കലാകാരന് ജാതി ചിന്തകള്‍ പാടില്ലെന്നും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കുകയും എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പറയുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ നടക്കില്ല-മന്ത്രി ഗണേഷ്കുമാര്
ഇരിങ്ങാലക്കുട: കലാകാരന് ജാതി ചിന്ത പാടില്ലെന്നും ഹിന്ദുവാണെന്ന് പറയുകയും ഇതര മതസ്ഥര്‍ക്ക് ദോഷകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുന്നതും ശരിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്. തൃശൂര്‍ ലോക്സഭാമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം എല്‍ഡിഎഫ് പൊറത്തിശേരി മേഖല കമ്മിറ്റിയുടെ നേത്യത്വത്തില്‍ കണ്ടാരംത്തറ മൈതാനിയില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമ കാണാന്‍ എല്ലാവരും വരണമെന്ന് പറയുന്ന ബിജെപി സ്ഥാനാര്‍ഥി താന്‍ ഹിന്ദുവാണെന്നാണ് പറയുന്നത്. ഇയാളുടെ ചിത്രങ്ങള്‍ ഹിന്ദുക്കള്‍ മാത്രം കണ്ടാല്‍ മതിയോ? എകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ട് ഇഫ്താര്‍ വിരുന്നിന് പോയതിനെ താന്‍ കളിയാക്കിയെന്നാണ് ഇയാളുടെ വിഷമം. ബോധമുള്ള എല്ലാവരും ഇയാളെ ഇതിന്റെ പേരില്‍ പരിഹസിച്ചതാണ്. പൗരത്വത്തിന്റെയും സിവില്‍കോഡിന്റെയും കാര്യം പറയുകയും രണ്ട് വഞ്ചിയില്‍ ചവിട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്ന തട്ടിപ്പ് കേരളത്തില്‍ നടക്കില്ല. സിനിമാ രംഗത്ത് നടന് ഇന്നസെന്റിനെ പോലെ എല്ലാവരും നിഷ്കളങ്കരല്ല. നാട്ടുകാരുടെ മുന്നിലുള്ള അഭിനയം ബിജെപി സ്ഥാനാര്‍ഥി നിറുത്തണം. ചാരിറ്റി എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കരുത്. വേണ്ടി വന്നാല്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വിടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇത് മനസ്സിലാക്കണമെന്നും ഗണേഷ്കുമാര് പറഞ്ഞു. കോണ്‍ഗ്രസ് പിളര്‍ത്തി ഡിഐസിയും പിന്നീട് എന്‍സിപിയിലും ചേര്‍ന്ന് ഒടുവില്‍ കാല് പിടിച്ച് കോണ്‍ഗ്രസില്‍ തിരിച്ച് എത്തിയ കക്ഷിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ഒരേ തൂവല്‍പക്ഷികളാണ് യുഡിഎഫും ബിജെപിയും. ബിജെപിയെ ഭയന്നാണ് കോണ്ഗ്രസുകാരന് ജീവിക്കുന്നത്. വയനാട് മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ലീഗ് അണികള്‍ എന്നും മന്ത്രി ഗണേഷ്കുമാര് പറഞ്ഞു. യോഗത്തില്‍ പൊറത്തിശേരി മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ കെ.യു. അരുണന്, എല്‍ഡിഎഫ് നേതാക്കളായ വി.എ. മനോജ് കുമാര്‍, ടി.കെ. സുധീഷ്, പി. മണി, ടി.കെ. വര്‍ഗീസ്, അഡ്വ. പി.ജെ. ജോബി, എം.ബി. രാജു മാസ്റ്റര്‍, ഗിരീഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആര്.എല്‍. ശ്രീലാല്‍, ജനപ്രതിനിധികളായ അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, ജിഷ ജോബി, എ.എസ്. സഞ്ജയ് തുടങ്ങിയവര്‍ പങ്കെടുത്തു.