എഴുപതോളം മോഷണകേസുകളിലെ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയില്‍
എഴുപതോളം മോഷണകേസുകളിലെ പ്രതി ഇരിങ്ങാലക്കുട പോലീസിന്റെ പിടിയില്‍;
കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ പ്രതി നടത്തിയത് 37 ഓളം മോഷണങ്ങള്‍
ഇരിങ്ങാലക്കുട : എഴുപതോളം മോഷണകേസുകളിലെ പ്രതിയായ കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മന്‍സിലില്‍ റഫീഖ് എന്ന സതീഷിനെ (42 ) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ പതിനെട്ടാം തിയ്യതി ചേര്‍പ്പ് സി.എന്‍എന്‍ സ്കൂള്‍ കുത്തിത്തുറന്ന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും സി.സി.ടി.വി ഉപകരണങ്ങളും മോഷ്ടിച്ച കേസിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റഫീഖ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ നവംബര്‍ മാസം മുതല്‍ മുപ്പത്തേഴോളം മോഷണങ്ങള്‍ ചെയ്തതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇനിയും മോഷണങ്ങള്‍ ചെയ്തിട്ടുള്ളതായി സംശയമുണ്ട്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു. ഇടുക്കി, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം സെന്‍ട്രല്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ട്. പകല്‍ സമയത്ത് മാന്യമായ വസ്ത്രങ്ങള്‍ ധരിച്ച് ബസ്സുകളില്‍ സഞ്ചരിച്ചാണ് ഇയാള്‍ മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ ഇയാള്‍ കണ്ടെത്തുന്നത്. രാത്രി പറമ്പുകളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും ഒളിച്ചിരുന്ന് പുലര്‍ച്ചയോടെയാണ് മോഷണം നടത്തുന്നതെന്നും ഒരേ ദിവസം തന്നെ പല കേന്ദ്രങ്ങളില്‍ മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
എം.സി. കുഞ്ഞിമോയിന്‍കുട്ടി, ഇന്‍സ്പെക്ടര്‍ വി.എസ്.വിനീഷ്, എസ്.ഐ. എസ് ശ്രീലാല്‍, ടി.എ.റാഫേല്‍, സീനിയര്‍ സി.പി.ഒ മാരായ പി.എ.സരസപ്പന്‍ , ഇഎസ്.ജീവന്, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.സുനില്‍കുമാര്‍ , എം.യു.ഫൈസല്‍ ചാലക്കുടി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. സതീശന് മടപ്പാട്ടില്‍ സീനിയര്‍ സിപിഒ മാരായ എം.ജെ.ബിനു, ഷിജോ തോമസ്, സൈബര്‍ സെല്‍ സി.പി.ഒ കെ.വി.പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പകല്‍ എക്സിക്യൂട്ടീവ് വേഷം രാത്രി വേഷ പ്രശ്ചന്നനായെത്തി മോഷണം
