കും. തുടര്‍ന്ന് കൂടുതുറക്കല്, പന്തലിലേക്ക് രൂപം എഴുന്നള്ളിപ്പ്, അമ്പ്, വള വെഞ്ചിരിപ്പ്. ഉച്ചകഴിഞ്ഞ് മൂന്നിന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ച് രാത്രി ഒമ്പതിന് പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് ബാന്‍ഡ് കലാകാരന്മാര് ഒരുക്കുന്ന ഗംഭീര ബാന്‍ഡ് വാദ്യം. തിരുനാള്‍ദിനമായ 21 ന് രാവിലെ 6.30 ന് ദിവ്യബലി, 9.30 ന് പ്രസുദേന്തിവാഴ്ച തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ. വിനില്‍ കുരിശുതറ സിഎംഎഫ് കാര്‍മികനായിരിക്കും. ഫാ. സെബാസ്റ്റ്യന്‍ പഞ്ഞിക്കാരന്‍ സന്ദേശം നല്‍കും. ഫാ. ഗ്ലെസിന് പയസ് കൂള ഒഎഫ്എം സഹകാര്‍മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് നാലിന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം. വൈകീട്ട് ഏഴിന് പ്രദക്ഷിണം സമാപനം, ആശീര്‍വാദം, തിരുശേഷിപ്പ് വന്ദനം, പുല്ലൂര്‍ വാദ്യകലാകേന്ദ്രത്തിന്റെ തിരുമുറ്റമേളം, വര്‍ണമഴ, ബാന്ഡ്ചെണ്ട ഫ്യൂഷന്‍ എന്നിവ ഉണ്ടായിരിക്കും. പൂര്‍വികരുടെ സ്മരണദിനമായ 22 ന് രാവിലെ 6.30 ന് ദിവ്യബലി, സെമിത്തേരിയില്‍ പൊതുഒപ്പീസ്. 28 ന് നേര്‍ച്ചയൂട്ട് തിരുനാള്‍ ദിനത്തില്‍ രാവിലെ 6.45ന് ദിവ്യബലി, പ്രദക്ഷിണം എന്നിവയ്ക്ക് ഫാ. ജോജോ അരിക്കാടന്‍ സിഎംഐ കാര്‍മികനായിരിക്കും. എട്ടിന് നേര്‍ച്ചയൂട്ട് ആശീര്‍വാദം. 10 ന് ദിവ്യബലി. മെയ് നാലിന് രാവിലെ എട്ടിന് ആദ്യകുര്‍ബാന സ്വീകരണവും അഞ്ചിന് വൈകീട്ട് 5.30 ന് ഇടവകദിനവും മതബോധനവാര്ഷികവും നടക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാസന്ധ്യ. വിവിധ പരിപാടികള്‍ക്ക് വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, കൈക്കാരന്മാരായ കൂള കൊച്ചാപ്പു ജോണ്സണ്, പൊഴോലിപറമ്പില്‍ പത്രോസ് ജോണ്സണ്, തൊമ്മാന ഈനാശു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.