മന്ത്രി ഡോ. ആര്. ബിന്ദു നേരിട്ടെത്തി; വൃദ്ധമാതാവിന്റെയും മാനസിക അസ്വാസ്ഥ്യമുള്ള മകന്റെയും സംരക്ഷണമുറപ്പാക്കി

പുല്ലൂര്‍ താഴത്തുപറമ്പില്‍ വീട്ടില്‍ അമ്മിണിയുടെ സംരക്ഷണം ഉറപ്പാക്കി മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തിലേക്ക് കൊണ്ടുവരുന്നു.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ അടിയന്തിര ഇടപെടലില്‍ അവശത അനുഭവിച്ചിരുന്ന വൃദ്ധമാതാവിന്റെയും മാനസിക അസ്വാസ്ഥ്യമുള്ള മകന്റെയും സംരക്ഷണവും ചികിത്സയും ഉറപ്പാക്കി. പുല്ലൂര്‍ താഴത്തുപറമ്പില്‍ വീട്ടിലെ അമ്മിണിയും (85) മാനസിക അസ്വാസ്ഥ്യമുള്ള മകനും ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. അമ്മിണിയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടു. ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരു മകന് അപകടത്തില്‍പ്പെട്ടും മകള്‍ അസുഖം മൂലവും മരണപ്പെട്ടു. ഇളയമകന് ചെറുപ്പം മുതലേ മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
43 വയസുള്ള ഈ മകനെ സംരക്ഷിക്കാനും പരിചരിക്കാനും അമ്മിണി എന്ന വൃദ്ധമാതാവിന് പ്രായാധിക്യത്താല്‍ സാധിക്കാതെ വന്നപ്പോള്‍ മകന്റെ ചികിത്സയും മുടങ്ങി. അമ്മിണിയുടെ ഇടതുകാലിന്റെ കാല്പത്തി പ്രമേഹം മൂലം മുറിച്ചു നീക്കിയിട്ടുണ്ട്. അതിനാല്‍ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. 84 വയസുള്ള താഴത്തുപറമ്പില്‍ അമ്മിണി എന്ന വയോധികയുടെയും മകന്റെയും ദുരവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
വിഷയം അടിയന്തിരമായി അന്വേഷിച്ച് വൃദ്ധമാതാവിന്റെയും മാനസിക അസ്വാസ്ഥ്യമുള്ള മകന്റെയും സംരക്ഷണമുറപ്പാക്കാന്‍ തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന് മന്ത്രി നിര്‍ദേശം നല്‍കുകയും മന്ത്രി നേരിട്ട് ഇവരുടെ വസതിയില്‍ എത്തി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയുമായിരുന്നു. മന്ത്രി ആര്. ബിന്ദു നേരിട്ടെത്തി അമ്മിണിയെ ഇരിങ്ങാലക്കുട ശാന്തിസദനം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയെ മകന് ഉപദ്രവിക്കുന്ന സാഹചര്യം കൂടി ആയപ്പോഴാണ് ഇവരെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് വേണ്ടി മന്ത്രി ബിന്ദുവിന് അപേക്ഷ നല്‍കിയത്.
മകനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനന്റെ മുന്നില്‍ ഹാജരാക്കുകയും പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനു ഉത്തരവ് പുറപ്പെടുവിച്ച് ചികിത്സ ഉറപ്പാക്കി. മന്ത്രിയോടൊപ്പം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, സതീശന് പുല്ലൂര്‍, കെ.ജി. മോഹനന് മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. പ്രശാന്ത്, നിഖിത അനൂപ്, സാമൂഹ്യനീതി വകുപ്പ് ഓ്ഫനേജ് കൗണ്‍സിലര്‍ ദിവ്യാ അബീഷ്, കെ.സി. പരമു, ശാന്തിസദനം സ്ഥാപനത്തിലെ സിസ്റ്റര്‍ ക്രിസ്റ്റി എന്നിവരും പുനരധിവാസ വേളയില്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
