കരുവന്നൂര്‍ ബാങ്ക്; വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശികയുണ്ടെന്ന് വ്യാജ ആരോപണം, ഇഡിക്കു പരാതി നല്കി വീട്ടമ്മ

കരുവന്നൂര്‍ ബാങ്ക്.
ഇരിങ്ങാലക്കുട: വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും കുടിശികയുണ്ടെന്ന് വ്യാജ ആരോപണം നടത്തിയ സംഭവത്തില്‍ വീട്ടമ്മ ഇഡിക്കു പരാതി നല്കി. മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില് ബിജു കരീമിനെതിരേയാണ് പരാതി. മൂര്‍ക്കനാട് പൊയ്യാറ വീട്ടില്‍ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷയാണ് പരാതി നല്‍കിയിരിക്കുന്നത്. ജയ്ഷയുടെ ഭര്‍ത്താവ് ഗൗതമന് 2013 ഡിസംബര്‍ ഏഴിന് കരുവന്നൂര്‍ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം വായ്പയെടുത്തു. പിന്നീടിത് അടച്ചു തീര്‍ത്തു. കുറച്ചു പണം സ്ഥിരനിക്ഷേപമിടുകയും ചെയ്തു. കരള്‍ രോഗം മൂലം മൂന്നു വര്‍ഷം ചികില്‍സയിലായിരുന്നു.
2018 ജൂണ്‍ 24ന് ഗൗതമന് മരിച്ചു. 2022 ല്‍ ജയ്ഷയുടെ വീട്ടിലെത്തിയ കരുവന്നൂര്‍ ബാങ്കിലെ ഉദ്യോഗസ്ഥന് ഗൗതമന്റെ പേരില്‍ ബാങ്കില്‍ 35 ലക്ഷത്തിന്റെ വായ്പാ കുടിശികയുണ്ടെന്നും അടച്ചു തീര്‍ക്കണമെന്നും ആവശ്യപ്പെട്ടു. 2013, 2015, 2016 വര്‍ഷങ്ങളിലായി 35 ലക്ഷത്തിന്റെ വായ്പയെടുത്തെന്നാണ് ബാങ്കുകാര് പറഞ്ഞത്. ഇത് വ്യാജ വായ്പയാണെന്ന് കാണിച്ച് പോലീസിലും ക്രൈംബ്രാഞ്ചിലും ബാങ്കിലും പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ബാങ്കുമായി ബന്ധപ്പെടുവാന്‍ ആവശ്യപ്പെടുവാന്‍ പറഞ്ഞ യാതെരു അന്വേഷണവും നടത്താതെ പരാതിയിലെ തുടര്‍ന്നടപടികള്‍ അവസാനിപ്പിക്കുകയാണ് ഉണ്ടായത്. ജില്ലാ പോലീസ് മേധാവിക്കും ക്രൈംബ്രാഞ്ചിനും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. പോലീസും ബാങ്കും അവഗണിച്ചതോടെ ജയ്ഷ കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാലത്ത് ബാങ്കിലെ മാനേജരായിരുന്ന ബിജു കരീമാണ് വ്യാജരേഖകള്‍ വെച്ച് വായ്പയെടുത്തതെന്ന് സംശയിക്കുന്നതായാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജി പരിഗണിച്ച ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ബാങ്കിലെ
മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില് ബിജു കരീമിനെതിരേ കേസെടുക്കന്‍ ഉത്തരവിട്ടു. ആദ്യമായാണ് സ്വകാര്യ അന്യായത്തില്‍ കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയുടെ ഉത്തരവ് വന്നത്. 334 കോടിയുടെ തട്ടിപ്പ് നടന്നെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇഡി) കണ്ടെത്തിയരുവന്നൂര് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാന പ്രതിയാണ് ബിജു കരീം. തട്ടിപ്പുമായി ബന്ധപ്പെട്ട് ജോലിയില്‍നിന്ന് പിരിച്ചു വിട്ടിരുന്നു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മാപ്പുസാക്ഷിയാണ് ബിജു കരീം. കോടതി നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു. ഇ.ഡിക്കു നല്കിയ പരാതിയില്‍ അന്വേഷണം നടക്കുന്നതായാണ് സൂചന.