നഗരസഭ ഓഫീസിനു മുന്‍വശത്തെ പൊതുവഴി വീണ്ടും അടയ്ക്കാൻ ശ്രമമെന്ന് ആശങ്ക, പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ന്നു
ഇരിങ്ങാലക്കുട: നഗരസഭ മൈതാനത്തിന്റെ ചുറ്റുമുള്ള പൊതുവഴിയുടെ നഗരസഭ ഓഫീസിന് മുന്‍വശത്തെ ഒരു ഭാഗം വീണ്ടും ഗേറ്റ് വച്ച് അടച്ചുകെട്ടാനുള്ള ശ്രമം നടക്കുന്നതായി ആശങ്ക. ഇതിനെതിരേ പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ന്നു. നഗരസഭയുടെ മുന്നിലെ റോഡ് പൊതുവഴി അല്ലെന്നും, നഗരസഭയുടെ ഭാഗമാണെന്നും ഒരു വാദം നേരത്തെ നിലനിന്നിരുന്നു. പുതിയ നഗരസഭാ മന്ദിരം പൂര്‍ത്തിയായതിനു ശേഷം ചുറ്റുമതില്‍ കെട്ടിയിരുന്നില്ല. നഗരസഭ കെട്ടിടത്തിന് ഇത് ഭീഷണിയാകുന്നുവെന്നു കണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു നീക്കം നടന്നിരുന്നു. നഗരസഭയുടെ മുന്നിലെ റോഡ് ഉള്‍പ്പടെ കോമ്പൗണ്ട് വാള് പണിത് റോഡിന് ഇരുവശവും ഗേറ്റ് സ്ഥാപിക്കാനായിരുന്നു നീക്കം. പ്രഭാത സവാരിക്കും, വ്യായാമത്തിനുമായി രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും മൈതാനത്തിന് ചുറ്റുമുള്ള റോഡ് കാലങ്ങളായി സജീവമാണ്. ഗേറ്റ് വച്ച് റോഡ് അടച്ചാല്‍ മറുവശത്തേക്ക് പോകാന്‍ മൈതാനം പൂട്ടേണ്ടി വരുമെന്ന പ്രയാസം കൂടിയുണ്ട്.
പ്രതിഷേധം കനത്തപ്പോള്‍ നഗരസഭ അന്ന് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചുറ്റുമതില്‍ പണി പുരോഗമിക്കുന്നുണ്ട്. വീണ്ടും ഗേറ്റ് വച്ച് വഴി അടച്ചുകെട്ടുമെന്ന ആശങ്കയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആശങ്ക വേണ്ടെന്നും വഴി അടച്ചുപൂട്ടുന്നില്ലെന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
പൊതുവഴി അടച്ചുകെട്ടാനുള്ള നീക്കം അപലനീയം: സിപിഐ
ഇരിങ്ങാലക്കുട: മുനിസിപ്പല്‍ ഓഫീസ് കോമ്പൗണ്ടിന് വടക്കും മൈതാനത്തിന് തെക്കുമുള്ള പൊതുവഴി അടച്ചുകെട്ടാനുള്ളനീക്കം അപലപനീയവും അനുവദിക്കാനാകാത്തതും ആണെന്ന് സിപിഐ ഇരിങ്ങാലക്കുട ലോക്കല്‍ കമ്മിറ്റി. റോഡ് അടച്ചുകെട്ടാനുള്ള ശ്രമം നടന്നപ്പോള്‍ സിപിഐക്കാരായ കെ.കെ. കൃഷ്ണാനന്ദബാബുവും പി.കെ സദാനന്ദനും വാദികളായി അഡ്വ. രാജേഷ് തമ്പാന് മുഖാന്തിരം ഇരിങ്ങാലക്കുട മുന്‍സിഫ് കോടതിയില്‍ നഗരസഭക്കെതിരെ പൊതുതാല്പര്യ വ്യവഹാരം ബോധിപ്പിച്ചു. വഴി അടച്ചുകെട്ടുകയോ വീതികുറയ്ക്കുകയോ ഗതാഗതം തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് നഗരസഭയെ വിലക്കി വിധി വന്നതാണ്. കോടതിവിധിയെ വെല്ലുവിളിച്ചാണ് ഇപ്പോള്‍ വഴിയുടെ ഇരുഭാഗത്തും പില്ലറും ഗേറ്റും പണിയാന്‍ സ്ഥലത്ത് അടയാളപ്പെടുത്തിയത്. നൂറുകണക്കിനാളുകള്‍ രാവും പകലും ഉപയോഗിക്കുന്ന പൊതുവഴി അടച്ചുകെട്ടാന്‍ മുനിസിപ്പാലിറ്റിക്ക് അവകാശമില്. സിപിഐ ഇരിങ്ങാലക്കുട ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദും മുന്‍ കൗണ്‍സിലര്‍ എം.സി. രമണനും വ്യവഹാരത്തിലെ വിധി ഉടമ കൂടിയായ പി.കെ. സദാനന്ദനും അടങ്ങുന്ന സിപിഐ സംഘം മുനിസിപ്പല്‍ സെക്രട്ടറി, ചെയര്പെഴ്സന് എന്നിവരെ കണ്ട് വിധിയുടെ വിവരം ഓര്‍പ്പിച്ച് പ്രതിഷേധം അറിയിച്ചു. നിയമ നടപടി സ്വീകരിക്കുവാന്‍ യോഗം തീരുമാനിച്ചു. കെ.സി. മോഹന്‍ലാല്‍ അധ്യക്ഷനായ യോഗത്തില്‍ കെ.എസ്. പ്രസാദ്, ബെന്നി വിന്‍സെന്റ്, അഡ്വ. രാജേഷ് തമ്പാന്, കെ.സി. ശിവരാമന്, അഡ്വ. ജിഷാ ജോബി, വര്ധനന് പുളിക്കല്‍, ടി.വി. സുകുമാരന്‍, ഷിജിന് തവരങ്ങാട്ടില്‍, വി.കെ. സരിത, ശോഭന മനോജ്, സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.