പുഴുശല്യം: പടിയൂരില്‍ 42 ഏക്കറിലെ കൃഷി ഉണങ്ങി, കാലാവസ്ഥാ വ്യതിയാനമാണ് പുഴുക്കളുടെ ശല്യം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍
പടിയൂര്‍: 42 ഏക്കര്‍ പാടശേഖരത്തിലെ കൊയ്തെടുക്കാറായ നെല്ല് കരിഞ്ഞ് കതിരുകള്‍ വെള്ളനിറമായി. കൊയ്തെടുത്താല്‍ യന്ത്രത്തിന്റെ വാടകക്കാശുപോലും കിട്ടില്ലെന്ന് കര്‍ഷകര്‍. പടിയൂര്‍ തെക്ക് വലിയ മേനോന് കോള്പ്പാടശേഖരത്തിലാണ് ഈ അവസ്ഥ. പലിശയ്ക്കെടുത്തും കടംവാങ്ങിയും ഏക്കറിന് 45,000 രൂപയോളം ചെലവഴിച്ചാണ് തെക്കുംപാടത്തെ 55 കര്‍ഷകരുടെ കൂട്ടായ്മ കൃഷിയിറക്കിയത്. ഇതുവരെ കൃഷിക്ക് യാതൊരു പ്രശ്നവും കണ്ടിരുന്നില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.വേനല്‍ ചൂട് കടുത്തതോടെ നെല്‍ ചെടികളില്‍ ഇലചുരുട്ടിപ്പുഴു, തണ്ട് തുരപ്പന്‍, ഓലചുരുട്ടി പുഴു എന്നിവയുടെ ശല്യം വ്യാപകമാണ്. പാടശേഖരത്തിലെ 10 ഏക്കര്‍ നെല്ല് പൂര്‍ണമായും കരിഞ്ഞ് ഉണങ്ങി. ബാക്കിവരുന്ന പാടശേഖരത്തിലെ നെല്ല് ഉണക്കല്‍ ഭീഷണിയിലാണ്. ഡിസംബറില്‍ വിത്തിറക്കി ഫെബ്രുവരിയില്‍ ഞാറു നട്ട് ഇപ്പോള്‍ വിളവെടുപ്പിന് പാകമായ സമയത്താണ് കരിഞ്ഞ് ഉണങ്ങി തുടങ്ങിയത്. ആദ്യം ഇളം ചുവപ്പ് നിറത്തിലും പിന്നീട് പൂര്‍ണമായി കരിഞ്ഞ് ചാര നിറത്തില്‍ എത്തുന്ന സ്ഥിതിയാണുള്ളത്.
കര്‍ഷകര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നെത്തിയ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പുഴുക്കളെ കണ്ടെത്തിയത്. കാലാവസ്ഥയിലെ വ്യതിയാനമാണ് പുഴുക്കളുടെ ശല്യം രൂക്ഷമാകാന്‍ കാരണമായതെന്നും കാര്‍ഷിക സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. തണ്ടുതുരപ്പനും ഇലചുരുട്ടിപ്പുഴുവിനുമെല്ലാം മൂന്നുതവണ മരുന്ന് ചെയ്തുകഴിഞ്ഞു. എന്നിട്ടും കതിരുകള്‍ ഉണങ്ങിയതോടെ കൊയ്ത്തുചെലവിനുപോലും പണം കിട്ടുമോയെന്ന ആശങ്കയിലാണ് കര്‍ഷകര്‍. 28 വര്‍ഷമായി തരിശിട്ടിരുന്ന 32 ഏക്കര്‍ പാടശേഖരത്തില്‍ കര്‍ഷകരെ വീണ്ടും തിരിച്ചുകൊണ്ടുവന്ന് കൃഷിയിറക്കിയതാണ്. പാടത്തെ ഇപ്പോഴത്തെ അവസ്ഥ കണ്ട് കര്‍ഷകര്‍ എല്ലാവരും നിരാശരാണ്. കരിച്ചില്‍ ആരംഭിച്ച സമയത്ത് 60 സെന്റിലെ നെല്ല് കൊയ്തു. സാധാരണ 1500 കിലോ വരെ ലഭിക്കാറുള്ള നെല്ല് വെറും 150 കിലോ മാത്രമാണ് ലഭിച്ചത്. ചെലവിനുപോലും കാശുകിട്ടാത്ത അവസ്ഥയായതിനാല്‍ കൊയ്ത്ത് നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈക്കോലുള്ള പാടശേഖരങ്ങള്‍ കൊയ്തെടുക്കാനും ബാക്കിയുള്ളവ ഉപേക്ഷിക്കാനുമാണ് കര്‍ഷകര്‍ ആലോചിക്കുന്നത്. അടുത്ത കൃഷിയിറക്കേണ്ട പ്രവൃത്തികള്‍ മേയ് മാസത്തില്‍ തുടങ്ങണം.
അതിനാല്‍ അടിയന്തരമായി സര്ക്ര് ഇടപെട്ട് കര്‍ഷകര്‍ക്ക് പ്രത്യേക സഹായധനം അനുവദിക്കാന്‍ തയ്യാറാകണമെന്ന് പാടശേഖരസമിതി പ്രസിഡന്റ് പി.എ. നന്ദികേശന്, സെക്രട്ടറി പി. രാധാകൃഷ്ണന് എന്നിവര്‍ ആവശ്യപ്പെട്ടു. കരിച്ചില്‍ ഭീഷണി നേരിടുന്ന ഇനിയുള്ള 32 ഏക്കറിലെ നെല്ലിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കടം വാങ്ങിയും ലോണ്‍ എടുത്തും കൃഷി ആരംഭിച്ച കര്‍ഷകരില്‍ പലരും കടക്കെണിയിലേക്ക് എത്തുന്ന അവസ്ഥയാണുള്ളത്. കൃഷി നാശത്തിന്റെ വക്കില്‍ എത്തി നില്ക്കുന്ന കര്ഷകന് സബ്സിഡിയോ നഷ്ടപരിഹാരമോ നല്‍കാനുള്ള നടപടി സര്‍ക്കാര്‍ എടുക്കണം എന്നാണ് മേഖലയിലെ കര്‍ഷകരുടെ ആവശ്യം. സമീപ മേഖലയിലെ കോള്‍ പാടശേഖരങ്ങളില്‍ നെല്‍ കര്‍ഷകര്‍ സമാന അവസ്ഥ നേരിടുന്നതായി കര്‍ഷകര്‍ പറഞ്ഞു.