കോള്‍ മേഖലയിലെ കീടാക്രമണം വിദഗ്ധ സംഘം പരിശോധനയ്ക്കെത്തി
തണ്ടുതുരപ്പന്‍, ബ്ലാസ്റ്റ് രോഗം, പോള കരിച്ചില്‍ കണ്ടെത്തി
മുരിയാട്: കോള്‍ മേഖലയില്‍പ്പെട്ട പാടശേഖരങ്ങളിലുണ്ടായ രൂക്ഷമായ കീടാക്രമണത്തെക്കുറിച്ച് തൃശ്ശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍നിന്നുള്ള വിദഗ്ധ സംഘം പരിശോധന നടത്തി. തൃശൂര്‍ കാര്‍ഷിക കോളേജിലെ അധ്യാപകരായ ഡോ. സി.ആര്. രശ്മി, ഡോ. സ്മിതാ രവി എന്നിവരാണ് പാടശേഖരങ്ങളില്‍ പരിശോധനയ്ക്കെത്തിയത്. മുരിയാട് കൃഷി ഓഫീസര്‍ അഞ്ജുവും ഒപ്പമുണ്ടായിരുന്നു. മുരിയാട്, ആനന്ദപുരം, പൊറത്തിശ്ശേരി എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലാണ് കീടശല്യം വ്യാപകമായിരിക്കുന്നത്. തൊമ്മാന പൊതുമ്പുചിറ പാടം മുതല്‍ മൂരിക്കോള്‍ അറ്റം വരെ ഏകദേശം 200 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് കൂടുതല്‍ കീടശല്യം. തണ്ടുതുരപ്പന്‍, പോള കരിച്ചില്‍, ബ്ലാസ്റ്റ് രോഗം എന്നിവയാണ് നെല്ലിനെ കൂടുതലായി വ്യാപിച്ചിരിക്കുന്നതെന്നും മണ്ണില്‍ അയണിന്റെ അളവ് കൂടുതലാണെന്നും പരിശോധനയ്ക്കുശേഷം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും കൃഷിയെ ബാധിച്ചിട്ടുണ്ട്. കൊയ്യാറായ സമയമായതിനാല്‍ മറ്റൊന്നും ചെയ്യാനാകില്ലെന്നും വരുംവര്‍ഷത്തില്‍ കൃഷിയിറക്കുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടതും മുന്കരുതലെടുക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും അവര്‍ പറഞ്ഞു. കര്‍ഷകരുടെ പരാതിയെത്തുടര്‍ന്ന് നേരത്തെ മുരിയാട് കൃഷിഭവനില്‍നിന്നുള്ള ഉദ്യോഗസ്ഥരും പിന്നാലെ ഇരിങ്ങാലക്കുട കൃഷി ഡയറക്ടറേറ്റില്‍നിന്നുള്ള ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.