പി.കെ. ചാത്തന് മാസ്റ്ററുടെ 36ാം ചരമ വാര്‍ഷിക ദിനാചരണം 22 ന്
ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും കെപിഎംഎസ് സംഘടനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ 36ാം ചരമ വാര്‍ഷിക ദിനാചരണം 22 ന്
ഇരിങ്ങാലക്കുട: കേരളനിയമസഭയിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ചാത്തന് മാസ്റ്ററുടെ 36ാം ചരമ വാര്‍ഷിക ദിനാചരണം 22 ന് നടക്കും. 1957 ല്‍ കേരള സംസ്ഥാനത്ത് രഹസ്യബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യസര്‍ക്കാരിന്റെ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെയും ഹരിജനക്ഷേമ വകുപ്പിന്റെയും മന്ത്രിയായിരുന്നു പി.കെ. ചാത്തന് മാസ്റ്റര്‍. 1923 ഒക്ടോബര്‍ എട്ടിന് ഇരിങ്ങാലക്കുടക്കടുത്ത് മാടായിക്കോണത്തായിരുന്നു ജനനം. പയ്യാപ്പിള്ളി കാവാലന്റെയും ചക്കിയുടെയും മൂന്നാമത്തെ മകനായിരുന്നു. മാപ്രാണം ലോവര്‍ പ്രൈമറി സ്കൂളിലും പിന്നീട് ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ബോയ്സ് ഹൈസ്കൂളിലുമാണ് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. 1937 ല്‍ ഉപരിപഠനത്തിനായി എറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്നു. കൊച്ചി പ്രജാസഭയിലെ അംഗമായിരുന്ന കെ.പി. വള്ളുവന് ആയിരുന്നു ഇവിടത്തെ ഹരിജന്‍ ഹോസ്റ്റലിന്റെ വാര്ഡന്. ഹോസ്റ്റലില്‍ റൂം ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന പി.കെ. ചാത്തന് മാസ്റ്ററെ വാര്‍ഡനായ കെ.പി. വള്ളുവന് തന്റെ സ്വന്തം റൂമില്‍ താമസിപ്പിക്കുകയാണ്ടുണ്ടായത്. സമസ്ത കൊച്ചിപുലയ മഹാസഭയുടെ നേതാവും കൂടിയായിരുന്ന കെ.പി. വള്ളുവനുമായി ഇതോടെ സൗഹൃദത്തിലാവുകയായിരുന്നു. ഈ സൗഹൃദം പിന്നീട് പി.കെ. ചാത്തന് മാസ്റ്ററെ സംഘടനാരംഗത്ത് വളര്‍ത്തിയെടുക്കുകയും നേതൃത്വനിരയിലേക്ക് കൊണ്ടുവരുകയും ചെയ്തു. 1940 ല്‍ കെ.പി. വള്ളുവന് മരണപ്പെട്ടതോടെ സമസ്ത കൊച്ചി പുലയ മഹാസഭയുടെ നേതൃത്വം പി.കെ. ചാത്തന് മാസ്റ്ററുടെ കൈകളിലായി. ഇതിനിടയില്‍ കുറുമ്പിലാവ് ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂളില്‍ അധ്യാപകനായി മാറി പി.കെ. ചാത്തന് മാസ്റ്റര്‍. പുലയ വിഭാഗക്കാരുടെ നവോഥാനത്തിനായി ഉദ്യോഗം പോലും രാജിവെച്ച് മുഴുവന്‍ സമയം ഇതിനായി ചെലവഴിച്ചു.
സമരമുഖങ്ങളിലൂടെ
അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വഴി നടക്കുന്നതിനുള്ള അവകാശത്തിനായി ഇരിങ്ങാലക്കുടയില്‍ നടന്ന കുട്ടന്‍കുളം സമരത്തിന് നേതൃത്വം നല്‍കിയതോടെ സമരമുഖത്തേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. എസ്എന്‍ഡിപിയും എന്‍എസ്എസിലെ പുരോഗമനവാദികളും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ നടന്ന സമരത്തില്‍ പി.കെ. ചാത്തന്മാസ്റ്റര് അറസ്റ്റ് വരിച്ചിട്ടുണ്ട്. കരുവന്നര്‍ മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികള്‍ പണിമുടക്ക് നടത്തിയപ്പോള്‍ പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി പട്ടിണിജാഥ നടത്തുകയും കര്‍ഷകരില്‍ നിന്നും ഉത്പന്നങ്ങള്‍ ശേഖരിച്ച് ഒരുമാസക്കാലം നീണ്ടു നിന്ന സമരത്തിന് പിന്തുണ നല്കി വിജയിപ്പിക്കുവാന്‍ നേതൃത്വം നല്കിയതും പി.കെ. ചാത്തന്മാസ്റ്ററായിരുന്നു. ഇതോടെയായിരുന്നു പൊതുരംഗത്തേക്കുള്ള രംഗപ്രവേശനം. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി.
