ഇരിങ്ങാലക്കുടയില്‍ ഇനി സിനിമാക്കാലം

ഫിലിം ഫെസ്റ്റിവല്‍ ലോഗോ.
ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തിരി തെളിയും; അപ്പുറം ഉദ്ഘാടന ചിത്രം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ ഇനി സിനിമാക്കാലം. ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. നാളെ മുതല്‍ 16 വരെയുള്ള ദിവസങ്ങളിലായി മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി പ്രദര്‍ശനത്തിന് ഒരുങ്ങുന്നത് വിവിധതലങ്ങളില്‍ ശ്രദ്ധ നേടിയ 24 ചിത്രങ്ങള്‍. കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച അപ്പുറം, ഫെമിനിച്ചി ഫാത്തിമ, കാമദേവന് നക്ഷത്രം കണ്ടു, ഗേള്‍ ഫ്രണ്ട്സ്, സംഘര്‍ഷഘടന, കഴിഞ്ഞ വര്‍ഷങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയ ഭാരതപ്പുഴ, ഫാമിലി, അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ ഓള് വി ഇമാജിന്‍ എസ് ലൈറ്റ്, ഐ എം സ്റ്റില്‍ ഹിയര്‍ ഉള്‍പ്പെടെയുള്ള വിദേശ ഭാഷാ ചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, ഹോമേജ് വിഭാഗത്തില്‍ നിര്‍മ്മാല്യം, അങ്കുര്‍, മേഘേധാക്ക താര, പി ജയചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ ഒരു കാവ്യപുസ്തകം, കോട്ടയം കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ഷോട്ട് ഫിലിമുകള്‍, 2025 ല്‍ പ്രദര്‍ശനത്തിന് എത്തിയ തടവ്, അരിക് , ഗാസയില്‍ നിന്നുള്ള നേരനുഭവങ്ങളുമായി ഫ്രം ഗ്രൗണ്ട് സീറോ, അഭിഭാഷകയും ആക്ടിവിസ്റ്റുമായ കുക്കു ദേവകിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള കറുപ്പഴകി, കേരളത്തിലെ ജലപാതകളുടെ കഥ പറയുന്ന ജലമുദ്ര, ആന്തോളജിയായ ഹെര്‍ തുടങ്ങിയ ചിത്രങ്ങളാണ് രാവിലെ 10 നും 12 നും മാസ് മൂവീസിലും വൈകീട്ട് ആറിന് ക്രൈസ്റ്റ് കോളജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളിലുമായി പ്രദര്‍ശിപ്പിക്കുന്നത്. നാളെ രാവിലെ 10 ന് മാസ് മൂവീസില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന് ബിജിപാല്‍, പ്രവാസി വ്യവസായി തോട്ടാപ്പിള്ളി വേണുഗോപാല്‍മേനോന്‍, ഐഎഫ്എഫ് ഡയറക്ടര്‍ ചെറിയാന് ജോസഫ്, മാസ് മൂവീസ് പ്രൊപ്രൈറ്റര്‍ എം.പി പോളച്ചന് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പത്തിന് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നവാഗത സംവിധായകയ്ക്കുള്ള അവാര്‍ഡ് നേടിയ ഇന്ദു ലക്ഷ്മിയുടെ അപ്പുറം ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും.