റോഡു മുഴുവന്‍ വെട്ടിപ്പൊളിച്ച് വാട്ടര്‍ അഥോറിറ്റി; നടുവൊടിഞ്ഞ് വാഹന യാത്രക്കാര്‍

വാട്ടര്‍ അഥോറിറ്റി പൈപ്പ് ഇടുന്നതിനായി റോഡരികില്‍ എടുത്ത കുഴി ആഴ്ചകളോളം പിന്നിട്ടിട്ടും നികത്താത്ത നിലയില്‍.
ഇരിങ്ങാലക്കുട: വാട്ടര്‍ അഥോറിറ്റി പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച തെക്കേ കാവപ്പുര കണ്ഠേശ്വരം റോഡ്, കാഞ്ഞിരത്തോട് റോഡ്, കൊരുമ്പിശേരി റോഡ്, സൗഹൃദ റോഡ് എന്നീ റോഡുകളിലെ കുഴികള്‍ താല്‍ക്കാലികമായി കോണ്‍ക്രീറ്റ് പോലും ചെയ്യാതെ വെറുതെ ഒരു പിടി മണ്ണിട്ട് പോയതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റോഡ് വെട്ടിപ്പൊളിച്ച ഭാഗത്ത് മണ്ണിട്ട് നികത്തിയതോടെ പ്രദേശത്ത് പൊടിശല്യവും രൂക്ഷമാവുകയാണ്.
അമൃദ് പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഒട്ടുമിക്ക എല്ലാ ഇടറോഡുകളും വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി കുത്തിപ്പൊളിച്ച നിലയിലാണ്. പൈപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ കുത്തിപ്പൊളിച്ച കുഴികള്‍ക്ക് മീതെ കുഴിയില്‍ നിന്നെടുത്ത മണ്ണുതന്നെ ഇട്ട് പോവുകയാണ് ഇവരുടെ പതിവ്.
ഏതെങ്കിലും കാലത്ത് ടാറിംഗ് നടന്നാല്‍ നടന്നു എന്നു മാത്രമേ കരുതാനാവൂ. അതുവരെ നടുവൊടിക്കുന്ന യാത്ര തന്നെ നാട്ടുകാര്‍ക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷകളിലും യാത്ര ചെയ്യുന്നവര്‍ക്ക് ശരണം. തീരെ ചെറിയ റോഡുകളാണെങ്കില്‍ പറയുകയും വേണ്ട, റോഡിന്റെ പകുതിയും കുഴിയെടുത്ത് പോകും. ടാറിംഗ് ചെയ്യുന്നതുവരെയും യാത്രക്കാര്‍ക്ക് കുണ്ടും കുഴിയും മണ്‍കൂനകളും താണ്ടി നടുവൊടിയാന്‍ മാത്രമേ സമയം കാണൂ.
റോഡരികില്‍ വലിയ കുഴികളെടുത്ത് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും അവ നികത്താന്‍ ആരും ഇതേ വരെ മെനക്കെട്ടിട്ടില്ല എന്നതാണ് ആശ്ചര്യകരം. വാട്ടര്‍ അഥോറിറ്റിയുടെ അനുസ്യൂതം തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഈ അനാസ്ഥക്കെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ആവശ്യമെങ്കില്‍ വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിക്കുന്ന കാര്യവും ഇവരുടെ സജീവമായ പരിഗണനയിലുണ്ട്.