പതിമൂന്ന് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; അറുപതുകാരന് 45 വര്‍ഷം തടവ്
ഇരിങ്ങാലക്കുട: പതിമൂന്നുവയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷല്‍ കോടതി ജഡ്ജ് രവിചന്ദര്‍ സി.ആര്. വിധി പ്രസ്താവിച്ചു. 2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വെള്ളിക്കുളങ്ങര പോലീസ് ചാര്‍ജുചെയ്ത കേസില്‍ പ്രതിയായ മറ്റത്തൂര്‍ സ്വദേശി രാജനെ(60)തിരെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വെള്ളിക്കുളങ്ങര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഡേവിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന മിഥുനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ആര്. രജിനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. 40 വര്‍ഷം കഠിനതടവും കൂടാതെ അഞ്ചുവര്‍ഷം തടവും 2,25,000 രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 15 മാസം വെറും തടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ വിയ്യൂര്‍ ജയിലിലേക്ക് റിമാന്‍ഡുചെയ്തു. പിഴ സംഖ്യ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും വിധിയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.