ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ തേടിയെത്തിയ കലാകാരന്മാരേയും കലാപ്രവര്‍ത്തകരേയും അനുമോദിച്ചു
ഇരിങ്ങാലക്കുട: ദേശീയസംസ്ഥാന പുരസ്കാരങ്ങള്‍ തേടിയെത്തിയ കലാകാരന്മാരേയും കലാപ്രവര്‍ത്തകരേയും അനുമോദിച്ചുകൊണ്ട്, ഇരിങ്ങാലക്കുട ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് അമ്മന്നൂര്‍ ചാച്ചുച്ചാക്ക്യാര് ഗുരുകുലത്തില്‍ അനുമോദനചടങ്ങ് നടത്തി. സമഗ്രസംഭാവനക്ക് കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, ഈ വര്‍ഷത്തെ കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് തുടങ്ങി ഈ വര്‍ഷം തന്നെ നിരവധി പുരസ്കാരങ്ങള്‍ നേടിയ കൂടിയാട്ട കുലപതി വേണുജി, കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാഖാന് യുവപുരസ്ക്കാരം നേടിയ കൂടിയാട്ട കലാകാരി ഡോ. അപര്‍ണ നങ്ങ്യാര്‍, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം രാജീവ്, കേരള കലാമണ്ഡലം അവാര്‍ഡ് നേടിയ മിഴാവ് വാദകനായ കലാമണ്ഡലം നാരായണന് നമ്പ്യാര്‍, കേരള കലാമണ്ഡലത്തിന്റെ വി.എസ്. ശര്‍മ്മ എന്‍ഡോവ്മെന്റ് പുരസ്കാരം മോഹനിയാട്ടത്തില്‍ നേടിയ കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, കേരളകലാമണ്ഡലത്തിന്റെ ഡോക്യുമെന്ററി വിഭാഗത്തില്‍ നാദഭൈരവി എന്ന കഥേതരചലചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രീജിത്ത് വെള്ളാനി, ഡോ. അനൂപ് വെള്ളാനി, കേരള കലാമണ്ഡലം മുകുന്ദരാജാ സ്മൃതി പുരസ്കാരത്തിന് അര്‍ഹനായ അനിയന് മംഗലശേരി എന്നീ അവാര്‍ഡ് ജേതാക്കളേയും കൂടാതെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്ത ആശാ സുരേഷ്, സോപാനസംഗീതത്തില്‍ യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായ സലീഷ് നനദുര്‍ഗ എന്നിവരെയുമാണ് അനുമോദന ചടങ്ങില്‍ ആദരിച്ചത്. കഥകളിക്ലബ്ബിന്റെ സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ മുദ്രണമാണ് ഏവരേയും അനുമോദിച്ചുകൊണ്ട് നല്‍കിയത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഇരിങ്ങാലക്കുടയുടെ സാംസ്കാരിക വാര്‍ത്തകളെ മാധ്യമരംഗത്ത് കൃത്യമായി അടയാളപ്പെടുത്തിയിട്ടുള്ള പ്രമുഖ കലാസാംസ്കാരിക പ്രവര്‍ത്തകനായ പ്രഫ. ജോര്‍ജ് എസ്. പോള്‍ വിശിഷ്ടാഥിതി ആയിരുന്നു. ക്ലബ് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ് തമ്പാന് അധ്യക്ഷത വഹിച്ചു. രാജീവ് മേനോന്, ടി.എന്‍. കൃഷ്ണദാസ് എന്നിവര്‍ പ്രസംഗിച്ചു. അനുമോദന ചടങ്ങിനു മുന്നോടിയായി ഡോ. അപര്‍ണ നങ്ങ്യാരുടെ കംസവധം നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറി. കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണ നമ്പ്യാര്‍ മിഴാവിലും, കലാനിലയം ഉണ്ണികൃഷ്ണന് ഇടയ്ക്കയിലും, താളത്തില്‍ സരിത കൃഷ്ണകുമാറും അകമ്പടിയേകി.