കൂടല്‍മാണിക്യം തിരുവുത്സവം; ഭക്തിസാന്ദ്രമായി കലവറ നിറയ്ക്കല്‍ ചടങ്ങ്
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് മുന്നോടിയായുള്ള കലവറ നിറയ്ക്കല്‍ ചടങ്ങ്. കിഴക്കേ ഗോപുര നടയില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യവസായി പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോനും, ഭാര്യ ഗീത വേണുഗോപാലും ചേര്‍ന്ന് നേന്ത്രക്കുല ഭഗവാന് സമര്‍പ്പിച്ചു കൊണ്ട് തുടക്കം കുറിച്ചു. മറ്റൊരു പ്രവാസി വ്യവസായിയായ എടക്കുളം ചന്ദ്രിക ഭവന് ചുള്ളിപ്പറമ്പില്‍ ഗോപകുമാറിന്റെ വക 100 ചാക്ക് മട്ട അരിയാണ് സംഗമേശന് സമര്‍പ്പിച്ചത്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ഉത്സവക്കാലത്ത് ആയിരക്കണക്കിനു പേരാണ് അന്നദാനത്തില്‍ പങ്കെടുക്കാറുള്ളത്. ഇതിനാവശ്യമായ അരി, പലചരക്ക്, എണ്ണ, നെല്ല്, നാളികേരം, ശര്‍ക്കര, അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി സാധനങ്ങളാണ് കലവറ നിറയ്ക്കല്‍ ചടങ്ങില്‍ സമര്‍പ്പിക്കപ്പെടുന്നത്. തുടര്‍ന്ന് ഭക്തജനങ്ങള്‍ അരി, നാളികേരം, ശര്‍ക്കര, പപ്പടം, നേന്ത്രക്കായ, ചേന, മത്തങ്ങ, ഇടിയന്‍ചക്ക, പലവ്യഞ്ജനങ്ങള്‍ എന്നിവ വഴിപാടായി സമര്‍പ്പിച്ചു. ക്ഷേത്രം മേല്‍ശാന്തി പുത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരി ഭദ്രദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിച്ചു. ദേവസ്വം ചെയര്മാന് അഡ്വ സി കെ ഗോപി, ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, കെ ബിന്ദു, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തിരുവുത്സവത്തിന് ഏപ്രില്‍ 21 ന് കൊടിയേറ്റും. ഇന്നും നാളെയും രാവിലെ എതൃത്തുപൂജ, പഞ്ചകം, ഉച്ചപൂജ എന്നിവ നടക്കും. താന്ത്രിക കര്‍മ്മങ്ങള്‍ക്കും, ശുദ്ധികര്മ്മങ്ങള്ക്കും ക്ഷേത്രം തന്ത്രിമാരാണ് നേതൃത്വം നല്‍കുക.