ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഇന്റര്‍വ്യൂ പ്ലാറ്റ്ഫോം വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
ഇരിങ്ങാലക്കുട: കമ്പനികള്‍ക്ക് വേണ്ടി ഇന്റര്‍വ്യൂകള്‍ നടത്തുന്ന ജോലിയും ഇനി കമ്പ്യൂട്ടറുകള്‍ ഏറ്റെടുക്കും. ഏത് ജോലിയിലേക്കാണോ ഇന്റര്‍വ്യൂ എന്നതിനെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ തയ്യാറാക്കുക, ചോദ്യങ്ങള്‍ മനുഷ്യരൂപമുള്ള തല്‍സമയ റോബോട്ടിക് വിഷ്വലായി ഉന്നയിക്കുക, ഉദ്യോഗാര്‍ഥിയുടെ ഉത്തരങ്ങളും അയാളുടെ ശരീരഭാഷയും ആത്മവിശ്വാസത്തിന്റെ തോതുമെല്ലാം മനസിലാക്കി മാര്‍ക്കിടുക എന്നിങ്ങനെ, ഒരു ഇന്റര്‍വ്യൂ പ്രക്രിയയിലെ എല്ലാ ഘട്ടങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്ന സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോം വികസിപ്പിച്ചിരിക്കുകയാണ് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍. സ്വകാര്യ സംരംഭകനായ ജയന് മേനോനു വേണ്ടി വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് ആപ്പായ ലെവന്റേറ്റ് ലാബ് ആണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്മാര്‍ട്ട് ഓട്ടോമേറ്റഡ് ഇന്റര്‍വ്യൂ എന്ന സോഫ്റ്റ് വെയര്‍ വികസിപ്പിച്ചത്. അഖില്‍ പി. രാജ്, എം. സായി പ്രസാദ്, അമല്‍ മനോജ്, ഓസ്റ്റിന്‍ സിംപ്സണ്, പ്രണവ് മധു, ആല്‍ഫ്രിന്‍ പൗലോസ്, എസ്. അനന്യ എന്നീ വിദ്യാര്‍ഥികളാണ് പ്രോജക്ടില്‍ പങ്കാളികളായത്. അധ്യാപകരായ മാഗ്നിയ ഡേവിസ്, പി.വി. ഭാഗ്യശ്രീ എന്നിവരാണ് മെന്റര്‍മാര്‍. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന ചടങ്ങില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സോഫ്റ്റ് വെയറിന്റെ പ്രകാശനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഡോ. വിന്‍സ് പോള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.