അവുണ്ടര്ചാലിനു കുറുകെ പാലംവേണം: കേരള കോണ്‍ഗ്രസ്

അവുണ്ടര്ചാലിനു കുറുകെ പാലംവേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് പൂമംഗലം മണ്ഡലം പ്രവര്‍ത്തകര്‍നടത്തിയ പ്രതിഷേധധര്‍ണ തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്യുന്നു.
അരിപ്പാലം: അവുണ്ടര്ചാലിന് കുറുകെ പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് പൂമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെറ്റിയാട് സെന്ററില്‍ നടത്തിയ പ്രതിഷേധകൂട്ടായ്മ ആവശ്യപ്പെട്ടു. പൂമംഗലം – പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പാലം ദീര്ഘാനാളത്തെ സ്വപ്നമാണ്. യുഡിഎഫ് ഗവണ്മെന്റിന്റെ കാലത്ത് ബജറ്റില്‍ ഉൾപെട്ടിരുന്നെങ്കിലും നാളിതുവരെ പാലം നിര്‍മിച്ചിട്ടില്ലെന്നും പ്രതിഷേധസംഗമം ചൂണ്ടിക്കാട്ടി.
യുഡിഎഫിന്റെ ശ്രമഫലമായി ഈ ഭാഗത്ത് രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പിഎംജിഎസ്വൈ പദ്ധതിപ്രകാരം 1.8 കോടി ചെലവില്‍ റോഡ് പണിതിട്ടുണ്ടെങ്കിലും ഇടയ്ക്കുള്ള പാലം വരാത്തതിനാല്‍ പൂര്‍ണപ്രയോജനം കിട്ടുന്നില്ല എന്നും പ്രതിഷേധസംഗമം പറഞ്ഞു. പ്രതിഷേധസംഗമം ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് വിനോദ് ചേലൂക്കാരന്‍ അധ്യക്ഷതവഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറി സേതുമാധവന്, മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് ജോമോന് ജോണ്സന്, വത്സ ആന്റു മാളിയേക്കല്‍, ആന്റണി ചേലേക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.