അവുണ്ടര് ചാലില്‍ ഇനി തെളിനീരൊഴുകും; ചണ്ടിയും കുളവാഴയും നീക്കം ചെയ്തു

ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട അവുണ്ടര് ചാല് ജെസിബി ഉപയോഗിച്ച് വൃത്തിയാക്കുന്നു.
എടക്കുളം: ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട അവുണ്ടര് ചാല് വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ടില്‍നിന്ന് 13 ലക്ഷം ചെലവഴിച്ചാണ് കനാല്‍ വൃത്തിയാക്കുന്നത്. ഫ്ളോട്ടിംഗ് ജെസിബി ഉപയോഗിച്ചാണ് കനാലില്‍നിന്ന് ചണ്ടിയും കുളവാഴയും നീക്കം ചെയ്യുന്നത്. കനാലും ഇടതോടുകളും വൃത്തിയാക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചതു സംബന്ധിച്ച് കര്‍ഷകര്‍ പരാതിപ്പെട്ടിരുന്നു.
പൂമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എടക്കുളം നെറ്റിയാട് സെന്ററില്‍നിന്ന് പടിഞ്ഞാറ് അവുണ്ടര് ചാല് കനാലിന്റെ വടക്കുള്ള പാടശേഖരത്തിലേക്ക് കൃഷി ആവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നത് ഈ കനാലില്‍ നിന്നാണ്. എന്നാല്‍ ചണ്ടിയും കുളവാഴയും നിറഞ്ഞുകിടക്കുകയും നീരൊഴുക്ക് തടസ്സപ്പെടുകയും ചെയ്തതിനാല്‍ പടിയൂര്പൂമംഗലം കോള്‍ മേഖലയില്‍ ഉള്‍പ്പെട്ട 70 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ ഇപ്പോള്‍ 25 ഏക്കറില്‍ മാത്രമാണ് കൃഷിയിറക്കുന്നത്. കനാല്‍ വൃത്തിയാക്കാനുള്ള നടപടി പഞ്ചായത്തോ കൃഷിഭവനോ ചെയ്യുന്നില്ലെന്ന കര്‍ഷകര്‍ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് കനാല്‍ വൃത്തിയാക്കാന്‍ ആരംഭിച്ചത്.