ഒമാനില്‍ നടന്ന വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു

ഇരിങ്ങാലക്കുട: ഒമാനില്‍ നടന്ന വാഹനാപകടത്തില്‍ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു. ഇരിങ്ങാലക്കുട പൊറത്തിശേരി പര്‍ളിക്കാട് സ്വദേശി മുത്രത്തിപറമ്പില്‍ വീട്ടില്‍ രതീഷ് ഭാര്യ മാജിത (39) യാണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ മസ്കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. നിസ്വ ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ ഒരു ഭാഗം മുറിച്ച് കടന്ന് മറുഭാഗത്തേക്ക് കടക്കാന്‍ കാത്തുനില്‍ക്കുകയായിരുന്ന ഇവരുടെ മേല്‍ പരസ്പരം കൂട്ടിയിടിച്ച രണ്ട് വാഹനങ്ങള്‍ ഇടിച്ച് കയറുകയായിരുന്നു. ഉടനെ തന്നെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് ഭര്‍ത്താവ് ഒമാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഭര്‍ത്താവ് നാട്ടില്‍ വെല്‍ഡിംഗ് ജോലിയാണ്. രണ്ടുവര്‍ഷം മുമ്പാണ് മജീത ജോലിക്കായി വിദേശത്തേക്ക് പോയത്. ഭാഗ്യനാഥ്, കാശിനാഥ്, ബദ്രിനാഥ് എന്നിവരാണ് മക്കള്‍. ബദ്രിനാഥും അമ്മയും ഇവരോടൊപ്പം ഒമാനിലാണ് താമസം. അപകടത്തില്‍ മരണപ്പെട്ട ഒരാള്‍ കൊല്ലം കൊട്ടിയം സ്വദേശി ഷജീറ ഇല്യാസ്, മറ്റൊരാള്‍ അമാനി ഈജിപ്ത് സ്വദേശിയുമാണ്. മറ്റു മൂന്നു മലയാളി നേഴ്സുമാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.