കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; വസ്ത്രം ഊരി പ്രതിഷേധിക്കാന്‍ നിക്ഷേപകന് ജോഷി എത്തി
പലിസ തുക പാസ്ബുക്കില്‍ പതിച്ചുനല്‍കി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ വസ്ത്രം ഊരി പ്രതിഷേധിക്കാന്‍ നിക്ഷേപകന് ജോഷി എത്തി. പലിശ തുക പതിച്ച് നല്കി തല്ക്കാലം ആശ്വസിപ്പിച്ച് ബാങ്ക് അധികൃതര്‍. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തന്റെ കുടുംബാംഗങ്ങളുടെ പേരിലുള്ള നിക്ഷേപം തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് മാപ്രാണം സ്വദേശിയായ വടക്കേത്തല ജോഷി കരുവന്നൂര്‍ ബാങ്കിലെത്തിയത്. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മാപ്രാണം സെന്ററിലുള്ള ശാഖയിലാണ് ജോഷി ചെന്നത്. പണത്തിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വസ്ത്രം ഊരിയെറിഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ജോഷി അറിയിച്ചിരുന്നത്. ജോഷിയുടെ കുടുംബാംഗങ്ങളുടെ നിക്ഷേപതുകയുടെ പലിശ കണക്കാക്കി ബാങ്ക് അധികൃതര്‍ പാസ് ബുക്കില്‍ പതിച്ചുനല്‍കുകയും 30നു ചേരുന്ന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളുടെ യോഗത്തില്‍ വെച്ച് പണം തിരികെ നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് ഉറപ്പുനല്‍കിയതായി ജോഷി പറഞ്ഞു. ഇതിനാല്‍ താല്‍ക്കാലികമായി പ്രതിഷേധത്തില്‍ നിന്നും പിന്മാറുന്നതായും പണം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ജോഷി പറഞ്ഞു. പലിശയടക്കം അമ്പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിഅയ്യായിരത്തി എഴുന്നൂറ്റി ഇരുപത്തൊന്ന് (55,85,721/)രൂപ യാണ് ജോഷിയുടെ കുടുംബാംഗങ്ങളുടെ പേരില്‍ ലഭിക്കാനുള്ളത്. കുടുംബാംഗങ്ങള്‍ക്ക് അവകാശപ്പെട്ടത് ഉള്‍പ്പെടെ 90 ലക്ഷം രൂപയാണ് ജോഷി കരുവന്നൂര്‍ ബാങ്കിന്റെ മാപ്രാണം ശാഖയില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 28 ലക്ഷം രൂപയുടെ ചെക്ക് ജനുവരി മാസത്തില്‍ തന്നെ തിരികെ ലഭിച്ചിരുന്നു. ദയാവധത്തിന് ഹര്‍ജി നല്‍കുകയും ഇതേ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ബാങ്ക് അധികൃതര്‍ ചെക്ക് കൈമാറുകയായിരുന്നു. ജോഷിയുടെ പേരിലുള്ള തുക മാത്രമാണ് അന്ന് തിരികെ നല്‍കിയത് കുടുംബാഗങ്ങളുടെ പണം മൂന്നു മാസത്തിനകം നല്കാമെന്നുള്ള ഉറപ്പണ് ബാങ്ക് അധികൃതര്‍ നല്‍കിയിരുന്നത്. ചികിത്സയ്ക്കും ജീവിതച്ചെലവിനും വഴിയില്ലാത്തതിനാല്‍ ദയാവധം അനുവദിക്കണമെന്ന അപേക്ഷയുമായി ഹൈക്കോടതിയെയും സര്‍ക്കാരിനെയും സമീപിച്ച വ്യക്തിയാണ് ജോഷി. കരാറുകാരനായ ജോഷി അപകടത്തെ തുടര്‍ന്ന് എട്ടുവര്‍ഷം കിടപ്പിലായിരുന്നു. കഴിഞ്ഞ 20 കൊല്ലത്തിനിടെ രണ്ടുതവണ ട്യൂമര്‍ ഉള്‍പ്പടെ 21 ശസ്ത്രക്രിയകള്‍ അനുഭവിക്കേ്ടി വന്നയാളാണ്. കുടുംബത്തിന്റെ മുഴുവന്‍ സമ്പാദ്യവും കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. പണം ലഭിക്കാതെ വന്നപ്പോള്‍ പരാതി പലയിടത്തും കൊടുത്തെങ്കിലും ഫലമില്ലാതായതോടയാണ് കുടുംബത്തിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ചികിത്സയും പ്രതിസന്ധിയിലായത്. നിക്ഷപത്തിന്റെ എട്ടേക്കാല് ശതമാനം പലിശതുകയടക്കം കൂട്ടിയാണ് പാസ്ബുക്കുകളില്‍ പതിച്ചു നല്‍കിയത്.