കൂടല്‍മാണിക്യം; വലിയവിളക്കിന് ലക്ഷദീപങ്ങള്‍ തെളിഞ്ഞു, ഇന്ന് പള്ളിവേട്ട
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇന്ന് വൈകീട്ട് പള്ളിവേട്ട. ക്ഷേത്രോത്സവം സമാപനത്തിലേക്കു നീങ്ങുമ്പോള്‍ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ നാദതാളലയങ്ങളാല് മുഖരിതമായ അന്തരീക്ഷം പട്ടണത്തിനും കൈവരുന്നു. ഇന്നാണ് ദേവന് ആദ്യമായി ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളുന്നത്. ഉത്സവത്തിലെ അവസാന ശീവേലി എഴുന്നള്ളിപ്പ് ഇന്ന് രാവിലെ 8.30ന് കിഴക്കേ നടയില്‍ ആരംഭിക്കും. 17 ഗജവീരന്മാരുടെ അകമ്പടിയോടെ ഭഗവാന്റെ എഴുന്നള്ളിപ്പ് പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ മേളപ്രമാണത്തില്‍ ആരംഭിക്കും. സാധാരണ ദിവസങ്ങളില്‍ നടക്കാറുള്ള മുളപൂജ പള്ളിവേട്ട ദിവസമായ ഇന്നുണ്ടാവില്ല. പതിവുപോലെ ശീവേലി കഴിഞ്ഞ് ഉച്ചയ്ക്ക് 12.30ന് അകത്തു കയറുന്ന ദേവന് രാത്രി എട്ടരയോടെ പള്ളിവേട്ടക്കെഴുന്നള്ളുകയാണ്. അത്താഴപൂജയ്ക്ക് ആവാഹിച്ചെഴുന്നള്ളിച്ച് ശ്രീഭൂതബലി തൂവിക്കഴിഞ്ഞാല്‍ കൊടിമരച്ചുവട്ടില്‍വെച്ച് ദേവന്റെ അനുവാദം വാങ്ങി പള്ളിവേട്ടയ്ക്ക് പാണികൊട്ടുന്നു. ദേവന് തന്റെ അനുചരന്മാരെയുംകൊണ്ട് ഹിംസ്രജന്തുക്കളെ നാമാവശേഷമാക്കാന്‍ പുറപ്പെടുന്നതിന്റെ പ്രതീകമാണിത്. പാണി കഴിഞ്ഞാല്‍ ഗോപുരദ്വാരത്തിലും ആല്‍ത്തറയിലും ബലിതൂകി പള്ളിവേട്ട ആല്‍ത്തറയിലേക്ക് ദേവന് എഴുന്നള്ളും.
നെറ്റിപ്പട്ടം അണിയാത്ത ഒരാന മുമ്പിലും തന്ത്രിയും പരികര്മിയും പരിവാരങ്ങളും തുടര്‍ന്ന് തിടമ്പേറ്റിയ ഗജവീരനും അകമ്പടി സേവിക്കുന്ന ഉള്ളാനകളടക്കമുള്ള നാലു ഗജവീരന്മാരും എന്ന ക്രമത്തിലായിരിക്കും പള്ളിവേട്ട ആല്‍ത്തറയിലേക്കുള്ള യാത്ര. ഉത്സവകാലത്ത് ക്ഷേത്ര മതില്കെട്ടിന് പുറത്തേക്ക് എഴുന്നള്ളുന്ന ഭഗവാന് കേരള പോലീസ് കിഴക്കേനടയില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. പള്ളിവേട്ടയ്ക്ക് എഴുന്നള്ളുന്നത് പൂര്‍ണ നിശബ്ദതയിലാണ്. ശബ്ദമുണ്ടാകാതിരിക്കുവാനായി ആനയുടെ കഴുത്തിലെ മണികളോ, ചങ്ങലയോ അണിയിക്കാറില്ല. എഴുന്നള്ളിപ്പ് ആല്‍ത്തറയ്ക്കല്‍ എത്തിച്ചേരുമ്പോള്‍ ഒരു പന്നിയുടെ കോലം കെട്ടിയുണ്ടാക്കി ദേവന് അമ്പെയ്ത് കൊല്ലുകയാണ്. ഇതാണ് പള്ളിവേട്ട. ഇതോടനുബന്ധിച്ച് എട്ടു ദിക്കിലേക്കും ബലിതൂകലുമുണ്ട്. തിന്മയെ ഉന്മൂലനം ചെയ്ത് നന്മയെ സ്ഥാപിക്കുകയെന്നതാണു ഈ പള്ളിവേട്ടയുടെ ലക്ഷ്യം. പള്ളിവേട്ട കഴിഞ്ഞ് ഗംഭീര പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയാണ് ദേവന് തിരിച്ചെഴുന്നള്ളുന്നത്. തൃപ്രയാര്‍ രമേശന് മാരാരുടെ നേതൃത്വത്തിലാണു പഞ്ചവാദ്യം നടക്കുക. എഴുന്ന്ളിപ്പ് കുട്ടംകുളം പരിസരത്തെത്തിയാല് പഞ്ചവാദ്യം അവസാനിച്ച് പാണ്ടിമേളം ആരംഭിച്ച് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെത്തി ക്ഷേത്രത്തിനുള്ളില്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് പള്ളിക്കുറുപ്പ്. ഇന്നലെ നടന്ന വലിയവിളക്കാഘോഷത്തിന് ക്ഷേത്രത്തിലെ എല്ലാ വിളക്കുകളിലും ജ്വാല തെളിഞ്ഞു.
