കൂടല്‍മാണിക്യം ക്ഷേത്രോല്‍സവം; കണ്ണുകള്‍ക്ക് ആനന്ദമായി തീര്‍ഥക്കര പ്രദക്ഷിണം
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; അപൂര്‍വ കാഴ്ചയായി തീര്‍ഥക്കര പ്രദക്ഷിണം
ഇരിങ്ങാലക്കുട: ഭക്തര്‍ക്കും ഉത്സവപ്രേമികള്‍ക്കും അപൂര്‍വ കാഴ്ചയാകുന്നു തീര്‍ഥക്കര പ്രദക്ഷിണം. കുലീപിനി തീര്ഥക്കരയിലൂടെ ചെമ്പട കൊട്ടി മേളത്തോടൊപ്പം വരിവരിയായി ആനകള്‍ നടന്നുപോകുന്നത് കലാസ്വാദകരുടെ കണ്ണിന് കുളിര്മയേകുന്ന കാഴ്ചയാണ്. കൂടല്‍മാണിക്യം ക്ഷേത്രോത്സവം രൂപകല്പനചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന കൊച്ചിരാജാവ് ശക്തന്തമ്പുരാന് തീര്‍ഥക്കര പ്രദക്ഷിണം കാണാന്‍ വലിയ തമ്പുരാന് കോവിലകത്തിന്റെ പടിഞ്ഞാറേ ഇറയത്ത് നില്ക്കാറുള്ളതായും പറയപ്പെടുന്നു. സ്വര്‍ണനെറ്റിപ്പട്ടങ്ങളും വെള്ളിച്ചമയങ്ങളുമണിഞ്ഞ 17 ഗജവീരന്മാര് തീര്ഥക്കരയിലൂടെ വരിവരിയായി കിഴക്കേ നടയിലേക്ക് എഴുന്നള്ളിക്കുന്ന രംഗം കേരളക്കരയില്‍ മറ്റൊരിടത്തും ഉണ്ടാകാറില്ല.
കൂടല്‍മാണിക്യത്തിലെ കഥകളി ഇവര്‍ക്ക് കുടുംബകാര്യം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ തെക്കേനടയില്‍ താമസിക്കുന്ന കലാനിലയം രാഘവനും മക്കള്‍ക്കും കഥകളി കുടുംബകാര്യമാണ്. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറുമ്പോള്‍ ഭരതനായി അരങ്ങിലെത്തുന്നത് കലാനിലയം രാഘവനാണ്. കൂടല്‍മാണിക്യ ക്ഷേത്രപ്രതിഷ്ഠ ഭരതനായതിനാല് തനിക്ക് ലഭിച്ചിരിക്കുന്ന മഹാഭാഗ്യം കൂടിയാണ് ഭരതന്റെ വേഷമെന്ന് രാഘവനാശാന് പറയുന്നു. പാദുകം സിംഹാസനത്തില്‍വച്ച് ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്റെ പ്രതിപുരുഷനായി ഭരണംനടത്തുന്ന ഭരതന് 14 വര്‍ഷത്തെ വനവാസത്തിനുശേഷം ജ്യേഷ്ഠന് തിരിച്ചെത്തുമ്പോള്‍ ആനന്ദാശ്രുക്കള്പൊഴിച്ച് സ്വീകരിക്കുന്ന രംഗം കഥകളി പ്രേമികളുടെ മനസിലെ മായാത്ത ഏടാണ്. ഇതിനെയാണ് കലാനിലയം രാഘവന് സാര്‍ഥകമാക്കുന്നത്. ഗുരുനാഥനായിരുന്ന കലാമണ്ഡലം കരുണാകരന് ആയിരുന്നു ഈ വേഷം ഇതിനുമുമ്പ് ചെയ്തിരുന്നത്. 1998ല്‍ കരുണാകരനാശാന്റെ മരണത്തിനുശേഷമാണ് കലാനിലയം രാഘവന് ഭരതന്റെ വേഷം കെട്ടുന്നത്. കഴിഞ്ഞ 54 വര്‍ഷമായി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കഥകളിയിലെ വേഷങ്ങളില്‍ രാഘവനുണ്ട്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിലെ ആദ്യ വിദ്യാര്‍ഥി, പിന്നീട് അധ്യാപകന്, പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ച കലാനിലയം രാഘവന് ഇരിങ്ങാലക്കുട കഥകളി പാരമ്പര്യത്തിന്റെ മുതിര്‍ന്ന കണ്ണിയാണ്. മകന ഡോ. രാജീവാണ് നാളെ നടക്കുന്ന സന്താനഗോപാലം കഥകളിയില്‍ കൃഷ്ണന്റെ വേഷമിടുന്നത്. ചികിത്സയുടെ തിരക്കുകള്‍ക്കിടയില്‍ തിരുവനന്തപുരം ആര്‍സിസിയിലെ ക്ലിനിക്കല്‍ ഓങ്കോളജി അസി. പ്രഫസറായ ഡോക്ടര്‍ കഥകളിക്ക് വേഷമിടാന്‍ ഇന്ന് വൈകീട്ടോടെ ഇരിങ്ങാലക്കുടയിലെത്തും. പ്രശസ്തനായ ഹരികഥാ കലാകാരിയായിരുന്നു ഡോക്ടറുടെ അമ്മ ആനിക്കാട് സരസ്വതിയമ്മ. കാലടി ആദിശങ്കരകോളജിലെ അസിസ്റ്റന്റ് പ്രഫസറായ സഹോദരി കെ.