കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വൈദികവൃത്തി അടക്കമുള്ള മാമൂല് പ്രവൃത്തികള്‍ ശാസ്ത്രീയമായി പരിഷ്കരിക്കണം- ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി

ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമിയുടെ നേതൃത്വത്തില്‍ കൂടല്മാണിക്യക്ഷേത്രത്തിലേക്ക് ജാതി നാശിനി യാത്ര നടത്തുന്നു.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വൈദികവൃത്തി അടക്കമുള്ള മാമൂല് പ്രവൃത്തികള്‍ ശാസ്ത്രീയമായി പരിഷ്കരിക്കണമെന്നും ഹിന്ദുമത വിശ്വാസികളായ എല്ലാവര്ക്കും ജനസംഖ്യാനുപാതികമായി അവസരങ്ങള്‍ നല്‍കണമെന്നും സാമൂഹിക നീതി നടപ്പിലാക്കണമെന്നും ക്ഷേത്രത്തിലെ ജാതിപരമായ വേര്‍തിരിവുകള്‍ അവസാനിപ്പിക്കണമെന്നും ശിവഗിരി മഠാധിപതി സച്ചിദാനന്ദസ്വാമി ആവശ്യപ്പെട്ടു.
ജാതി വിവേചനം പ്രകടിപ്പിച്ച തന്ത്രിമാര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുക, അപമാനിച്ച് തരം താഴ്ത്തപ്പെട്ട ബാലുവിനെ കഴകം ജോലിയില്‍ വീണ്ടും പ്രവേശിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗുരുധര്‍മ്മ പ്രചരണ സഭ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലേക്ക് നടത്തിയ ജാതി നാശിനി യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിമാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാലുവിനെ തരം താഴ്ത്തിയ നടപടി ആധുനിക കേരളത്തിന് യോജിച്ചതല്ല. ബഹുഭൂരിപക്ഷം വരുന്ന അധസ്ഥിത ജനവിഭാഗങ്ങളെ അപമാനിക്കുകയാണ് ഈ പ്രവൃത്തിയിലൂടെ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തില്‍ ലഭിക്കുന്ന കാണിക്കയും മറ്റ് സമ്പത്തുമെല്ലാം ഭൂരിപക്ഷം വരുന്ന അധസ്ഥിത പിന്നോക്ക വിഭാഗജനവിഭാഗങ്ങള് നടത്തുന്ന ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും ലഭിക്കുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
അയിത്താചരണം കുറ്റകരണമാണെന്ന് സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. കൂടല്‍മാണിക്യം, തൃപ്രയാര്‍, ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആചാരങ്ങള്‍ കാലാനുസ്യതമായി പരിഷ്ക്കരിക്കേണ്ടതാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുധര്‍മ്മ പ്രചരണസഭ സംസ്ഥാന സെക്രട്ടറി അസംഗാനന്ദസ്വാമി, ജില്ലാ സെക്രട്ടറി കെ.യു. വേണുഗോപാല്‍, കേന്ദ്ര കമ്മിറ്റി അംഗം മോഹന്‍ലാല്‍, ജില്ലാ കമ്മിറ്റി അംഗം സുഗതന് കല്ലിങ്ങപ്പുറം, കോ ഓര്‍ഡിനേറ്റര്‍ സത്യന് തന്തത്തല, യുവജനസഭ ചെയര്മാന് രാജേഷ് സഹദേവന് തുടങ്ങിയവര്‍ സംസാരിച്ചു. നേരത്തെ ആല്‍ത്തറ പരിസരത്ത് നിന്നും പ്രാര്‍ഥനാ യാത്രയിട്ടാണ് ക്ഷേത്രം കിഴക്കേ നടയിലേക്ക് ജാതി നാശിനി യാത്ര എത്തിയത്.