നഗരസഭാ ഭരണം വളയിട്ട കൈകളില്‍, എന്നിട്ടും എങ്ങുമെത്താതെ സ്ത്രീ സൗഹൃദ പദ്ധതികള്‍

ഇരിങ്ങാലക്കുട: നഗരസഭാ ഭരണം വനിതാ നേതൃത്വത്തിലാണെങ്കിലും നഗരത്തിലെ സ്ത്രീ സൗഹൃദ പദ്ധതികള്‍ ഏങ്ങുമെത്താത്ത അവസ്ഥയിലാണ്. സ്ത്രീ സൗഹൃദത്തിന്റെ പേരില്‍ തുടങ്ങിയ മിക്ക സ്ഥാപനങ്ങളുടെയും നടത്തിപ്പിന്റെ കാര്യത്തില്‍ വീഴ്ച വന്നിരിക്കുകയാണ്. പല പദ്ധതികളും ദീര്‍ഘ വീക്ഷണമില്ലാത്തതിനാല് അവ പൂര്‍ത്തിയാകാത്ത അവസ്ഥയിലാണ്. കഴിഞ്ഞ 15 വര്‍ഷക്കാലം തുടര്‍ച്ചയായി വനിതകളാണു നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്നത്. ഇപ്പോള്‍ ചെയര്‍പേഴ്സനും വൈസ് ചെയര്‍പേഴ്സനും വനിതകള്‍തന്നെ. വനിതകള്‍ ഭരണരംഗത്തിരിക്കുമ്പോള് തന്നെ ആസൂത്രണം ചെയ്ത സ്ത്രീ സൗഹൃദ പദ്ധതികളാണു തകിടം മറിഞ്ഞിരിക്കുന്നത് എന്നുള്ളത് വാസ്തവം.

ഉദ്ഘാടന ചടങ്ങിലൊതുങ്ങിയ വനിതാ വ്യവസായകേന്ദ്രം
വനിതകള്‍ക്കു സ്വയം തൊഴില്‍ നല്‍കുന്നതിനുള്ള വനിതാ വ്യവസായകേന്ദ്രം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ഇരിങ്ങാലക്കുട ആസാദ് റോഡില്‍ ജവഹര്‍ കോളനിയില്‍ പണികഴിച്ച വനിതാ വ്യവസായ കേന്ദ്രത്തിനാണു ഈ ദുര്‍ഗതി. 2014 ഫെബ്രുവരി 14 ന് മന്ത്രി കെ. ബാബുവാണ് വനിതാ വ്യവസായകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലക്ഷങ്ങള്‍ ചെലവാക്കി പണിതിട്ടുള്ള ഈ കെട്ടിടങ്ങളുടെ മര ഉരുപ്പിടികളും ഷട്ടറും മറ്റും നശിച്ച് ഇല്ലാതാകുകയാണ്. 35 ലക്ഷം രൂപ ചെലവഴിച്ച് വനിതകള്‍ക്കുവേണ്ടി നിര്‍മിച്ച ഈ വ്യവസായ പരിശീലന കേന്ദ്രത്തില്‍ ഇതുവരെ ഒരൊറ്റ വനിതയ്ക്കും പരിശീലനം ലഭ്യമാക്കാന്‍ നഗരസഭയ്ക്കു കഴിഞ്ഞിട്ടില്ല. ഉദ്ഘാടന വേളയില്‍ 30 തയ്യല്‍ മെഷീനുകള്‍ കൊണ്ടുവന്നിട്ടതായി നാട്ടുകാര്‍ പറഞ്ഞു. അവയും തുരുമ്പെടുത്ത് നശിച്ചു. ഇപ്പോള്‍ ഈ കെട്ടിടം കാടുകയറിയ നിലയിലാണ്.
വനിതകളുടെ ക്ഷേമം മിനി ബസ് സ്റ്റാന്‍ഡിലെ കെട്ടിടത്തിലൊതുങ്ങി
ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത വനിതാ ക്ഷേമമന്ദിരം ശാപമോക്ഷം കാത്ത് കാടുകയറിയ നിലയിലാണ്. ഇരിങ്ങാലക്കുട നഗരസഭ മിനി ബസ് സ്റ്റാന്‍ഡിനു സമീപത്താണ് 10 വര്‍ഷക്കാലമായി വനിതാ ക്ഷേമമന്ദിരം ആരും തിരിഞ്ഞു നോക്കാത്ത നിലയിലുളളത്. ഏകദേശം 500 ഓളം സ്ക്വയര്‍ഫീറ്റുളള കെട്ടിടമാണു നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. കെട്ടിടത്തില്‍ ഉപയോഗിച്ചിട്ടുള്ള മര ഉരുപ്പിടികളെല്ലാം നശിച്ച നിലയിലാണ്. ഇത്രയും വര്‍ഷമായിട്ടും വനിതാ ക്ഷേമത്തിനായി പണിത ഈ കെട്ടിടത്തില്‍ യാതൊരു പ്രവര്‍ത്തികളും നടന്നിട്ടില്ല
ബസ് സ്റ്റാന്‍ഡിലെ ഷീ ടോയ്ലറ്റ്പാഴായതു ലക്ഷങ്ങള്‍
ബസ് സ്റ്റാന്‍ഡിനുള്ളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന ഇടോയ്ലറ്റ് ഇപ്പോള്‍ പ്രവര്‍ത്തന രഹിതം. നഗരസഭ പരിപാലന ഫണ്ട് നല്കാത്തതിനാല് കാഴച വസ്തുവായി മാറിയ അവസ്ഥയാണു ഇതിനുള്ളത്. 2015 ല്‍ സ്ഥാപിച്ച ഇടോയ്ലറ്റിന് 82108 രൂപയാണ് ചെലവായിരിക്കുന്നത്. പ്രധാനമായും സ്ത്രീകള്‍ക്കുവേണ്ടിയാണ് ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിരിക്കുന്നതെങ്കിലും ബസ് സ്റ്റാന്‍ഡില്‍ പുരുഷന്മാര് തിങ്ങികൂടി നില്ക്കുന്ന സ്ഥലത്താണ് ഇതിന്റെ സ്ഥാനം. അതിനാല്‍ പല സ്ത്രീകളും ഇതില്‍ കയറുവാന്‍ മടിക്കുകയായിരുന്നു.

ഉദ്ഘാടനത്തില്‍ മാത്രമൊതുങ്ങിയ ഷീ ലോഡ്ജ് അടഞ്ഞു തന്നെ
സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി അവര്‍ക്ക് മാത്രമായി താമസസൗകര്യം ഒരുക്കുന്നതിനായി നഗരസഭ ഒരുക്കിയ ഷീ ലോഡ്ജ് ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷം കഴിഞ്ഞീട്ടും ഇതുവരെ പ്രവര്‍ത്തന സജ്ജമാകാനായില്ല. അടച്ചിട്ട കെട്ടിടത്തിന് മുന്പില് പുല്ലുവളര്‍ന്നു തുടങ്ങി. മുനിസിപ്പല്‍ മൈതാനത്തിനു പടിഞ്ഞാറ് 2.20 കോടി ചെലവഴിച്ചാണ് നഗരസഭ സ്ത്രീകള്‍ക്കുമാത്രം താമസിക്കുന്നതിനായി ഷീ ലോഡ്ജ് ഒരുക്കിയിരിക്കുന്നത്. 202 ഫെബ്രുവരി 20 ന് മന്ത്രി ഡോ. ആര്. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്.