പുളിക്കലച്ചിറ പാലം പുനര്‍നിര്‍മാണത്തിന് കരാറായില്ല:കരാറെടുക്കാന്‍ ആളായപ്പോള് തടസം പെരാമാറ്റച്ചട്ടം
പായമ്മല്‍: പുളിക്കല്‍ചിറ പാലം പുനര്‍നിര്‍മാണത്തിന് ഇനിയും കാത്തിരിക്കണം. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ പൊതുമരാമത്തുവകുപ്പിന് കരാര്‍ ഒപ്പിടാന്‍ സാധിക്കാത്തതാണ് പാലം നിര്‍മാണത്തിന് തിരിച്ചടിയായത്. പടിയൂര്‍- പൂംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പഴയ പാലം പൊളിച്ചാണ് പൂതിയ പാലം നിര്‍മിക്കുന്നത്. ഭരണാനുമതിക്കു പിന്നാലെ സാങ്കേതികാനുമതിയും ലഭിച്ച 1.62 കോടി രൂപയുടെ പുതിയ പാലത്തിന് രണ്ടുതവണ ടെണ്ടര്‍ വിളിച്ചെങ്കിലും ആരുമെടുകാനില്ലാതിരുന്നതിനാല് മൂന്നാമത്തെ തവണ ടെണ്ടര്‍ വിളിച്ചപ്പോഴാണ് ഒരാള്‍ പങ്കെടുത്തത്. എന്നാല്‍, ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്ക്്് സമര്‍പ്പിച്ചതിനുശേഷമേ സാങ്കേതികാനുമതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാവൂവെന്ന് സര്‍ക്കാര്‍ പൊതുമരാമത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താത്കാലിക റോഡിനായി പൊതുമരാമത്തുവകുപ്പ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം വന്നത് തടസമായി. താത്കാലിക റോഡിന് അനുമതി ലഭിച്ച് കരാര്‍ ഒപ്പിട്ടാല്‍ മാത്രമേ പാലം നിര്‍മാണം ആരംഭിക്കാന്‍ കഴിയു. ഇപ്പോഴത്തെ നിലയില്‍ മഴയ്ക്കുമുമ്പേ പാലംപണി തുടങ്ങാന്‍ കഴിയുമോയെന്ന കാര്യം ആശങ്കയിലാണ്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍- പുമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്.
2018-ലും 19-ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ വീതി കുറവുമൂലം വെള്ളം തടഞ്ഞുനിന്ന് പ്രദേശത്തെ മുഴുവന്‍ വെള്ള കെട്ടിലാഴ്ത്തിയിരുന്നു, നാലമ്പല തീര്‍ഥാടനകാലത്ത് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഭക്തരുടെ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് ഇതുവഴിയാണ്.