വര മാഞ്ഞു, തലവര രക്ഷ!! ഇരിങ്ങാലക്കുടയില്‍ സീബ്രാ ലൈന്‍ സിഗ്നല്‍ ബോര്‍ഡിലുണ്ട്; റോഡിലില്ല
ഇരിങ്ങാലക്കുട: കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിഞ്ഞുകടക്കുന്നതിനായുള്ള സീബ്രാ ലൈനുകള്‍ അപ്രത്യക്ഷമായിട്ടും ഗൗനിക്കാതെ അധികാരികള്‍. ടൗണിലും പരിസര പ്രദേശങ്ങളിലും പാതി മാഞ്ഞതും മുഴുവന്‍ അപ്രത്യക്ഷമായതുമായ സീബ്രാ വരകള്‍ സ്ഥിരം അപകട മേഖലയാകുന്നു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കൂടല്‍മാണിക്യം റോഡില്‍ സിഗ്നല്‍ ബോര്‍ഡില്‍ മാത്രമാണ് സീബ്രാലൈനുള്ളത്. നേരത്തെ റോഡില്‍ ഉണ്ടായിരുന്ന സീബ്രാ ലൈന്‍ മാഞ്ഞുപോയതോടെ ഇരുവശത്തും ആ സ്ഥലം കൂടി വാഹനങ്ങള്‍ പാര്‍ക്കിംഗിനായി കൈയടക്കി. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കുവേണ്ടിയാണ് കിഴക്കുഭാഗത്തെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് കാട്ടൂര്‍ റോഡിലും കൂടല്‍മാണിക്യം റോഡിലും സീബ്രാ ലൈനുകള്‍ വരച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ രണ്ടിടത്തും സീബ്രാലൈനുകള്‍ ഇല്ല. ഹെഡ് പോസ്റ്റ് ഓഫീസ് റോഡില്‍ ഇരിങ്ങാലക്കുട നഗരസഭ കട്ടകള്‍ വിരിച്ചതോടെ അവിടെയുണ്ടായിരുന്ന സീബ്രാ ലൈന്‍ ഇല്ലാതായി. സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് തെക്കു കൂടല്‍മാണിക്യം ഠാണ റോഡ് കടക്കാന്‍ അഭ്യാസിയാകേണ്ട അവസ്ഥയാണ്. നാലുഭാഗത്തുനിന്നും വരുന്ന വാഹനങ്ങളുടെ തിരക്കുമൂലം കൂടല്‍മാണിക്യം റോഡില്‍ ട്രാന്‍സ്ഫോര്‍മറിന് സമീപമായിരുന്നു സീബ്രാലൈന്‍ വരച്ചിരുന്നത്. പാതി നശിച്ച സീബ്രാ വരകള്‍ക്ക് മുകളിലൂടെ യാത്രക്കാര്‍ റോഡിന് കുറുകെ കടക്കുന്നത് ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്താന്‍ മടിക്കുന്നതും അപകടങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും കാരണമാകാറുണ്ട്.