രുചിച്ചു നോക്കി, കൗതുകമായി. പിന്നെ വീട്ടുമുറ്റത്ത് പാല്‍ക്കട്ടി ഫാക്ടറി തുടങ്ങി യുവ സംരംഭക; അനു ജോസഫ്

ഇരിങ്ങാലക്കുട: ഐസ്ക്രീമും ബട്ടറും പനീറും പേടയുമൊക്കെ വിഹരിക്കുന്ന കേരളത്തിലെ ക്ഷീരോത്പന്ന വിപണിയില്‍ ചീസ് ഉത്പന്നങ്ങളുമായി ശ്രദ്ധ നേടുകയാണ് അനു ജോസഫ്. പാലിലെ ഖരപദാര്‍ഥങ്ങള്‍ സവിശേഷ സംസ്കരണ പ്രക്രിയയിലൂടെ രൂപപ്പെടുത്തുന്ന പാല്‍ക്കട്ടിയാണ് ചീസ്. ചീസുണ്ടാക്കുന്നതൊരു കലയാണ്. ആ കലയില്‍ മികവു തെളിയിച്ചിരിക്കുകയാണ് കാട്ടൂര്‍ പാലത്തിങ്കല്‍ അനു ജോസഫ്. വിവാഹശേഷം ഭര്‍ത്താവ് ജോസഫുമൊത്ത് അമേരിക്കയിലായിരുന്നപ്പോഴാണ് അനു ചീസ് നിര്‍മാണം പരിചയപ്പട്ടത്. അവിടെ ഒട്ടേറെ ചീസ്, വൈന്‍ ടേസ്റ്റിംഗ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ഇവയുടെ രുചി ഏറെ ഇഷ്ടപ്പെട്ടു. കൗതുകമേറിയതോടെ ഒട്ടേറെ ചീസ് ഉത്പാദകരെ പരിചയപ്പെടുകയും നിര്‍മാണരീതികള്‍ പഠിക്കുകയും ചെയ്തു. പിന്നീട് അമേരിക്കയില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണു ചീസുണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. വീട്ടുകാര്‍ ഒരുമിച്ചു കൂടുമ്പോള്‍ ഉണ്ടാക്കി നല്കിയ ചീസ് വിഭവങ്ങള്‍ കഴിച്ച പലരും അതു വീണ്ടും വീണ്ടും ചോദിച്ചു. ബന്ധുക്കളും മിത്രങ്ങളുമൊക്കെ മികച്ച അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. ബുക്കുകള്‍ വരുത്തി കൂടുതല്‍ പഠിച്ചു.

അങ്ങിനെ നാട്ടില്‍ കസാരോ ക്രമറി എന്ന ഫാക്ടറി തുടങ്ങി ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ അനു സംരംഭകയുടെ കുപ്പായമണിഞ്ഞു. ഭര്‍ത്താവ് ജോസഫും ബന്ധുവായ ഫ്രെഡിയും സഹായത്തിനായി ഒപ്പം കൂടി. വെറ്ററിനറി സര്‍വകലാശാലാ ഫാമില്‍നിന്ന് ആട്ടിന്‍പാലും നാട്ടില്‍ നിന്നും ലഭിക്കുന്ന നാടന്‍ പശുവിന്‍പാലും എരുമ പാലും ഉപയോഗിച്ചാണ് ചീസ് ഉണ്ടാക്കുന്നത്. രാവിലെ പാല് എത്തുന്നതോടെ കസാറോ ക്രീമറി സജീവമാകും. 6-7 മണിക്കൂര്‍ നീളുന്ന പ്രക്രിയയാണ് ചീസ് നിര്‍മാണം. യന്ത്രസഹായമില്ലാതെ മനുഷ്യകരങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ആര്‍ട്ടിസാന്‍ ചീസാണ് ഇവിടെ തയാറാക്കുന്നത്. കേക്കും പീസയും പാസ്തയുമെല്ലാം ഉണ്ടാക്കാവുന്ന ചീസുകളാണ് ആദ്യമുണ്ടാക്കിയത്. പിന്നീടു ചീസ് സ്നാക്സുകളും. 15 ചീസ് വിഭവമാണ് ഇന്നു ഈ ഫാക്ടറിയിലുണ്ടാക്കുന്നത്. ഫ്രഷ്, ഹാര്‍ഡ്, സോഫ്റ്റ് എന്നിങ്ങനെ നേരിട്ടു കഴിക്കാനും സാലഡ് ഉണ്ടാക്കാനും ഗ്രില്ല് ചെയ്യാനുമൊക്കെ പറ്റിയ ചീസുകളും ഉണ്ടാക്കുന്നുണ്ട്.
10 ലീറ്റര്‍ പാലില്‍നിന്നു ഒരു കിലോ ചീസേ പരമാവധി കിട്ടൂ. പഴക്കമാണ് ചീസിന്റെ മേന്മയുടെ പ്രധാന അളവുകല്‍. അതുകൊണ്ടുതന്നെ ഖരാവസ്ഥയിലാക്കുന്ന ഹാര്‍ഡ് ചീസുകളെല്ലാം പ്രത്യേക താപനിലയില്‍ കുറഞ്ഞത് മൂന്ന് മാസം മുതല്‍ ഒന്നരവര്‍ഷം വരെ സൂക്ഷിക്കും. ഇതിനായി ഇവിടെ പ്രത്യേക ചീസ് കേവ് തന്നെയുണ്ട്. പ്രതിദിനം 1500 ലിറ്റര്‍ പാലില്‍ നിന്നും ചീസ് ഉത്പാദിപ്പിക്കുവാന്‍ ശേഷിയുള്ളതാണ് ഈ സ്ഥാപനം. വനിതാസംരംഭകര്‍ക്കുള്ള കെഎസ്ഐഡിസിയുടെ വായ്പാപദ്ധതി പ്രയോജനപ്പെടുത്തിയാണ് ചീസ് നിര്‍മാണം വിപുലപ്പെടുത്തിയത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ ഇപ്പോള്‍ ഉണ്ടെങ്കിലും വൈകാതെ ഇന്ത്യ മുഴുവന്‍ ചീസ് എത്തിക്കുന്ന സംരംഭമായി വളരാനുള്ള തയാറെടുപ്പിലാണിവര്‍. പോഷകപ്രദമായ ഭക്ഷ്യവസ്തുവെന്ന നിലയിലും മാറുന്ന ഭക്ഷണശീലങ്ങള്‍ക്കു ചേരുന്ന ഉത്പന്നമെന്ന നിലയിലും കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് അധിക വരുമാനമേകാന്‍ ചീസിനു കഴിയുമെന്നാണ് അനുവിന്റെ പക്ഷം. അതിവേഗം കേടാകുന്ന പാലിനെ സുദീര്‍ഘമായ സൂക്ഷിപ്പുകാലമുള്ള ഉത്പന്നമായി മാറ്റാന്‍ ചീസ് നിര്‍മാണത്തിലൂടെ സാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മക്കള്‍: മെറിന്, ക്ലെയര്‍.ഫോണ്‍: 9496058558
