ഒരുമാസത്തിലേറെയായി കുടിവെള്ളമില്ല, നഗരസഭാ ഓഫീസിനുമുന്നില്‍ ബിജെപി പ്രതിഷേധം

കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധം.
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കെഎസ്ടിപി നടത്തുന്ന നിര്‍മാണത്തെത്തുടര്‍ന്ന് 38 ദിവസമായി പൊറത്തിശേരി മേഖലയില്‍ കുടിവെള്ളം കിട്ടുന്നില്ലെന്നാരോപിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ കുടങ്ങളും ബക്കറ്റുകളുമായി നഗരസഭ ഓഫീസിന് മുന്പില് പ്രതിഷേധിച്ചു. പ്രതിഷേധസൂചകമായി ഒഴിഞ്ഞ ബക്കറ്റുകളുമായി പ്രകടനമായിട്ടാണ് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന് എത്തിയത്.
മാപ്രാണം, തളിയക്കോണം, മാടായിക്കോണം, തേലപ്പിള്ളി, കരുവന്നൂര്‍ ഭാഗങ്ങളിലെല്ലാം ഒരു മാസത്തിലേറെയായി കുടിവെള്ളം ലഭിക്കുന്നില്ലെന്നും അടിയന്തരമായി നഗരസഭ ഇടപെട്ട് കെഎസ്ടിപി, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രശ്നംപരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. 38 ദിവസമായി ചിലയിടങ്ങളില്‍ വെള്ളം കിട്ടാത്ത സാഹചര്യമുണ്ടെന്ന് ബിജെപി അംഗം ടി.കെ. ഷാജു യോഗത്തില്‍ പറഞ്ഞു.
കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ നഗരസഭയുടെ നേതൃത്വത്തില്‍ കുടിവെള്ളവിതരണം ആരംഭിച്ചിട്ടുണ്ടെന്ന് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് കൗണ്‍സില്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ 41 വാര്‍ഡുകളിലും കുടിവെള്ളം വിതരണംചെയ്യുന്നത് പ്രായോഗികമല്ലെന്നും പ്രശ്നം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച രാവിലെ 10.30ന് കെഎസ്ടിപി, വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്ന് ചെയര്‍പേഴ്സണ്‍ അറിയിച്ചു.
ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കാന്‍ മൂന്നുലക്ഷം രൂപ അനുവദിക്കാനും യോഗം തീരുമാനിച്ചു. തദ്ദേശവകുപ്പ് മന്ത്രിയെകൊണ്ട് ഉദ്ഘാടനം നടത്തിക്കുകയും മാസങ്ങള്‍ക്കുള്ളില്‍ അകാലചരമമടയുകയുംചെയ്ത ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്പിക്കണമെന്ന് എല്‍ഡിഎഫ്, ബിജെപി അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അമിതലാഭം പ്രതീക്ഷിച്ച് കനത്ത നടത്തിപ്പ് തുക നിശ്ചയിച്ചതാണ് ഭരണനേതൃത്വത്തിനുപറ്റിയ വീഴ്ചയെന്നും ഇരിങ്ങാലക്കുടയില്‍ പദ്ധതി കനത്ത പരാജയമായെന്നും എല്‍ഡിഎഫ് അംഗങ്ങളായ അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
നഗരസഭ പരിധിയിലെ രണ്ടാമത്തെ വെല്‍നെസ് സെന്റര്‍ നാലാംവാര്‍ഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സുവര്‍ണജൂബിലി മന്ദിരത്തില്‍ ആരംഭിക്കാന്‍ യോഗം തീരുമാനിച്ചു. ഏഴാംവാര്ഡില് മാടായിക്കോണം പിഎച്ച്സിയില്‍ സെന്റര്‍ തുടങ്ങാന്‍ ജില്ലാ ആരോഗ്യവകുപ്പ് അനുമി നിഷേധിച്ച സാഹചര്യത്തിലാണിത്. ഏഴാംവാര്‍ഡ് മെമ്പര്‍ ആര്‍ച്ച അനീഷ് തീരുമാനത്തെ എതിര്‍ത്തു. ആധുനിക അറവുശാല നിര്‍മാണത്തിനായി കിഫ്ബിയില്‍നിന്നു ലോണ്‍ എടുക്കാനും നഗരസഭാ യോഗം തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷതവഹിച്ചു.