നാട്ടുത്സവമല്ല, ഇതു വോട്ടുത്സവം….കാത്തുനിന്ന് ജനം വിധിയെഴുതി
ഇരിങ്ങാലക്കുട: വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്കു ഒഴുകിയെത്തിയതോടെ മണ്ഡലത്തില്‍ കനത്ത പോളിംഗ്. രാവിലെ പോളിംഗ് ആരംഭിച്ചതു മുതല്‍ ഇരിങ്ങാലക്കുട മണ്ഡലത്തിലെ 300 പോളിംഗ് ബൂത്തുകളിലും സമ്മതിദായകരുടെ നീണ്ട നിരയായിരുന്നു. നഗരത്തിലെയും ഗ്രാമങ്ങളിലെയും പോളിംഗ് ബൂത്തുകളില്‍ സ്ത്രീ സാന്നിധ്യമായിരുന്നു ഏറെ കാണപ്പെട്ടത്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്സന് ഈരത്തറ, കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എന്നിവരോടൊപ്പമാണു ബിഷപ് വോട്ടു ചെയ്യാനെത്തിയത്.
ചലച്ചിത്ര താരം ടൊവിനോ തോമസ് ഗവ. ഗേള്‍സ് സ്കൂളില്‍ മാതാപിതാക്കളായ അഡ്വ. ഇ.ടി തോമസ്, ഷീല, ഭാര്യ ലിഡിയ, സഹോദരന് ടിന്സ്റ്റണ് എന്നിവര്‍ക്കൊപ്പം എത്തി വോട്ടു രേഖപ്പെടുത്തി. മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ സ്കൂളിലും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഗവ. ബോയ്സ് സ്കൂളിലും മുന്‍ മുകുന്ദപുരം എംപിയും എംഎല്‍എയുമായിരുന്ന പ്രഫ. സാവത്രി ലക്ഷ്മണന് ഗവ. ഗേള്‍സ് സ്കൂളിലും വോട്ട് രേഖപ്പെടുത്തി. പരിക്കുപറ്റി ചികിത്സയില്‍ കഴിയുന്ന നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സ്ഞജീവ് കുമാര്‍ നാഷണല്‍ സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി.
ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്തവരാകണം പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടേണ്ടത്—ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍–
ഇരിങ്ങാലക്കുട: ജനാധിപത്യവും മതേതരത്വവും ഭരണഘടനയും നിലനിറുത്താനും മികച്ച കേന്ദ്ര ഭരണം കാഴ്ചവക്കുവാനും കഴിയുന്നവരാകണം ജനപ്രതിനിധികളാകേണ്ടതെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ദരിദ്രജനവിഭാഗങ്ങളെയും മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും പരിഗണിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. സദാചാരവും പൊതു നന്മയും നീതിയും പ്രകടമാക്കുന്ന നല്ല ജനപ്രതിനിധികള്‍ കടന്നുവരണം. ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ടു ഭരണഘടനയുടെ എല്ലാ ഘടകങ്ങളും ഉള്‍കൊണ്ടുകൊണ്ട് പൊതുനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം.
വര്‍ഗീയത ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കുവാന കഴിയില്ല. അത് അക്രമങ്ങിലേക്ക് മാത്രമേ വഴി തെളിയിക്കുകയുള്ളൂ. സാക്ഷരതയില്‍ മുന്നിലുള്ള കേരളം വര്‍ഗീയതയെ പ്രതിരോധിക്കുന്നതില്‍ മുന്നിലാണെന്നതില്‍ അഭിമാനമുണ്ട്.
നടന് ടൊവിനോ തോമസ്
ഏകാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും ശരിയായ ആളുകള്‍ തന്നെ തെരഞ്ഞെടുക്കണം-നടന് ടൊവിനോ തോമസ്
ഇരിങ്ങാലക്കുട: എകാധിപത്യ പ്രവണതകള്‍ ഒഴിവാക്കാനും ശരിയായ ആളുകള്‍ തന്നെ തെരഞ്ഞെടുക്കപ്പെടാനും വേണ്ടിയായിരിക്കണം വോട്ട് രേഖപ്പെടുത്തേണ്ടതെന്ന് നടന് ടൊവിനോ തോമസ്. വോട്ട് ചെയ്യുക എന്നത് അവകാശം എന്നതിനെക്കാള്‍ കടമയാണ്. രാജ്യത്തിന്റെ ഭാവിയാണ് തീരുമാനിക്കപ്പെടുന്നത്. കൂടുതല്‍ പോളിംഗ് ശതമാനമാണ് താന്‍ ഇത്തവണ പ്രതീക്ഷിക്കുന്നത്. നൂറ് ശതമാനം പോളിംഗ് ഉണ്ടെങ്കില്‍ അത്രയും നല്ലതാണ്.
ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് രാത്രിയിലും….