ആര്. ജയന്തി ഇന്നലെ നടന്ന ദുര്യോധനവധം കഥകളിയില്‍ പാഞ്ചാലിയുടെ വേഷമിട്ടു. വലിയവിളക്ക് ദിവസം നടക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളിയില്‍ കലാനിലയം രാഘവന് ഭരതന്റെ വേഷമിടുമ്പോള്‍ ചെറുമകനും കെ.ആര്. ജയന്തിയുടെ മകനുമായ ഋഷികേഷ് ശത്രുഘ്നന്റെ വേഷമിടുന്നുണ്ട്. രാഘവന്റെ മകളായ ജയശ്രീയുടെ ഭര്‍ത്താവ് കലാനിലയം ഗോപി കഴിഞ്ഞദിവസം നടന്ന ലവണാസുരവധം കഥകളിയില്‍ ഹനുമാന്റെ വേഷമിട്ടിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ വലിയവിളക്ക് അവസാനിക്കുന്നതോടെ എട്ട് കഥകളി രാവുകള്‍ക്ക് സമാപനംകുറിക്കുന്ന ശ്രീരാമപട്ടാഭിഷേകം കഥകളി അരങ്ങേറും.
ആറാംഉത്സവം (ഏപ്രില്‍ 27)
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി, രാത്രി 9.30 മുതല്‍ വിളക്ക്. പഞ്ചാരിമേളത്തിന് പെരുവനം സതീശന് മാരാര്‍ പ്രമാണംവഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.30 വരെ തിരുവാതിരക്കളി, 4.30 മുതല്‍ 5.30 വരെ താണിശേരി അയിനിക്കാട്ട് മഹാവിഷ്ണുക്ഷേത്രത്തിന്റെ ഭജന, 5.30 മുതല്‍ 6.30 വരെ കാലടി ഭാവയാമി ടീമിന്റെ ശാസ്ത്രീയനൃത്തം, 6.30 മുതല്‍ 7.30 വരെ ഇരിങ്ങാലക്കുട കളരിസംഘം മഹാത്മ കലാക്ഷേത്രയുടെ കളരിപ്പയറ്റ്, 7.30 മുതല്‍ രാത്രി ഒമ്പതുവരെ സിനി ആര്‍ട്ടിസ്റ്റ് ആശ ശരത്തിന്റെ നൃത്തനൃത്യങ്ങള്‍, രാത്രി ഒമ്പതുമുതല്‍ 10 വരെ എറണാകുളം നടരാജ കലാക്ഷേത്രം രഞ്ജിനി മനോജിന്റെ ഭരതനാട്യം.
സംഗമം വേദിയില്‍
ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 3.30 വരെ തിരുവാതിരക്കളി, 3.30 മുതല്‍ 4.15 വരെ അമൃത കെ. മേനോന്റെ സംഗീതക്കച്ചേരി, 4.15 മുതല്‍ 4.45 വരെ സംഗീത ഹരിയുടെ ഭരതനാട്യം, 4.45മുതല്‍ ആറുവരെ കലാമണ്ഡലം നാരായണന് എമ്പ്രാന്തിരിയുടെ കഥകളി സംഗീതം, ആറുമുതല്‍ 6.45 വരെ ബംഗളൂരു മീര മനോജിന്റെ ഭരതനാട്യം, 6.45 മുതല്‍ 7.30 വരെ സിങ്കപ്പൂര്‍ ദേവിക മേനോന്റെ ഭരതനാട്യം, 7.30 മുതല്‍ രാത്രി 8.15 വരെ അഞ്ജന ആനന്ദിന്റെ കുച്ചുപ്പുഡി, രാത്രി 8.15 മുതല്‍ 9.15 വരെ കലാമണ്ഡലം പ്രഷീജ ഗോപിനാഥിന്റെ മോഹിനിയാട്ടം, 9.15 മുതല്‍ 10.15 വരെ ദുബായ് വിമ്മി ഭഗവതീശ്വറിന്റെ കുച്ചുപ്പുടി. രാത്രി 12ന് കഥകളി – ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ മേളപ്പദം, നളചരിതം നാലാംദിവസം.