നിക്ഷേപം തിരികെ ലഭിക്കാതെ കരുവന്നൂര്‍ ബാങ്കിലെത്തിയ ജോഷി നിരാശനായി മടങ്ങി
ഇരിങ്ങാലക്കുട: കൂടുംബാംഗങ്ങളുടെ പണം തിരികെവാങ്ങാന്‍ കരുവന്നൂര്‍ ബാങ്കിലെത്തിയ ജോഷി നിരാശനായിമടങ്ങി. മാപ്രാണം വടക്കേത്തല വീട്ടില്‍ ജോഷി ആന്റണിയാണ് പണം ലഭിക്കാതെ നിരാശനായി മടങ്ങിയത്. കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി കരുവന്നൂര്‍ ബാങ്കിന്റെ മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചത്. ഇതില്‍ 28 ലക്ഷം രൂപയുടെ ചെക്ക് ജനുവരി മാസത്തില്‍തന്നെ തിരികെ ലഭിച്ചു. ദയാവധത്തിന് ഹര്‍ജി നല്‍കുകയും ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബാങ്ക് അധികൃതര്‍ ചെക്ക് കൈമാറുകയായിരുന്നു. ജോഷിയുടെ പേരിലുള്ള തുക മാത്രമാണ് അന്ന് തിരികെനല്‍കിയത് കുടുംബാംഗങ്ങളുടെ പണം മൂന്നു മാസത്തിനകം നല്കാമെന്നുള്ള ഉറപ്പണ് ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നത്. ഇന്നലെ ബാങ്കിന്റെ മാപ്രാണം ബ്രാഞ്ച് ഓഫീസിലെത്തിയ ജോഷിക്കു പണം തിരികെ നല്കുവാന് ഇപ്പോള്‍ സാധിക്കില്ലെന്ന മറുപടി ലഭിച്ചതോടെ കരുവന്നൂരിലെ ഹെഢോഫീസിലെത്തി. ബാങ്കില്‍ നിയമിക്കപ്പെട്ടീട്ടുള്ള കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.ആര്. രാജേഷുമായി ചര്‍ച്ച നടത്തി. 30ന് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളുടെ യോഗം ചേരുമെന്നും ഈ യോഗത്തില്‍ ബാക്കി പണം തിരികെ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നായിരുന്നു മറുപടി. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച വ്യക്തിയാണ് ജോഷി. കുടുംബാംഗങ്ങളുടെ പേരിലുള്ള 58 ലക്ഷം രൂപ ഇനി തിരികെ ലഭിക്കാനുണ്ടെന്നാണ് ജോഷി പറയുന്നത്. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷം കിടപ്പിലായിരുന്നു. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേണ്ടിവന്നയാളാണ്. കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമുണ്ടായില്ല. കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലായി. ഇതേ തുടര്‍ന്നാണ് ദയാഹര്‍ജി നല്‍കിയത്. നിക്ഷേപ തുക തിരികെ ലഭിക്കുന്നതിനായി നിരവധി ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തിയ ജോഷി ഇനിയും തന്റെ പോരാട്ടങ്ങള്‍ തുടരുമെന്നും വ്യക്തമാക്കി.