ഇരിങ്ങാലക്കുട: പോളിംഗ് സമയം അവസാനിച്ചിട്ടും ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. ഒന്നര മാസത്തോളം നീണ്ട ശക്തമായ പ്രചാരണം വോട്ടെടുപ്പിലും മിന്നുന്ന കാഴ്ചയായി. കാര്യമായ പ്രശ്നങ്ങളില്ലാതെ കടന്നുപോയെങ്കിലും വോട്ടിംഗ് മെഷീനുകള്‍ പലയിടത്തും തകരാറായത് ഏറെ ആശയകുഴപ്പം സൃഷ്ടിച്ചു. ഇതു മൂലം വോട്ടു ചെയ്യുവാന്‍ എത്തിയ പലര്‍ക്കും മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടി വന്നു. പലര്ക്കു വോട്ടു ചെയ്യുവാന്‍ പോലും കഴിഞ്ഞില്ലെന്നും പരാതി ഉയര്‍ന്നീട്ടുണ്ട്. കാറളം പഞ്ചായത്തില്‍ കിഴുത്താണി സ്കൂള്‍, താണിശേരി ഹരിപുരം ടിഎന്ജെ ഹാള്‍, ചെമ്മണ്ട നസ്രത്ത് സോഷ്യല്‍ സെന്റര്‍, വെള്ളാനി എല്‍പി സ്കൂള്‍, ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് എസ്എന്‍ സ്കൂള്‍, കുഴിക്കാട്ടുശേരി ഹോളിഫാമിലി സ്കൂള്‍, മൂര്‍ക്കനാട് സെന്റ് സേവിയേഴ്സ് സ്കൂള്‍, നാഷ്ണല്‍ സ്കൂള്‍, പടിയൂര്‍ പഞ്ചായത്തില്‍ എടത്തിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂള്‍, പടിയൂര്‍ വളവനങ്ങാടി ഡോണ്‍ബോസ്കോ സ്കൂള്‍, പടിയൂര്‍ എസ്എന്‍എല്‍പി സ്കൂള്‍, പൂമംഗലം പഞ്ചായത്തില്‍ അരിപ്പാലംഎഎല്പി സ്കൂള്‍, കല്പറമ്പ് ബിവിഎം സ്കൂള്‍, എടക്കുളം സെന്റ് മേരീസ് സ്കൂള്‍, എടക്കുളം എസ്എന്‍ സ്കൂള്‍ കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂള്‍, കാട്ടൂര്‍ ഗവ. സ്കൂള്‍, ആളൂര്പഞ്ചായത്തില് കല്ലേറ്റുംങ്കര സ്കൂള്‍, മുരിയാട് പഞ്ചായത്തില്‍ ഊരകം പള്ളിഹാള്‍, പുല്ലൂര്‍ എസ്എന്‍ എല്‍പി സ്കൂള്‍ എന്നിവടങ്ങളില്‍ വൈകീട്ട് ആറ് മണിക്കു ശേഷവും വോട്ടര്‍മാരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. പലയിടത്തും മെഷീനുകള്‍ പണിമുടക്കിയതാണ് ഇതിനു കാരണം. കാട്ടുങ്ങചിറ എസ്എന്‍ സ്കൂളില്‍ ആറുവണിക്കു ശേഷം വോട്ടുചെയ്യുവാന്‍ 193 പേര്‍ക്ക് സ്ലിപ്പ് നല്‍കുകയായിരുന്നു. രാത്രി എട്ടരയോടെയാണ് ഇവിടെത്തെ പോളിംഗ് അവസാനിച്ചത്. രണ്ടു തവണ മെഷീനുകള്‍ ഈ ബൂത്തില്‍ തകരാറിലായി.
കിഴുത്താണി സ്കൂളിലും ഇരിങ്ങാലക്കുട എസ് എന്‍ സ്കൂളിലും നീണ്ട നിര കണ്ടിട്ട് അറുപതോളം പേര് വോട്ട് ചെയ്യാതെ മടങ്ങിയതായി രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചു. കാറളം പഞ്ചായത്തിലെ കിഴുത്താണി ആര്‍എംഎല്‍പി സ്കൂളിലെ 25, 26, 27 എന്നീ മൂന്ന് ബൂത്തുകളിലായി 3500 ഓളം വോട്ടര്‍മാരാണുള്ളത്. സ്കൂളിന്റെ വരാന്തകളിലും ചെറിയ മുറ്റത്തിലും വോട്ടര്‍മാര്‍ തിങ് നില്ക്കുന്ന അവസ്ഥയാണ് വൈകീട്ട് ആറ് മണിക്ക് ദൃശ്യമായത്. രാവിലെ മുതല്‍ തന്നെ പോളിംഗ് മന്ദഗതിയിലാണ് നീങ്ങിയതെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പറഞ്ഞു. ആക്ഷേപം ഉയര്‍ന്നതോടെ ആര്‍ഡിഒ അടങ്ങുന്ന സംഘം ബൂത്ത് സന്ദര്‍ശിച്ചു. വോട്ടര്‍മാര്‍ക്ക് ഇരിക്കാന്‍ കസേരകളും കുടിവെള്ളവും റവന്യൂ അധികൃതര്‍ എത്തിച്ചു. പോലീസ് ക്രമസമാധാനത്തിനായി ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഒന്നും സംഭവിച്ചില്ല.
മണ്ഡലത്തിലെ പ്രശ്നബാധിത ബൂത്തുകളായ പടിയൂര്‍ പഞ്ചായത്തിലെ എസ്എന്‍ എല്‍പി സ്കൂളിലെ മൂന്നു ബൂത്തുകളില്‍ പോലീസിന്റെ പ്രത്യേകം നിരീക്ഷണം ഉണ്ടായിരുന്നു.