ശിവപാര്‍വതീ ചരിത്രമോതി കുറത്തിയാട്ടം അരങ്ങു തകര്‍ക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കുറത്തിയാട്ടം ശ്രദ്ധേയമാകുന്നു. ഭഗവാന് ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണു പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചുവരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണു കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിനു വകഭേദങ്ങളുണ്ട്. കുറത്തി, കുറവന്‍, നാട്ടുപ്രമാണി, വൃദ്ധന് തുടങ്ങിയവരാണു വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തൃശൂര്‍ പൂരത്തിന് പോകുന്ന കുറവനും, കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പിരിയുന്നു. പരസ്പരം അന്വേഷിച്ു നടക്കുന്നു. അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ. തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വതിയെയും, മഹാലക്ഷ്മിയെയും പ്രതിനിധീകരിക്കുന്ന കുറത്തി വേഷങ്ങള്‍ രംഗത്തുവന്ന് ഭര്ത്താക്കന്മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണു കഥാസാരം. ശ്രീ പരമേശ്വരനായ കുറവന്‍ ഒരു ദിവസം സന്ധ്യയ്ക്ക് കുടിലില്‍ വന്നപ്പോള്‍ കുറത്തിയെ കണ്ടില്ല. പലയിടത്തും കുറവന്‍ കുറത്തിയെ അന്വേഷിച്ചുനടന്നു. ഒടുവില്‍ കാട്ടില്‍വച്ച് ഇരുവരും കണ്ടുമുട്ടുന്നു. കുറവനും കുറത്തിയും തമ്മില്‍ ഒരു പ്രണയ കലഹം നടക്കുന്നു. ഈ വഴക്കിന്റെ അവസാനം കുറ്റങ്ങള്‍ ഏറ്റുപറയുകയും ഒരുമിച്ച് കൈലാസത്തിലേക്ക് യാത്രയാവുകയും ചെയ്യുന്നു. ഇത്രയുമാണ് രണ്ടാമത്തെ രംഗത്തില്‍ അവതരിപ്പിക്കുന്നത്. പണ്ടുകാലത്ത് രണ്ടുമണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്ന കുറത്തിയാട്ടം ഇപ്പോള്‍ അരമണിക്കൂറായി ചുരുങ്ങി. എങ്കിലും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കലാരൂപം ആസ്വദിക്കാന്‍ പഴമക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും താല്പര്യം കാണിക്കുന്നു രാജീവ് വെങ്കിടങ്ങും സംഘവുമാണു ഇത്തവണ കുറത്തിയാട്ടം അവതരിപ്പിക്കുന്നത്. കുറത്തിയാട്ടത്തില്‍ രാജീവ് വെങ്കിടങ്ങ്-സരസ്വതി (വൃദ്ധ), ശ്രീഹരി രാജീവ്-കുറവന്‍, അമൃത കൃഷ്ണന്-കുറത്തി, ടി.കെ. ആതിര-ലക്ഷ്മി, കൃഷ്ണേന്ദു-പാര്‍വതി, അഖിലേഷ്-കാട്ടാളന് എന്നിവരാണ് വേഷമിടുന്നത്. പിന്പ്പാട്ട്-രാജീവ് വെങ്കിടങ്ങും അമൃത കൃഷ്ണനും മൃദംഗം-ശിവദാസ് അടാട്ട്, താളം ശ്രീശിവ രാജീവ്. അവതരണം-ശ്രീമുരുക കലാക്ഷേത്രം വെങ്കിടങ്ങ് എന്നിവരാണ് പിന്നണിയില്‍.
