കൂത്തുമാക്കല്‍ തടയണയുടെ ഷട്ടറുകള്‍ക്ക് ചോര്‍ച്ച, ഉപ്പുവെള്ളം കയറി കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുമെന്ന് ആശങ്ക
ഉപ്പുവെള്ളം കയറി കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുമെന്ന് ആശങ്ക
പടിയൂര്‍: കാക്കാത്തുരുത്തി കൂത്തുമാക്കല്‍ തടയണയുടെ ഷട്ടറുകളിലെ ചോര്‍ച്ചമൂലം കനോലി കനാലില്‍നിന്ന് ഉപ്പുവെള്ളം കയറുന്നത് കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുമെന്ന് ആശങ്ക. കനോലി കനാലില്‍ ഏറ്റം ഉയരുമ്പോള്‍ ഉപ്പുവെള്ളം കെഎല്‍ഡിസി കനാലിലേക്ക് കയറുന്നതിനാല്‍ പരിസരപ്രദേശങ്ങളിലെ കിണറുകളിലും മറ്റും ഉപ്പുവെള്ളം കലരുകയാണെന്ന് കര്‍ഷകര്‍ പറഞ്ഞു. കെഎല്‍ഡിസി കനാലില്‍ വെള്ളം കുറഞ്ഞതിനാലാണ് കനോലി കനാലില്‍നിന്ന് ചോര്‍ച്ചയുള്ള ഷട്ടറുകളിലൂടെ ഇവിടേക്ക് ഉപ്പുവെള്ളം കയറാന്‍ കാരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഉടന്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ പാടശേഖരങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നും കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാമിംഗ് സൊസൈറ്റി സെക്രട്ടറി വിജയന് തേവര്‍ക്കാട്ടില്‍ പറഞ്ഞു. ചിമ്മിനി പദ്ധതിപ്രകാരം കോള്മേഖലകള്ക്ക് ജലസേചന സൗകര്യത്തിനായി നിര്‍മിച്ച കൂത്തുമാക്കല്‍ ഇറിഗേഷന്‍ തടയണയുടെ 16 ഷട്ടറുകളില്‍ പത്തെണ്ണത്തിനാണ് ചോര്‍ച്ചയുള്ളത്. തുരുമ്പെടുത്ത് ദ്രവിച്ചതിനെത്തുടര്ന്ന് അരക്കോടിയോളം രൂപ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഷട്ടറുകള്‍ പുനര്‍നിര്‍മിച്ചിരുന്നു. എന്നാല്‍, 2018-ലെ പ്രളയത്തിനുശേഷം കേടുവന്ന ഷട്ടറുകള്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ല. ഇതിലൂടെയാണ് ഇപ്പോള്‍ വേലിയേറ്റത്തില്‍ വെള്ളം കയറുന്നത്. കാട്ടൂര്‍ തെക്കുംപാടം, എടതിരിഞ്ഞി പാടം, കാട്ടൂര്‍ പാടം, താണിശേരി, വല്ലക്കുന്ന്, ആനന്ദപുരം, മുരിയാട് കായല്‍ മേഖല, കോന്തിപുലം മേഖല എന്നിവിടങ്ങളിലെ കൃഷിയെല്ലാം കെഎല്‍ഡിസി കനാലുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. കനോലി കനാലില്‍നിന്ന് കെഎല്‍ഡിസി കനാലിലേക്ക് ഉപ്പുവെള്ളമെത്താന് തുടങ്ങിയാല്‍ ഈ മേഖലയിലെ നെല്ല്, വാഴ, പച്ചക്കറി കൃഷികളെ സാരമായി ബാധിക്കും. അതിനാല്‍ ഷട്ടറിന്റെ പൊഴിയിലെ തടസങ്ങള്‍ തീര്‍ത്ത് ഷട്ടര്‍ പൂര്‍ണമായും അടച്ച് ചോര്‍ച്ച പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഷട്ടറുകളിലെ ചോര്‍ച്ച തീര്‍ക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എടതിരിഞ്ഞി കോള്‍പ്പാടം ഗ്രൂപ്പ് ഫാമിംഗ് സൊസൈറ്റി വെള്ളാങ്ങല്ലൂര്‍ എഡിഎയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.