കെഎസ്ടിപി റോഡ് നിര്‍മാണം; കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കാന്‍ ഉദോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി: മന്ത്രി ബിന്ദു

മന്ത്രി ആര്. ബിന്ദുവിന്റെ സാന്നിധ്യത്തില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍, നിര്‍മാണകമ്പനിയുടെ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ചനടത്തുന്നു.
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ – തൃശൂര്‍ റോഡില്‍ കെഎസ്ടിപി നിര്‍മാണംമൂലം നേരിടുന്ന കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കുന്നതിന് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. നിര്‍മാണം നടക്കുന്ന പ്രദേശങ്ങളിലെ പൈപ്പുകള്‍ മാറ്റിയിട്ട സ്ഥലങ്ങളില്‍ പുതിയ പൈപ്പിലേക്ക് ഇന്റര്‍ലിങ്ക് ചെയ്തും പൈപ്പുകള്‍ സ്ഥാപിക്കാന്‍ ബാക്കിയുള്ള സ്ഥലങ്ങളിലെ പ്രവൃത്തി അടിയന്തിരമായി പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശംനല്‍കി. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളജ് ജംഗ്ഷന് മുതല്‍ പുത്തന്‍തോട് വരെയുള്ള റോഡിനടിയിലൂടെ കടന്നുപോകുന്ന വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനുകളില്നിന്നുള്ള ജലവിതരണത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ ശാശ്വതപരിഹാരമാകും.
കെഎസ്ടിപിയുടെ നിര്‍മാണപ്രവൃത്തികളും വാട്ടര്‍ അഥോറിറ്റിയുടെ ജലവിതരണവും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിനുള്ള തീരുമാനങ്ങള്‍ ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണയിലായി. ഇതോടൊപ്പം പൂതംകുളം മുതല്‍ ചന്തക്കുന്ന് വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് മുമ്പായി നടത്തേണ്ട യൂട്ടിലിറ്റി ഷിഫ്റ്റിംഗിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായി. വ്യാപാരികള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ കൂടി പരിഹരിച്ചായിരിക്കും പൂതംകുളം മുതല്‍ ചന്തക്കുന്ന് വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുകയെന്ന് മന്ത്രി അറിയിച്ചു. യോഗത്തില്‍ കെഎസ്ടിപി ഉദ്യോഗസ്ഥര്‍, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍, നിര്‍മാണ കമ്പനിയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.