ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് കൊടിയിറങ്ങി; നവാഗത സംവിധായകനുള്ള സി.ആര്. കേശവന് വൈദ്യര് മെമ്മോറിയല്‍ അവാര്‍ഡ് സംവിധായിക ശിവരഞ്ജിനിക്ക് സമ്മാനിച്ചു

നവാഗത സംവിധായകനുള്ള സി.ആര്. കേശവന് വൈദ്യര് മെമ്മോറിയല്‍ അവാര്‍ഡ് സംവിധായിക ശിവരഞ്ജിനിക്ക് സമ്മാനിക്കുന്നു.
ഇരിങ്ങാലക്കുട: സമകാലീന വിഷയങ്ങളെ മനസ്സിലാക്കുന്നതില്‍ മാധ്യമങ്ങളെക്കാള്‍ ചലച്ചിത്രങ്ങള്‍ ഗുണകരമായി മാറുന്നുണ്ടെന്ന് മാധ്യമപ്രവര്ത്തകന് ശശികുമാര്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളടക്കത്തില്‍ മലയാള സിനിമ പുലര്‍ത്തുന്ന മേന്മ ദേശീയ തലത്തില്‍ തന്നെ അംഗീകരിക്കപ്പെടുന്നുണ്ടെന്നും പുതു തലമുറയിലെ സംവിധായകര്‍ക്ക് താങ്ങായി ഫിലിം സൊസൈറ്റികള്‍ നിലകൊള്ളുന്നുവെന്നത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസിഡന്റ് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു.
ചലച്ചിത്രമേളയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എര്‍പ്പെടുത്തിയ നവാഗത സംവിധായകനുള്ള സി.ആര്. കേശവന് വൈദ്യര് മെമ്മോറിയല്‍ അവാര്‍ഡ് വിക്ടോറിയ എന്ന ചിത്രത്തിന്റെ സംവിധായിക ജെ. ശിവരഞ്ജിനിക്ക് എസ്വി പ്രൊഡക്റ്റ്സ് ഡയറക്ടര്‍ ഡോ. സി.കെ. രവി സമ്മാനിച്ചു. അവാര്‍ഡ് ജൂറി അംഗം സി.എസ്. വെങ്കിടേശ്വരന്, അഡീഷണല്‍ ഡിസ്ട്രിക്റ്റ് ജഡ്ജ് ആന്‍ഡ് സ്പെഷ്യല്‍ ജഡ്ജ് ജോമോന് ജോൺ, ജെ. ശിവരഞ്ജിനി, ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതന്, സെക്രട്ടറി നവീന്‍ ഭഗീരഥൻ, എം.ആര്. സനോജ്, ലേഖനമല്സര വിജയി കെ. സേതുലക്ഷ്മി എന്നിവര്‍ സംസാരിച്ചു.