നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആല്‍ത്തറയില്‍ പള്ളിവേട്ട നടത്തി
ഇരിങ്ങാലക്കുട: നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ആല്‍ത്തറയില്‍ പള്ളിവേട്ട നടത്തി. തിന്മയുടെ പ്രതീകമായ ദുഷ്ടമൃഗത്തെ വേട്ടയാടി നശിപ്പിക്കുന്നതിനാണ് ഭഗവാന് പള്ളിവേട്ടയ്ക്കെഴുന്നള്ളുന്നതെന്നാണ് വിശ്വാസം. രാത്രി എട്ടരയോടെ കൊടിമരച്ചുവട്ടില്‍ പാരമ്പര്യ അടിയന്തിര മാരാരായ വടക്കൂട്ട് മാരാത്ത് രവീന്ദ്രമാരാര്‍ വലിയ പാണി കൊട്ടി, ഭഗവാന് പുറത്തേക്ക് എഴുന്നള്ളി. ചമയങ്ങളെ ചങ്ങലകളോ ഇല്ലാതെ അഞ്ചാനകളുടെ അകമ്പടിയോടെയാണ് ഭഗവാന് എഴുന്നള്ളിയത്. കുട്ടന്‍കുളങ്ങര അര്ജുനന് തിടമ്പേറ്റി. കിഴക്കേ ഗോപുരകവാടം കടന്നതോടെ ആചാരത്തിന്റെ ഭാഗമായി പോലീസ് സേന റോയല്‍ സല്യൂട്ട് നല്കി. ആളുകളെ വഴിമാറ്റി ഭഗവാന് വഴിയൊരുക്കാന്‍ നെറ്റിപ്പട്ടവും തലേക്കെട്ടും ഇല്ലാത്ത ഒരാന മുന്പില് പോയി. പിന്നാലെ കിഴക്കേഗോപുര ദ്വാരത്തിലും ഗോപുരത്തോട് ചേര്‍ന്നുള്ള ആല്തറയിലും ഹവിസ് തൂകി തന്ത്രിയും പരികര്‍മികളും പരിവാരസമേതം ആല്‍ത്തറയിലേക്ക് നടന്നു. അതിനു പിറകിലായി അഞ്ച് ആനകളോടെ ഭഗവാന് നിശബ്ദമായിട്ടാണ് ആല്‍ത്തറയിലേക്ക് എഴുന്നളളിയത്. ആല്‍ത്തറയ്ക്കലെത്തി ബലി തൂകിയശേഷം ഒരുക്കിവെച്ചിരുന്ന പന്നിക്കോലത്തില് പാരമ്പര്യ അവകാശികളായ മുളയത്ത് വീട്ടിലെ ഇപ്പോഴത്തെ കാരണവര്‍ നാരായണന്‍കുട്ടി നായര്‍ അമ്പെയ്ത് വീഴ്ത്തി. 40-മത്തെ വര്‍ഷമാണ് നാരായണന് നായര്‍ ഭഗവാനുവേണ്ടി പള്ളിവേട്ട നടത്തുന്നത്. മുളയത്ത് കൃഷ്ണന്‍കുട്ടി മേനോന് സഹായിയായി. അമ്പെയ്ത ശേഷംകൊറ്റയില് തറവാട്ടിലെ പ്രതിനിധി രാമചന്ദ്രന് പന്നിയുടെ രൂപം തലയില്‍വെച്ച് ക്ഷേത്രത്തിലലേയ്ക്ക് ആനയിച്ചു. പള്ളിവേട്ടയ്ക്കുശേഷം അഞ്ച് ആനകളെ അണിനിരത്തി പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാന് തിരിച്ചെഴുന്നള്ളി. പഞ്ചവാദ്യത്തിന് തൃപ്രയാര്‍ രമേശന് മാരാര്‍ പ്രാമണം വഹിച്ചു. കുട്ടംകുളം പന്തലില്‍ പഞ്ചവാദ്യം അവസാനിപ്പിച്ച് പാണ്ടിമേളം ആരംഭിച്ചു. പാണ്ടിമേളത്തിന് മൂര്‍ക്കനാട് ദിനേശന് വാര്യര്‍ പ്രമണം വഹിച്ചു. ക്ഷേത്ര നടക്കല്‍ മേളം അവസാനിപ്പിച്ച് തൃപുടകൊട്ടി ഭഗവാന് അകത്തേക്ക് പ്രവേശിച്ച് പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിടമ്പ് അകത്തേക്ക് നയിച്ച് പൂജയ്ക്കുശേഷം പള്ളിക്കുറിപ്പ് ചടങ്ങ് നടന്നു.
