കിണറും ജലസംഭരണിയും ശുചീകരണ പ്ലാന്റും എല്ലാമുണ്ട്. എന്നാല് ഇവിടെ നിന്നും കുടിവെള്ളം മാത്രം കിട്ടില്ല
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നിലച്ചിട്ട് വര്ഷങ്ങള്; ലക്ഷങ്ങള് ചിറയില് കലക്കി
ഇരിങ്ങാലക്കുട: ഞങ്ങളുടെ കുടിവെള്ളവും ജലപദ്ധതിയും എവിടെ എന്നുള്ളതാണ് നടവരമ്പ് അബേദ്കര് കോളനിനിവാസികളുടെ ചോദ്യം. മനുഷ്യര്ക്ക് ഉപകാരപ്പെട്ടില്ലെങ്കിലും വിഷപാമ്പുകള്ക്കു താവളമൊരുക്കി കാടുമൂടിയ ഒരു കുടിവെള്ള പദ്ധതിയാണിത്. കുടിനീരിനായി ലക്ഷങ്ങള് ചെലവഴിച്ചുവെങ്കിലും വര്ഷങ്ങള് പിന്നീട്ടിട്ടും ഈ പദ്ധതി ലക്ഷ്യം കണ്ടില്ല. വേളൂക്കര പഞ്ചായത്തില് നടവരമ്പ് ചിറക്കു സമീപം സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുടെ ഇന്നത്തെ അവസ്ഥയാണിത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നല്ല, രണ്ടല്ല,… വര്ഷം പത്ത് കഴിഞ്ഞു. എന്നിട്ടും ഫലമില്ലാത്ത അവസ്ഥ.
ഇപ്പോള് ശുചീകരണ പ്ലാന്റും അനുബന്ധ ഉപകരണങ്ങളും കാടുമൂടി നശിക്കുന്ന നിലയിലാണ്. 2013 ഡിസംബര് 17 നാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ടി.ഡി. ലാസറാണ് ഉദ്ഘാടനം നിര്വഹിച്ചത്. ആരോഗ്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് കനക പ്രസാദ് ആയിരുന്നു ചടങ്ങില് അധ്യക്ഷന്. 14 ലക്ഷം രൂപയാണ് ഇതിനുവേണ്ടി നീക്കിവച്ചിരുന്നത്. പദ്ധതി പൂര്ത്തീകരിക്കാന് സാധിക്കാതെ വന്നപ്പോള് അതില് കുറച്ച് തുക വക മാറ്റി ചെലവിടുകയും ചെയ്തിരുന്നു. പദ്ധതിയുടെ ഭാഗമായി നടവരമ്പ് ചിറയില് കിണര് കുഴിച്ചു. നാല് റിംഗ് മാത്രമേ ഇവിടെ സ്ഥാപിക്കുവാന് സാധിച്ചുള്ളൂ. പിന്നെ കിണര് കുഴിക്കാന് സാധിച്ചില്ല. കിണറ്റിലെ വെള്ളം ശുദ്ധീകരിച്ച് നടവരമ്പ് കോളനിയില് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിര്മിച്ച 56,000 ലിറ്റര് സംഭരണശേഷിയുള്ള ജലസംഭരണിയില് വെള്ളം ശേഖരിക്കാനും ഈ ജല സംഭരണിയില് നിന്നും കുടിവെള്ളം വിതരണം ചെയ്യാനുമായിരുന്നു പദ്ധതി. വേളൂക്കര പഞ്ചായത്തിലെ 600 ഓളം കുടുംബങ്ങള്ക്കാണ് ഇവിടെ നിന്നും കുടിവെള്ളം വിതരണം ചെയ്യുക.
എന്നാല് ശുദ്ധീകരണ പ്രവര്ത്തനങ്ങള് ഒന്നും തന്നെ നടത്താതെ വെള്ളം ഈ ടാങ്കിലേക്ക് പമ്പ് ചെയ്തതുമൂലം ജലസംഭരണിയില് പൂപ്പല് നിറഞ്ഞു. ഇതു മൂലം ഈ വെള്ളം ഉപയോഗിച്ച് കുളിക്കുന്നവര്ക്ക് ചൊറിച്ചല് തുടങ്ങിയ ശാരീരികഅസ്വസ്ഥതകള് അനുഭവപ്പെടുന്നുണ്ടെന്നാണ് നാട്ടുക്കാര് പരാതിപ്പെട്ടു. സമീപപ്രദേശങ്ങളില് ഈ ടാങ്കില് സംഭരിക്കുന്നതിനുള്ള വെള്ളത്തിനായി നിര്മിച്ച കുഴല് കിണറുകളിലൊന്നും വെള്ളം കണ്ടെത്താന് സാധിക്കാത്തതാണ് നടവരമ്പ് ചിറയില് നിന്നും വെള്ളം പമ്പ് ചെയ്യാന് കാരണം. അധികം താമസിക്കാതെ 2016 ആയപ്പോഴെക്കും പദ്ധതിയുടെ പ്രവര്ത്തനം നിര്ത്തലാക്കുകയായിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന വെള്ളം വേണ്ടത്ര ശുചീകരണം നടക്കുന്നില്ലെന്നു മാത്രമല്ല, കുടിവെള്ള ക്ഷാമം രൂക്ഷത അനുഭവപ്പെടുന്ന വേനകാലത്ത് ചിറയിലെ വെള്ളം വറ്റുന്നതോടെ ശുചീകരണ പ്ലാന്റിനോട് ചേര്ന്നുള്ള കിണറ്റിലെ വെള്ളവും വറ്റും.
ഇതോടെ വേനല് കാലത്ത് ഇവിടെ നിന്നും ആവശ്യത്തിനു വേണ്ട വെള്ളം പമ്പ് ചെയ്യുവാന് കഴിയാറില്ല. കുടിവെള്ളം വിതരണം നിലച്ചതോടെ സി.എന്. ജയദേവന് എംപി ഫണ്ടില് നിന്നും അംബേദ്കര് കോളനി ലക്ഷം വീട് കുടിവെള്ള പദ്ധതി പ്രകാരം 93 ലക്ഷം രൂപ അനുവദിച്ച് കോളനി നിവാസികള്ക്ക് വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി പൂര്ത്തീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടില്നിന്നും 15 ലക്ഷം രൂപ ചിലവഴിച്ച് എല്ലാ വീടുകളിലേക്കും വാട്ടര് കണക്ഷനുള്ള സംവിധാനമൊരുക്കി. ഈ ശുചീരണ പ്ലാന്റിന്റെ പ്രവര്ത്തനം നിലച്ചതോടെ ഈ പ്രദേശം കാടുകയറുകയും ക്ഷുദ്ര ജീവികള്ക്ക് താവളമാകുകയുമായിരുന്നു.