നിറഞ്ഞ സദസ്സില്‍ തടവും ഫെമിനിച്ചി ഫാത്തിമയും; ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള എട്ടാം ദിനത്തിലേക്ക്

ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ തടവിന്റെ സംവിധായകന് ഫാസില്‍ റസാഖിനെ സാമൂഹ്യ പ്രവര്‍ത്തകനായ ബാലന് അമ്പാടതത് അഭിനന്ദിക്കുന്നു.
ഇരിങ്ങാലക്കുട: അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ തടവ്, ഫെമിനിച്ചി ഫാത്തിമ എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസില്‍. മാസ് മൂവീസില്‍ പ്രദര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം നടന്ന ചടങ്ങില്‍ തടവിന്റെ സംവിധായകന് ഫാസില്‍ റസാഖിനെ സാമൂഹ്യ പ്രവര്‍ത്തകനായ ബാലന് അമ്പാടത്തും ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകനും ക്രൈസ്റ്റ് കോളജ് പൂര്‍വ വിദ്യാര്‍ഥിയുമായ ഫാസില്‍ മുഹമ്മദിനെ കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലും ആദരിച്ചു.
അഡ്വ. ആശ ഉണ്ണിത്താന്, പി.കെ. കിട്ടന്മാസ്റ്റര്, കെ. ഹസന് കോയ, അഡ്വ. പി.കെ. നാരായണന് തുടങ്ങിയവര്‍ സംസാരിച്ചു. വൈകീട്ട് ഓര്‍മ്മ ഹാളില്‍ റഷ്യന്‍ ഡോക്യുമെന്ററിയായ ഇന്റര്‍സെപ്റ്റഡ് പ്രദര്‍ശിപ്പിച്ചു. ചലച്ചിത്രമേളയുടെ എട്ടാം ദിവസമായ ഇന്ന് മാസ് മൂവീസില്‍ രാവിലെ 10 ന് സംഘര്‍ഷഘടന, 12 ന് അരിക് എന്നീ ചിത്രങ്ങളും വൈകീട്ട് ആറിന് ഓര്‍മ്മ ഹാളില്‍ പാലസ്തീനിയന്‍ ഡോക്യുമെന്ററിയായ ഫ്രം ഗ്രൗണ്ട് സീറോ ദി അണ്‍ടോള്‍ഡ് സ്റ്റോറീസ് ഫ്രം ഗാസയും പ്രദര്‍ശിപ്പിക്കും.