പകല്‍ സമയങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ച് ബസ്സുകളില്‍ സഞ്ചരിച്ചാണ് മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ കണ്ടെത്തുന്നത്. ഇരുട്ടുന്നതോടെ ഒഴിഞ്ഞ പറമ്പിലും ആള്‍താമസമില്ലാത്ത കെട്ടിടങ്ങളിലും പതുങ്ങിയിരിക്കും. പുലര്‍ച്ചയോടെ പാക് ആക്സ്, കമ്പിപ്പാര ഇവയുമായെത്തിയാണ് മോഷണം നടത്തുക. വസ്തങ്ങള്‍ ഊരി വച്ച് മോഷണ്തിനായി വേഷ പ്രശ്ചന്നനാകും. ഒരേ ദിവസം തന്നെ നിരവധി മോഷണങ്ങള്‍ നടത്തും. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തി ഈ പരിസരങ്ങളില്‍ തന്നെ മോഷണം നടത്തും. വാഹനങ്ങളുടെ ലൈറ്റോ ശബ്ദമോ കേട്ടാല്‍ ഇരുട്ടില്‍ പതുങ്ങി ജാഗ്രത കാട്ടിയിരുന്നെങ്കിലും പോലീസ് സംഘത്തിന്റെ സമര്‍ത്ഥമായ അന്വേഷണത്തില്‍ പ്രതി പിടിയിലാവുകയായിരുന്നു. പിടിയിലാകുമ്പോള്‍ വിലപിടിപ്പുള്ള വസ്ത്രങ്ങളും കൂളിംഗ് ഗ്ലാസ്സും ആഭരണങ്ങളും അണിഞ്ഞ് പത്രാസിലായിരുന്നു പ്രതി.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മോഷ്ടടാവ് കൊട്ടാരക്കര മേലില സ്വദേശി ഷെഫീഖ് മന്‍സിലില്‍ റെഫീഖ് എന്ന സതീഷ്(43) ചില്ലറക്കരാനല്ലെന്ന് പോലീസ്. 70 മോഷണക്കോസുകളില് പ്രതിയായ ഇയാള്‍ നവംബര്‍ 15ന് തിരുവന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയശേഷം 40ലേറെ മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി നിരവധി മോഷണങ്ങളാണ് ഇരിങ്ങാലക്കുട മേഖലയില്‍ ഇയാള്‍ നടത്തിയത്. മാപ്രാണം സെന്ററില്‍ ഏഴ് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ ഇയാള്‍ പഴുവിലും അന്തിക്കാടും ചേര്‍പ്പ് സിഎന്‍എന്‍ സ്കൂളിലും മോഷണം നടത്തി. ഇടുക്കി ഉപ്പുതറ, ആലപ്പുഴ മണ്ണഞ്ചേരി, ഇരിങ്ങാലക്കുട, ചേര്‍പ്പ്, അന്തിക്കാട്, നെടുപുഴ, കുന്നംകുളം, പൊന്നാനി, കാടാമ്പുഴ, കുറ്റിപ്പുറം, സ്റ്റേഷന് പരിധികളില്‍ നടത്തിയ 37 മോഷണക്കേസുകളില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് ആണെന്ന രീതിയിലാണ് നടത്തമെങ്കിലും പുത്തന്‍ കമ്പിപ്പാരയും പിക് ആക്സുമാണ് ബാഗില്‍ ഉണ്ടാകുക. ഓരോ സ്ഥലത്തേക്കും പുതിയ ആയുധങ്ങള്‍ വാങ്ങും. ചേര്‍പ്പ്, ഇരിങ്ങാലക്കുട, മേഖലകളിലെ മോഷണത്തിന് തൃശൂരില്‍നിന്നും തൃപ്രയാറില്നിന്നുമാണ് ആയുധങ്ങള്‍ വാങ്ങിയത്.
വിദഗ്ധമായാണ് പോലീസ് പ്രതിയെ പിടികൂടിയത്. കള്ളനെ രഹസ്യമായി നിരീക്ഷിച്ചും പിന്തുടര്ന്നും പ്രതിയുടെ നീക്കങ്ങള്‍ മനസിലാക്കിയെത്തി ചാലക്കുടിയില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആള്‍ക്കൂട്ടത്തിനിടയില്‍ പുത്തന്‍ ഷര്‍ട്ടും പാൻസും കൂളിംഗ് ഗ്ലാസും സ്വര്‍ണാഭരണങ്ങളും ധരിച്ചെത്തിയ കള്ളനെ മഫ്തിയിലെത്തിയ പോലീസുകാര്‍ പരിചയപ്പെടാനെന്ന പോലെ കൈ കൊടുത്താണ് പിടികൂടിയത്. മോഷ്ടാവിനെ പിടികൂടിയ പോലീസ് സംഘത്തെ റൂറല്‍ എസ്പി നവനീത് ശര്‍മ അഭിനന്ദിച്ചു.