പള്ളിവേട്ട (ഏപ്രില്‍ 30)
കൂടല്‍മാണിക്യത്തില്‍ ഇന്ന്
രാവിലെ 8.30 മുതല്‍ ശീവേലി പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്മാരാര് പ്രമാണം വഹിക്കും.
(സ്പെഷല്‍ പന്തലില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ 4.30 വരെ തിരുവാതിരക്കളി, 4.30 മുതല്‍ 5.30 വരെ തൃശൂര്‍ ശ്രീഭദ്ര നൃത്തവിദ്യാലയത്തിന്റെ നൃത്തനൃ്യങ്ങള്, 5.30 മുതല്‍ ആറ് വരെ പാലക്കാട് ഡോ. ശ്രുതി വിജീഷിന്റെ ഭരതനാട്യം, ആറ് മുതല്‍ 6.45 വരെ പട്ടാമ്പി വൈദേഹി റാമും വന്ദിത വൈദ്യമഠവും അവതരിപ്പിക്കുന്ന ഭരതനാട്യം, 6.45 മുതല്‍ 7.30 വരെ തൃശൂര്‍ കാര്‍ത്തിക ഉണ്ണികൃഷ്ണന്റെ കഥക്, 7.30 മുതല്‍ 8.30 വരെ ഉഷാറാണിയും ആര്യശ്രീയും അവതരിപ്പിക്കുന്ന മോഹിനിയാട്ടം
(സംഗമം വേദിയില്‍)
ഉച്ചതിരിഞ്ഞ് ഒരുമണി മുതല്‍ മൂന്ന് വരെ തിരുവാതിരക്കളി, മൂന്ന് മുതല്‍ 3.30 വരെ അതുല്യ കെ. ദിലീപിന്റെ കര്‍ണാടക സംഗീതം, 3.30 മുതല്‍ 4.30 വരെ ഇരിങ്ങാലക്കുട കൃഷ്ണപ്രിയയും സംഘവും അവതരിപ്പിക്കുന്ന അക്ഷരശ്ലോകസദസ്, 4.30 മുതല്‍ 5.30 വരെ ഇരിങ്ങാലക്കുട രാജീവ് സപര്യയും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാന ഭജന്‍സന്ധ്യ, 5.30 മുതല്‍ 6.15 വരെ ഇരിങ്ങാലക്കുട ആശ സുരേഷ്നായരുടെ സോപാനസംഗീതം, 6.15 മുതല്‍ 7.15 വരെ മനവലശേരി വില്ലേജ് ഓഫീസര്‍ സുനില്‍കുമാറും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. 7.15 മുതല്‍ രാത്രി 8.15 വരെ മുദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡാന്‍സ് ആതിര രാജുവിന്റെ ഭരതനാട്യം, 8.15 ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യത്തിന് തൃപ്രയാര്‍ രമേശന് മാരാരും പാണ്ടിമേളത്തിന് മൂര്‍ക്കനാട് ദിനേശന്വാര്യരും പ്രമാണം വഹിക്കും. രാത്രി ഒമ്പതിന് ആല്‍ത്തറയ്ക്കല്‍ പള്ളിവേട്ട