കണ്ണഞ്ചിപ്പിക്കും വഴക്കവുമായി കിണ്ണംകളി
ഇരിങ്ങാലക്കുട: വര്‍ഷങ്ങള്‍ക്കുശേഷം കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കിണ്ണംകളി അരങ്ങേറി. ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള സംഗമം വേദിയിലാണ് കിണ്ണംകളി സോപാനസംഗീതകലാകാരി ആശാ സുരേഷും സംഘവും അവതരിപ്പിച്ചത്. തിരുവാതിരയുടെ വകഭേദമായ കിണ്ണംകളി കാണാന്‍ ആയിരങ്ങളാണ് ക്ഷേത്രാങ്കണത്തിലെത്തിയത്. തിരുവാതിരയോടൊപ്പം തന്നെ ചില സ്ഥലങ്ങളില്‍ അവതരിപ്പിച്ചിരുന്ന കിണ്ണംകളിയെന്ന കലാരൂപം ഒന്നരമാസം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് ഇരിങ്ങാലക്കുട സ്വദേശിനികളായ ഈ കലാകാരികള്‍ അരങ്ങിലെത്തിച്ചത്. സാധാരണ ഓട്ടുകിണ്ണമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവിടെ സ്റ്റീല്‍കൊണ്ടുള്ള കിണ്ണമാണ് ഇവര്‍ ഉപയോഗിച്ചത്. ഇരുകൈകളിലും ഉള്ളംകൈയില്‍ പാത്രംവെച്ച് അത് കൈയില്‍നിന്ന് തെന്നിപോകുകയോ താഴെ വീഴുകയോ ചെയ്യാതെ പിഴയ്ക്കാത്ത ചുവടുകളോടെ വേണം നൃത്തം അവതരിപ്പിക്കാന്‍.
കൂടല്‍മാണിക്യം സ്വാമിക്ക് ഇന്ന് ആറാട്ട്
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപ്തികുറിച്ചുള്ള ആറാട്ടിനായി ഭഗവാന് ഇന്ന് ചാലക്കടി കൂടപ്പുഴ ആറാട്ടു കടവിലേക്ക് എഴുന്നള്ളും. ഉച്ചയ്ക്ക് ഒന്നോടെയാണ് ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ മണ്ഡപത്തില്‍ പള്ളിക്കുറിപ്പില്നിന്ന് മംഗളനാദത്തോടും ശംഖനാദത്തോടെയും വിളിച്ചുണര്‍ത്തി പശുവിനെ കണികാണിച്ച് പ്രഭാതകര്‍മങ്ങള്‍ക്കു ശേഷം പുതിയ പട്ടുടയാടകളണിയിച്ച് തിരുവാഭരണവും ചന്ദനവും ചാര്‍ത്തും. പാണി കൊട്ടി പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണംകൊണ്ട് ശ്രീ ഭൂതബലി നടത്തി, വലിയ പാണികൊട്ടി ആനപ്പുറത്ത് കയറി മേളത്തോടെ ഒരു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി മതില്‍ക്കെട്ടിന് പുറത്തേക്കെഴുന്നള്ളും. കിഴക്കേ ഗോപുരത്തിന് സമീപമുള്ള ആല്‍ത്തറയില്‍ ബലി തൂകി നാദസ്വരത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ആറാട്ടിനായി പുറപ്പെടും. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി കൂടല്‍മാണിക്യ സ്വാമിക്ക് പോലീസ് റോയല്‍ സല്യൂട്ട് നല്‍കും. വൈകീട്ട് 5 ന് ആറാട്ട് കടവില്‍ നിന്ന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് 7.30 ന് ഠാണ ജംഗ്ഷനില്‍ നിന്നും പഞ്ചാരിമേളത്തോടെ സ്വീകരിക്കുകയും ആല്‍ത്തറയില്‍ നിന്നും പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനില്‍ നിന്നും പണ്ടിമേളത്തോടെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കുന്നു. തുടര്‍ന്ന് കൊടിക്കല്‍പറ, കാണിയ്ക്ക. വഴിയോരങ്ങളില്‍ ഭക്തജനങ്ങള്‍ ഭക്ത്യാദരവോടെ നിലവിളിക്കുകള് കത്തിച്ചും പറകള്‍ നിറച്ചും ഭഗവാനെ വരവേല്‍ക്കും. പഞ്ചവാദ്യത്തിന് പല്ലാവൂര്‍ ശ്രീധരന് മാരാരും പാണ്ടിമേളത്തിന് രാജീവ് വാര്യരും നേതൃത്വം നല്‍കും.