പ്രഥമ പ്രസിഡന്റും പിന്നീട് മന്ത്രിയുമായി
1953 ല്‍ നിലവില്‍ വന്ന പൊറത്തിശേരി പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായി പി.കെ. ചാത്തന്‍മാസ്റ്ററെ തെരഞ്ഞെടുക്കുകയും ചെയ്തു. 1957 ല്‍ ചാലക്കുടി ദ്വയാംഗമണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെയും ഹരിജനക്ഷേമവകുപ്പിന്റെയും മന്ത്രിയായത്. ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു ഈ മന്ത്രിസഭയിലെ മുഖ്യമന്ത്രി. 1967 മുതല്‍ കേരളത്തിലെ അയ്യങ്കാളി പോരാട്ടങ്ങളെ തുടര്‍ന്ന് പുലയരുടെ കൂട്ടായ്മ ഏകോപിപ്പിക്കുന്നതിനുവേണ്ടി പുലയ ഏകോപനസമിതി രൂപീകരിച്ചത് ഇദ്ദേഹമാണ്. 1970 ല്‍ കെപിഎംഎസിന് രൂപം നല്കി ഈ സംഘടനയുടെ പ്രഥമ ്രസിഡന്റാവുകയും ചെയ്തു. 1988 വരെ ഈ പ്രസ്ഥാനത്തില്‍ പ്രസിഡന്റായും ജനറല്‍ സെക്രട്ടറിയായും മാറിമാറി സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു. 1980 ല്‍ തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളിയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കുന്നതിനു പിന്നില്‍ പി.കെ. ചാത്തന്മാസ്റ്ററുടെ പരിശ്രമം വളരെ വലുതാണ്. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടിലെ പുലയന് പരാമര്‍ശം നീക്കുന്നതിനുവേണ്ടി 1982 ല്‍ രാജ്ഭവന് മാര്‍ച്ചിന് നേതൃത്വം നല്കിയതും 1985 ല്‍ പുലയര്‍ക്കുവേണ്ടി കേന്ദ്ര ആഭ്യന്തരവകുപ്പിനെതിരെ നടന്ന സമരത്തിന് നേതൃത്വം നല്കിയതും ഇദ്ദേഹമാണ്. 1986 ല്‍ പട്ടികജാതി പട്ടികവര്‍ഗ സംയുക്തസമിതിക്ക് രൂപം നല്‍കിയത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമാണ്. കേരള പുലയര്‍ മഹാസഭയെ പൊരുതുന്നവരുടെ പ്രസ്ഥാനമാക്കാനും അവകാശ സംരക്ഷണ വേദിയാക്കി മാറ്റാനും ജീവിതാന്ത്യം വരെ പോരാടിയ വ്യക്തിയാണിദ്ദേഹം. 1988 ഏപ്രില്‍ 22 നായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.
അനുസ്മരണം 22 ന്
പി.കെ. ചാത്തന് മാസ്റ്ററുടെ 36 മത് അനുസ്മരണം സംസ്ഥാന വ്യാപകമായി 22 ന് വിപുലമായി ആചരിക്കും. മുഴുവന്‍ ശാഖ, യൂണിയന് കേന്ദ്രങ്ങളിലും രാവിലെ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടക്കും. മാപ്രാണം കുഴിക്കാ്ടുകോണത്തെ സ്മൃതി മണ്ഡപത്തില്‍ രാവിലെ 8.30 ന് നടക്കുന്ന അനുസ്മരണത്തില്‍ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് ഉള്‍പ്പടെ സംഘടന ഭാരവാഹികളും യൂണിയന്, ശാഖ നേതാക്കളും ഉള്‍പ്പടെ നൂറുകണക്കിന് സഭാ പ്രവര്‍ത്തകരും പങ്കെടുക്കും. പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടക്കും.