നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍

ഇരിങ്ങാലക്കുട: കൊട്ടികലാശത്തോടെ ലോക്സഭ തിരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനമായി, ഇനി നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകള്‍. ശബ്ദ പ്രചരണം അവസാനിക്കുന്ന ബുധനാഴ്ച വൈകീട്ട് നാലു മണി കഴിഞ്ഞതോടെ നഗരം കേന്ദ്രീകരിച്ച് പ്രകടനമായി എത്തിയ മുന്നണി പ്രവര്‍ത്തകരുടെ ആവേശം അലതല്ലുന്നതായിരുന്നു കൊട്ടികലാശം.

കാവടികളും ബാന്റ് മേളങ്ങളും നൃത്തചുവടകളുമൊക്കെയായി വീറും വാശിയും പ്രകടിപ്പിച്ചായിരുന്നു ഇരിങ്ങാലക്കുട പട്ടണത്തില്‍ മുന്നണികളുടെ കൊട്ടിക്കലാശം നടന്നത്. യുഡിഎഫ് നേതാക്കളായ എം പി ജാക്സന്, അഡ്വ തോമസ് ഉണ്ണിയാടന് എന്നിവരുടെ നേത്യത്വത്തില്‍ വൈകീട്ട് നാല് മണിയോടെ കുട്ടംകുളം പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം പ്രധാന വീഥിയിലൂടെ ഠാണാവില്‍ സമാപിച്ചു. ഇതേ സമയം ഠാണാവില്‍ നിന്നും എന്‍ഡിഎ നേതാക്കളായ കൃപേഷ് ചെമ്മണ്ട, ഷൈജു കുറ്റിക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു, എല്‍ഡിഎഫ് നേതാക്കളായ പി മണി, അഡ്വ. കെ ആര് വിജയ, ടി കെ സുധീഷ് എന്നിവരുടെ നേത്യത്വത്തില്‍ ഠാണാവില്‍ നിന്നും ആരംഭിച്ച പ്രകടനം ആല്‍ത്തറ പരിസരത്തും സമാപിച്ചു. ഇടയ്ക്ക് പെയ്ത മഴയൊന്നും തന്നെ അണികളുടെ ആവേശം കുറച്ചില്ല. തൃശ്ശൂര്‍ റൂറല്‍ പോലീസ് എസ്പി നവനീത് ശര്‍മ്മ ഐപിഎസി ന്റെ നേത്യത്വത്തില്‍ കനത്ത പോലീസ് സംഘം അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനും ഗതാഗതം നിയന്ത്രിക്കാനും സ്ഥലത്തുണ്ടായിരുന്നു.
