ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2025 ന് വര്‍ണാഭമായ സമാപനം

ക്രൈസ്റ്റ് ബീച്ച് ഹാക്ക് 2025 വിജയികള്‍ പുരസ്കാരവുമായി ഫാ. ജോണ്‍ പാലയേക്കരയോടൊപ്പം.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം, ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍ എന്നിവയുടെ സഹകരണത്തോടെ ദേശീയ തലത്തില്‍ സംഘടിപ്പിച്ച ആറാമത് മെഗാ കോഡിംഗ് ഹാക്കത്തോണ്‍ ബീച്ച് ഹാക്ക് 2025 ന് ഉജ്ജ്വല സമാപനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തിലധികം പേരാണ് ഹാക്കത്തോണിന് രജിസ്റ്റര്‍ ചെയ്തത്. അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് ടീമുകളാണ് ചെറായി കോസ്റ്റല്‍ ഇവന്റ്സ് കണ്വെന്ഷന് സെന്ററില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നതായിരുന്നു ഹാക്കത്തോണിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജിലെ നമിത പി. ഷാജി, ജോയല്‍ ജെയ്സണ്‍, ഹാരിസ് ജോസിന് പീറ്റര്‍ എന്നിവരടങ്ങിയ സോള്സിങ്ക് ടീം ഒന്നാം സ്ഥാനം നേടി. മുംബൈ യൂണിവേഴ്സിറ്റി, സിന്ധുദുര്‍ഗ് ശിക്ഷണ്‍ പ്രസാരക് മണ്ഡല് മഹാരാഷ്ട്ര എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള രാജ് ദേശായി, ആര്യന് കദം, അദ്വൈത് വറങ്, സുയോഗ് റാവൂള്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീം രണ്ടാം സ്ഥാനവും ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളജ് വിദ്യാര്‍ഥികളായ എല്‍. ഹര്‍ഷിത, കീര്‍ത്തന റെഡ്ഡി, പ്രിയാന്‍ഷു അഗര്‍വാള്‍ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
യഥാക്രമം അന്‍പതിനായിരം, മുപ്പതിനായിരം, ഇരുപതിനായിരം രൂപ ക്യാഷ് പ്രൈസും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ടിസിഎസ്, യുഎസ്ടി ഗ്ലോബല്‍ എന്നിവയില്‍ നിന്നുള്ള സങ്കേതിക വിദഗ്ധര്‍ മത്സരത്തില്‍ വിധികര്‍ത്താക്കളായി. ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ സമ്മാന ദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ എന്നിവര്‍ സംബന്ധിച്ചു. അധ്യാപകരായ ഡോ. വിന്‍സ് പോള്‍, സുനി ജോസ്, കമ്പ്യൂട്ടര്‍ സയന്‍സ് അസോസിയേഷന് കോഡിന്റെ ഭാരവാഹികളായ ഡെല്‍സ ഡേവിസ്, പാര്‍ഥിവ് കെ. അജിത് എന്നിവരാണ് പരിപാടികള്‍ ഏകോപിപ്പിച്ചത്.