എംഎസ്എസിന്റെ സൗജന്യ മരുന്ന് വിതരണം: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമാകണമെന്ന് ടി.എസ്. നിസാമുദ്ദീന്‍

എംഎസ്എസ് കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി ആരംഭിച്ച സൗജന്യ മരുന്നു വിതരണ സംരംഭത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ ടി.എസ്. നിസാമുദ്ദീന്‍ ഹാജി നിര്‍വഹിക്കുന്നു.
കരൂപ്പടന്ന: സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ആരംഭിച്ച് മുസ്ലിം സര്‍വീസ് സൊസൈറ്റി(എംഎസ്എസ് ) കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയില്‍ എത്തിയാലേ അവ ശാസ്ത്രീയമാവുകയുള്ളു എന്ന് മുസ്ലിം സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) സംസ്ഥാന സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ ടി.എസ്. നിസാമുദ്ദീന്‍ ഹാജി പ്രസ്താവിച്ചു.
ഒരേ പ്രദേശത്ത് വിവിധ സംഘടനകള്‍ ഒരേസമയം ഒരേ സേവനം നടത്തുന്നത് പലപ്പോഴും ആവശ്യങ്ങളുടെ ലഭ്യത മിച്ചമാകുവാനും അവ ലഭ്യമാവേണ്ട പലയിടങ്ങളിലും അവ ലഭ്യമാകാതിരിക്കാനും ഇടവരുത്തുന്നുണ്ട്. ഈ അപാകതകള്‍ പരിഹരിക്കുവാന്‍ സേവനവും സാന്ത്വനവും നല്കുന്ന സന്നദ്ധ സംഘടനകളും സേവന പ്രസ്ഥാനങ്ങളും പരസ്പര ധാരണയില്‍ എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്.
എംഎസ്എസ് കൊടുങ്ങല്ലൂര്‍ ടൗണ്‍ കമ്മിറ്റി ആരംഭിച്ച സൗജന്യ മരുന്നു വിതരണ സംരംഭത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എംഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ജിനീയര്‍ ടി.എസ്. നിസാമുദ്ദീന്‍ ഹാജി നിര്‍വഹിച്ചു. പി.എ. സീതി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹല്ല് അസിസ്റ്റന്റ് ഖത്തീബ് ഫാസില്‍ അന്‍വരി പ്രാര്‍ത്ഥനാ നേതൃത്വവും ജില്ലാ പ്രസിഡന്റ് അഡ്വ. കെഎസ്എ ബഷീര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി എം.പി. ബഷീര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് ഹാജി പി.വി. അഹമ്മദ് കുട്ടി. പുല്ലൂറ്റ് മഞ്ഞനാ മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.എം. അബ്ദുല്‍ ജബ്ബാര്‍, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി പി.കെ. ജസീല്‍, വനിതാ വിങ്ങ് ജില്ലാ ജനറല്‍ സെക്രട്ടറി ജുമൈല ജസീല്‍, മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന് (മെക്ക) കൊടുങ്ങല്ലൂര്‍ താലൂക്ക് ജനറല്‍ സെക്രട്ടറി ഇ. മുഹമ്മദ് ഉസ്മാന്(എറമംഗലത്ത്), വനിതാ വിങ്ങ് ജില്ല ട്രഷറര്‍ ബീന കാട്ടകത്ത്, മുന്‍ മഹല്ല് ജനറല്‍ സെക്രട്ടറി അഷറഫ് പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് പുല്ലൂറ്റ് ശാഖ പ്രസിഡന്റ് എം.എം. സത്താര്‍, മഹല്ല് ജനറല്‍ സെക്രട്ടറി പി.എ. വാഹിദ്, പുല്ലൂറ്റ് സര്‍വീസ് സഹകരണ ബാങ്ക് മുന്‍ഡയറക്ടറും മുസ്ലിം ലീഗ് മുന്‍ മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറിയുമായ എം.എ. ഇബ്രാഹിം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.