പഞ്ചാരി പെയ്തിറങ്ങിയ കൂടല്‍മാണിക്യം,അവസാന ശീവേലിക്ക് ആയിരങ്ങള്‍ സാക്ഷിയായി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയില്‍ ഇന്നു നടന്ന അവസാന ശീവേലിക്കു ആയിരങ്ങള്‍ സാക്ഷിയായി. പഞ്ചാരിയൊഴുക്കിയ പാല്‍പ്പുഴയില്‍ കത്തുന്ന സൂര്യനും ഭക്തര്‍ക്ക് നിലാവായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവാന്റെ തിടമ്പ് പാറന്നൂര്‍ നന്ദന് ശിരസിലേറ്റി. തുടര്‍ന്ന് ഉള്ളാനകളുടെ അകമ്പടിയോടെ പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോള്‍ പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളത്തിന്റെ പതികാലം ഉയര്‍ന്നു. ഇടയ്ക്കയിലും തിമിലയിലും ചെണ്ടയിലും കൊട്ടിത്തീര്‍ത്ത മേളകലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകി. തുടര്‍ന്ന് രണ്ടും മൂന്നും കാലങ്ങള്‍ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങള്‍ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടി തീര്‍ത്തു. കുലീപിനി തീര്ഥകരയിലൂടെ ചെമ്പടകൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ മേളം കലാശിച്ചു.
താളലയഗോപുരങ്ങള് കയറിയിറങ്ങിയ ശബ്ദസൗന്ദര്യം മേള പ്രേമികളിലേക്ക് പതഞ്ഞൊഴുകി. കിഴക്കേനടപ്പുരയിലും ഗോപുര കവാടത്തിലും പന്തലിലും സന്ധ്യാവേലപ്പന്തലിലും കൂത്തമ്പലത്തിനു ചുറ്റും നിറഞ്ഞ ഭക്തര്‍ അവസാന ശീവേലിയില്‍ ലയിച്ചു. മേളങ്ങളുടെ രാജാവായ പഞ്ചാരിമേളം അഞ്ചു കാലങ്ങളിലാണ് കൊട്ടുന്നത്. കൊടിപ്പുറത്തെ വിളക്കടക്കം പത്തു വിളക്കും ശീവേലിയും നടക്കുന്ന കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന്റെ എഴുന്നള്ളത്തിനും ചില പ്രത്യേകതകളുണ്ട്. വിശാലമായ ക്ഷേത്ര മൈതാനിയില്‍ അണിനിരക്കുന്ന 17 ഗജകേസരികള്‍ തിടമ്പേറ്റുന്ന കരിവീരനു ഇരുവശവും രണ്ടു കുട്ടിയാനകള്‍. ഒറ്റയാനായുള്ള എഴുന്നള്ളിപ്പ് ഇവിടെ പതിവില്ല. പ്രദക്ഷിണത്തിനു രണ്ടു കുട്ടിയാനകള്‍ നിര്‍ബന്ധമായും അകമ്പടി വേണം. പ്രദക്ഷിണം കഴിഞ്ഞ് കിഴക്കേ നടപ്പുരയിലെ കൂട്ടിയെഴുന്നള്ളിപ്പിന് രണ്ടു കുട്ടിയാനകള്‍ അഥവാ ഉള്ളാനകളെ തിടമ്പേറ്റുന്ന ഗജവീരന്റെ ഇരുവശങ്ങളിലും നിലയുറപ്പിക്കുന്നു. അപ്പോള്‍ മറ്റു രണ്ടാനകള് പിന്‍വാങ്ങും. ഈ സവിശേഷതകളാണ് കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പും പഞ്ചാരിമേളവും മറ്റു ക്ഷേത്രോത്സവങ്ങളില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നത്.
ഇടയ്ക്കയും തിമിലയും ചെണ്ടയം തകിലിലും കൊട്ടിത്തീര്‍ത്ത 120 ലേറെ കലാകാരന്മാരുടെ പഞ്ചാരിമേളത്തിന്റെ സംഗീതാത്മകതയില്‍ ജനങ്ങള്‍ മുഴുകുകായിരുന്നു. തൃശൂര്‍ പൂരം പാണ്ടിമേളത്തിന്റെ നിറച്ചാര്ത്താണെങ്കില് കൂടല്‍മാണിക്യം ഉത്സവം പഞ്ചാരിമേളത്തിന്റെ ഉത്സവമാണ്. കൂടല്‍മാണിക്യ സ്വാമിയെ ക്ഷേത്രത്തിനു പുറത്തേക്ക് എഴുന്നള്ളിക്കുന്ന പള്ളിവേട്ട ചടങ്ങ് ഇന്നു രാത്രി നടക്കും.
കൂടല്‍മാണിക്യത്തില്‍ ഭക്തിസാന്ദ്രമായി ആനയൂട്ട്
ഇരിങ്ങാലക്കുട: ആനപ്രേമികള്‍ക്ക് ആഹ്ലാദക്കാഴ്ചയൊരുക്കി കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനയൂട്ട്. ഉത്സവത്തോടനുബന്ധിച്ച് കൂടല്‍മാണിക്യം സായാഹ്ന കൂട്ടായ്മ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ആനയൂട്ടില്‍ 20 ഓളം ഗജവീരന്മാര് പങ്കെടുത്തു. ക്ഷേത്രത്തിന്റെ തെക്കേപ്രദക്ഷിണ വഴിയില്‍ നടന്ന ആനയൂട്ടില്‍ നൂറുകണക്കിന് ഭക്തരും പങ്കാളികളായി. ക്ഷേത്രം തന്ത്രി നെടുമ്പിള്ളി ഗോവിന്ദന് നമ്പൂതിരിപ്പാടും കിടങ്ങശേരി ഹരി നമ്പൂതിരിപ്പാടും ദേവനാരായണന് നമ്പൂതിരിയും ചേര്‍ന്ന് പാരമ്പര്യ വിധി പ്രകാരമുള്ള ഭക്ഷണം നല്കി ആനയൂട്ടിന് തുടക്കംകുറിച്ചു.
ക്ഷേത്രം മേല്‍ശാന്തി പൂത്തില്ലത്ത് നീലകണ്ഠന് നമ്പൂതിരിപ്പാട്, ദേവസ്വം െയര്‍മാന്‍ അഡ്വ. സി.കെ. ഗോപി, ഭരണസമിതി അംഗങ്ങളായ മുരളി ഹരിതം, രാഘവന് മുളങ്ങാടന്‍, കെ. ബിന്ദു എന്നിവരും സായാഹ്ന കൂട്ടായ്മ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ആനയൂട്ടിന്റെ ഭാഗമായി സായാഹ്ന കൂട്ടായ്മ എല്ലാ ആനപ്പാപ്പാന്മാര്ക്കും വസ്ത്രങ്ങള്‍ നല്കി.